ഖത്തറിലെ ലുലു സ്റ്റോറില്‍ പോയാല്‍ ഇനി റിയാല്‍ വേണ്ട; ഇടപാട് രൂപയില്‍ തന്നെ; യുപിഐ സംവിധാനം വന്നു
ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യു പി ഐ) സേവനങ്ങൾ ഖത്തറില്‍ കൂടുതല്‍ സജീവമാകുന്നു. പുതുതായി രാജ്യത്തെ പുത്തന്‍ ലുലു ഗ്രൂപ്പ് സ്റ്റോറുകളിലുമാണ് യു പി ഐ സേവനം ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച ലുലു സ്റ്റോറിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ യു പി ഐ നടപ്പിലാകുന്നതിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി.
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഔട്ട്‌ലെറ്റുകളിൽ കഴിഞ്ഞ മാസം യു പി ഐ സേവനം നടപ്പിലാക്കിയിരുന്നു. യു പി ഐയുടെ വ്യാപനം ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമവും ചെലവ് കുറഞ്ഞതുമാക്കുമെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി. "യു പി ഐ എന്നത് ഒരു ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മാത്രമല്ല, ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരത്തെ വിപ്ലവകരമായി മാറ്റാൻ കഴിവുള്ള ഒരു സംരംഭമാണ്. ഇത് ഇരു രാജ്യങ്ങൾക്കിടയിലുള്ള വിശ്വാസം വർധിപ്പിക്കുകയും കുറഞ്ഞ ചെലവിൽ കൂടുതൽ സ്മാർട്ട് വ്യാപാരം സാധ്യമാക്കുകയും ചെയ്യും," ഗോയൽ അഭിപ്രായപ്പെട്ടു.

എൻ പി സി ഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡ് (എൻ പി സി ഐ എൽ), ഖത്തർ നാഷണൽ ബാങ്ക് (ക്യു എൻ ബി), ജാപ്പനീസ് പേയ്‌മെന്റ് ഗേറ്റ്‌വേയായ നെറ്റ്സ്റ്റാർസ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പാക്കിയത്. കഴിഞ്ഞ മാസം, ക്യു എൻ ബി സേവനം നൽകുന്ന വ്യാപാരികൾക്കായി ഖത്തറിലെ പോയിന്റ്-ഓഫ്-സെയിൽ ടെർമിനലുകളിൽ യു പി ഐ ആരംഭിച്ചിരുന്നു.
ഇന്ത്യന്‍ സമൂഹത്തിന് നേട്ടം
ഖത്തറിൽ താമസിക്കുന്ന 830000 ഇന്ത്യക്കാർക്ക് ഇനി യു പി ഐ സേവനം വഴി വേഗമേറിയതും ചെലവ് കുറഞ്ഞതുമായ പണമിടപാടുകൾ നടത്താൻ സാധിക്കും. വിദേശ കറൻസിയോ അന്താരാഷ്ട്ര കാർഡുകളോ ആശ്രയിക്കാതെ തത്സമയ ക്യാഷ്‌ലെസ് പേയ്‌മെന്റുകൾ സാധ്യമാകുന്നതിനാൽ, ഇന്ത്യൻ സഞ്ചാരികൾക്കും പ്രാദേശിക ഖത്തർ ബിസിനസുകൾക്കും ഇത് ഏറെ പ്രയോജനകരമാണ്.
യു പി ഐയുടെ ആഗോള സ്വീകാര്യത
ഖത്തർ യു പി ഐ സ്വീകരിക്കുന്ന എട്ടാമത്തെ രാജ്യമാണ്. ഇന്ത്യയിൽ ഒൻപത് വർഷം മുമ്പ് ആരംഭിച്ച യു പി ഐ, ഇന്ന് രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ 85% പ്രോസസ്സ് ചെയ്യുന്നു. ആഗോള ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഏകദേശം 50% യു പി ഐ വഴിയാണ് നടക്കുന്നത്, ശരാശരി 640 മില്യൺ ഇടപാടുകൾ പ്രതിദിനം രേഖപ്പെടുത്തുന്നുവെന്നതാണ് കണക്ക്.
ഖത്തറിലെ മറ്റ് ബാങ്കുകളും സ്ഥാപനങ്ങളും യു പി ഐ സ്വീകരിക്കണമെന്ന് ഗോയൽ പ്രോത്സാഹിപ്പിച്ചു. ക്യു എൻ ബിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം, യു പി ഐ വഴി ലുലു ഗ്രൂപ്പിന്റെ എല്ലാ ഉപഭോക്താക്കൾക്കും ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം ലഭ്യമാകുന്നതിന് ഈ സഹകരണം നിർണായകമാണെന്ന് അഭിപ്രായപ്പെട്ടു.
ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുൽ, ഖത്തർ നാഷ്ണൽ ബാങ്ക് ചീഫ് ബിസിനസ് ഓഫീസർ യൂസഫ് മഹമ്മൂദ്, ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ആൻ ചീഫ് സ്സ്റ്റൈനബിളിറ്റി ഓഫീസർ മുഹമ്മദ് അൽത്താഫ്, ഖത്തർ സ്റ്റോക് എക്സ്ചേഞ്ച് സിഇഒ അബ്ദുൾ അസീസ് നാസർ, ദി കൊമേഴ്സ്യൽ അവന്യൂ സിഇഒ അബ്ദുള്ള അബ്ദുൾ റസാഖ് തുടങ്ങിയവരും ഭാഗമായി. അതേസമയം നേരത്തെ തന്നെ വിവിധ ജി സി സി രാജ്യങ്ങളില്‍ യു പി ഐ സംവിധാനം നിലവില്‍ വന്നിരുന്നു. കൂടുതല്‍ രാജ്യങ്ങളില്‍ സേവനം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തി വരുന്നുണ്ട്.












Click it and Unblock the Notifications