ലുലു മാളില്‍ പോയവർക്ക് കോളടിച്ചു: 2.3 കോടിയുടെ സമ്മാനങ്ങള്‍, നിരവധി ലക്ഷാധിപതികള്‍, നറുക്കെടുപ്പ്
പ്രമോഷന്റെ ഭാഗമായി അടുത്തകാലത്തായി വലിയ ഓഫറുകളാണ് ലുലു ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നത്. ലോകമെമ്പാടുമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ്. കഴിഞ്ഞ മാസത്തിലെ ആദ്യദിനങ്ങളില്‍ നല്‍കിയ ഓഫറുകളെ തുടർന്ന് തിരുവനന്തപുരം അടക്കമുള്ള ലുലു മാളുകളില്‍ അനുഭവപ്പെട്ട തിരക്ക് നാം കണ്ടതാണ്.
ഓഫറുകള്‍ക്കൊപ്പം തന്നെ വലിയ സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതികളും ലുലു നടപ്പിലാക്കി വരുന്നുണ്ട്. അത്തരത്തില്‍ ദോഹയിലെ ലുലു നടപ്പിലാക്കിയ 'വിൻ 1 മില്യൺ റിയാൽ ക്യാഷ്/ഗിഫ്റ്റ് വൗച്ചർ+ 1 മില്യൺ ലോയൽറ്റി പോയിൻ്റുകൾ' പ്രമോഷനായുള്ള മെഗാ ഇ-റാഫിൾ നറുക്കെടുപ്പിലെ വിജയികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഇൻസ്പെക്ടർ മുഹമ്മദ് അലി അൽകാബിയുടെ മേൽനോട്ടത്തിലാണ് ദോഹയിലെ ഡി-റിംഗ് റോഡ് ശാഖയിലെ നറുക്കെടുപ്പ് നടന്നത്. ക്യാഷ്, ഗിഫ്റ്റ് വൗച്ചറുകൾ, ലോയൽറ്റി പോയിൻ്റുകൾ എന്നിവ ഉൾപ്പെടെ ആകെ 294 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഇവരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്.
പ്രമോഷൻ ഉപഭോക്താക്കൾക്ക് ഒരു മില്യണ്‍ ഖത്തർ റിയാല്‍ പണമായോ (2.30 കോടിയിലേറെ ഇന്ത്യന്‍ രൂപ) അല്ലെങ്കിൽ ലുലു വൗച്ചറുകളോ ഒരു മില്യണ്‍ ഹാപ്പിനസ് ലോയൽറ്റി പോയിൻ്റുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് നല്‍കിയത്. ഇത് ഡി-റിംഗ് റോഡ് ശാഖയിലെത്തി പർച്ചേഴ്സ് നടത്തിയവരില്‍ നിന്ന് മാത്രം തിരഞ്ഞെടുക്കപ്പെട്ടവരാണ്.
സമ്മാനങ്ങൾ കൈപ്പറ്റാൻ വിജയികളോട് ലുലു ഹൈപ്പർമാർക്കറ്റിലെ ലുലു കസ്റ്റമർ സർവീസ് കൗണ്ടറുമായോ അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെൻ്റുമായോ ബന്ധപ്പെടണമെന്ന് ലുലു മാനേജ്‌മെൻ്റ് നിർദ്ദേശിച്ചിട്ടുണ്ട്. വിജയികളുടെ പട്ടിക ലുലു ഹൈപ്പർമാർക്കറ്റിൻ്റെ വെബ്‌സൈറ്റിലും (https://www.luluhypermarket.com/en-qa/winners) ഖത്തറിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലെയും ഉപഭോക്തൃ സേവന കൗണ്ടറുകളിലും ലഭ്യമാണ്.
500 ഖത്തർ റിയാല്‍ മുതല്‍ 10000 ഖത്തർ റിയാല്‍ വരെയാണ് സമ്മാനങ്ങള്‍. 10000 ഖത്തർ റിയാലിന്റെ സമ്മാനക്കൂപ്പണ്‍ അടിക്കുന്ന വ്യക്തിക്ക് 2.30 ലക്ഷം വരെയുള്ള ഇന്ത്യന്‍ രൂപക്ക് സമാനമായ തുകയോ കൂപ്പണ്‍ വൌച്ചറോ ആണ് സമ്മാനമായി ലഭിക്കുക. ഇത് ആദ്യമായല്ല ലുലു ഗ്രൂപ്പ് ഇത്തരം നറുക്കെടുപ്പുകള്‍ നടത്തുന്നത്. നേരത്തെ സമാനമായ നറുക്കെടുപ്പിലൂടെ പണത്തിന് പുറമെ ബൈക്കുകളും ബെന്‍സ് കാറുകള്‍ വരേയും ലുലു ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കിയിരുന്നു.
അതേസമയം, ഇന്ത്യയിലും ലുലു ഗ്രൂപ്പ് പ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. ഗുജറാത്തില്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ ചന്ദ്‌ഖേഡയിലെ പ്രധാനപ്പെട്ട ഒരു സ്ഥലം മാള്‍ നിർമ്മാണത്തിനായി ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മാള്‍ ആകും ഇവിടെ വരികയെന്ന രീതിയിലാണ് റിപ്പോർട്ട്. 66168 ചതുരശ്ര മീറ്ററുള്ള പ്ലോട്ടിലാണ് മാള്‍ നിർമ്മാണം.
വിശാഖപട്ടണത്തെ മുടങ്ങിപ്പോയ പദ്ധതിയും ലുലു പുനഃരാരംഭിച്ചേക്കും. 2014 മുതൽ 2019 വരെയുള്ള ടി ഡി പി സർക്കാരിൻ്റെ കാലത്ത് ആർകെ ബീച്ചിന് സമീപമുള്ള വലിയൊരു സ്ഥലം ലുലുവിന് ഹൈപ്പർമാർക്കറ്റിനായി അനുവദിച്ചിരുന്നു. എന്നാല്‍ 2019-ൽ വൈ എസ് ആർ സി പി അധികാരത്തിൽ വന്നതിന് ശേഷം പദ്ധതി നിർത്തലാക്കി. എന്നാല്‍ ടി ഡി പി വീണ്ടും അധികാരത്തിലെത്തിയതോടെ പദ്ധതിക്ക് ജീവന്‍ വെക്കുകയാണ്.
കേരളത്തില്‍ കോഴിക്കോട്, കോട്ടയം ജില്ലകളിലെ ലുലു മാളുകളുടെ നിർമാണമാണ് അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇതില്‍ കോഴിക്കോട്ടെ ലുലു മാളാകും ആദ്യം തുറന്ന് പ്രവർത്തിക്കുക. ഈ മാസം അവസാനം അല്ലെങ്കിൽ അടുത്ത മാസം കോഴിക്കോട്ടെ ലുലു മാൾ പ്രവർത്തനമാരംഭിച്ചേക്കും. മലപ്പുറത്തും പുതിയ മാളിന്റെ നിർമ്മാണം നടക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പിൻ്റെ ലുലു മാളുകൾ പ്രവർത്തിക്കുന്നത്.












Click it and Unblock the Notifications