ലുലു തുടക്കം കുറിച്ചു; യുഎഇയിലെ ഏത് മാളിലും ലഭ്യം, ഇന്ത്യക്കാർക്ക് മാത്രമല്ല, നമ്മുടെ സർക്കാറിനും നേട്ടം
ദുബായ്: യുപിഐ അധിഷ്ഠിത പണം ഇടപാട് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം നേരത്തെ മുതല്‍ തന്നെ കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎഇ ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ ഇതിനോടകം തന്നെ സേവനം ലഭ്യമാകുകയും ചെയ്തു. ഇപ്പോഴിതാ യുഎഇയില്‍ ഇന്ത്യക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന ഹൈപ്പർ മാർക്കറ്റുകളില്‍ ഒന്നായ ലുലുവില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയിരിക്കുകയാണ്.
ഇതോടെ ഗുഗിൾ പേ, പേയ്ടിഎം, ഫോൺ പേ ഉൾപ്പെടേയുള്ള ആപ്പുകള്‍ ഉപയോഗിച്ച് ലുലുവില്‍ ഇടപാട് നടത്താം. ഇന്ത്യയുടെ സ്വന്തം റുപേ കാർഡുകളും ഇവിടെ ഉപയോഗിക്കാന്‍ സാധിക്കും. അതായത് ഇതിന്റെ ഏറ്റവും വലിയ ഗുണം എന്താണ് വെച്ചാല്‍, യു എ ഇയില്‍ സന്ദർശനത്തിന് അടക്കം എത്തുന്ന ഇന്ത്യക്കാർക്കാർക്ക് വിദേശ കറന്‍സി അത്യാവശ്യത്തിന് മാത്രം കയ്യില്‍ വെച്ചാല്‍ മതിയാകും.

"യുഎഇയിൽ ലഭ്യമാക്കിയിട്ടുള്ള യു പി ഐ പേയ്‌മെൻ്റ് സൗകര്യം യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന 10 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്നും അവരുടെ സൗകര്യം മെച്ചപ്പെടുത്തുകയും പ്രാദേശിക വ്യാപാരവും സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെടുത്തുകയും ചെയ്യും," ലുലു ഗ്രൂപ്പിൻ്റെ മാർക്കറ്റിംഗ് ഡയറക്ടർ വി നന്ദകുമാർ പറഞ്ഞു.
നേരത്തെയൊക്കെ വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോഴും വരുമ്പോഴും കറന്‍സികള്‍ മാറ്റിയെടുക്കേണ്ടി അവസ്ഥയുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ കറൻസി മാറ്റിയെടുക്കുന്നതു കുറയ്ക്കാൻ ഒരു പരിധിവരെ ഇതിലൂടെ സാധിക്കും. യുഎഇയിലെ എല്ലാ സ്ഥാപനങ്ങളിലും നിലവില്‍ യുപി ഐ സേവനം ലഭ്യമല്ലെങ്കിലും ലുലു അടക്കമുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം ഇപ്പോള്‍ യു പി ഐ വഴി ഇന്ത്യന്‍ രൂപ സ്വീകരിക്കും.
യുഎഇ ദിർഹത്തിലേക്കും തിരിച്ചും മാറ്റുമ്പോൾ സർവീസ് ചാർജ് അടക്കമുണ്ടാകുന്ന ചെലവും ഇതുവഴി ലാഭിക്കാന്‍ സാധിക്കും. ഓരോ ദിവസത്തേയും എക്സ്ചേഞ്ച് നിരക്ക് അനുസരിച്ചായിരിക്കും ഇന്ത്യയിലെ അക്കൗണ്ടിൽ നിന്നു പണം ഈടാക്കുക. രണ്ട് രാജ്യങ്ങളിലേയും കേന്ദ്ര ബാങ്കുകളായിരിക്കും ഈ നിരക്ക് തീരുമാനിക്കുന്നത്.
ഇന്ത്യന്‍ സർക്കാറിനെ സംബന്ധിച്ചും ഈ നീക്കം ഏറെ ഗുണകരമാണ്. യു എ ഇയില്‍ എത്തുന്ന ഇന്ത്യക്കാർ റൂപേ കാർഡുകള്‍ വഴി പണമിടപാട് നടത്തുന്നതിലൂടെ ഇന്ത്യയുടേയും വരുമാനം വർധിക്കും. ഇടപാടുകളുടെ ഒരു നിശ്ചിത ശതമാനം ബാങ്കിനും കാർഡ് നല്‍കുന്ന കമ്പനിക്കുമായിരിക്കും.
മറ്റൊരു പ്രധാനപ്പെട്ട മാറ്റം എന്ന് പറയുന്നത് സന്ദർശക വിസയുമായി ബന്ധപ്പെട്ട ഒരു മാറ്റമാണ്. യു എ ഇ സന്ദർശക വീസയുടെ വ്യവസ്ഥയിൽ നിഷ്കർഷിക്കുന്ന പണവും ഇനി ദിർഹത്തിൽ കരുതേണ്ടതില്ല. ആ തുകയ്ക്ക് തുല്യമായ ഇന്ത്യന്‍ രൂപ ബാങ്ക് അക്കൗണ്ടിൽ ഉണ്ട് എന്നതിന്റെ രേഖ നൽകിയാലും മതി.
വരും ദിനങ്ങളില്‍ യുഎഇയിലെ സ്വർണ്ണ, ആഭരണ ചില്ലറ വ്യാപാരികളും കൂടുതലായി ഈ വഴിയിലേക്ക് വന്നിരിക്കും. ഇത്തരം രൂപ പേയ്‌മെൻ്റുകൾ വഴി യു എ ഇയിലെ ജ്വല്ലറി വ്യാപാരികൾക്ക് ലാഭം ലഭിക്കുമെന്നും യു പി ഐ ഉപയോഗിച്ച് ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കളുമായി ഇത് പങ്കിടാമെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൻ്റെ വൈസ് ചെയർമാൻ അബ്ദുൾ സലാം കെപി വ്യക്തമാക്കി.












Click it and Unblock the Notifications