യുഎഇയിലെ ഇന്ത്യക്കാരനായ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ യൂസഫ് അലി രണ്ടാമത്: ഒന്നാമത് ആരെന്ന് അറിയുമോ?
ദുബായ്: ആഗോളതലത്തിൽ ഏറ്റവും വലിയ സമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണത്തിൽ യുഎഇ രണ്ടാം സ്ഥാനത്ത്. 20 ഇന്ത്യൻ വംശജരായ സംരംഭക കോടീശ്വരന്മാരാണ് യു എ ഇയില്‍ താമസിക്കുന്നതെന്നാണ് ഏറ്റവും പുതിയ കണക്ക്. സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ (എൻ ആർ ഐ) ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം അമേരിക്കയാണെന്നും 360 വൺ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 വ്യക്തമാക്കുന്നു. ഇന്ത്യന്‍ വംശജരായ 40 കോടീശ്വരന്മാരായ സംരഭകരാണ് അമേരിക്കയില്‍ വസിക്കുന്നത്.
ലോകത്തിലെ ഏറ്റവും സമ്പന്നരായ 20 ഇന്ത്യക്കാരിൽ 18 പേരും ദുബായിലാണ് താമസിക്കുന്നതെന്നാണ് ഒക്ടോബർ 10 ന് പുറത്തുവിട്ട റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 'സമ്പന്നരുടെ പട്ടിക'യിൽ 96 പ്രവാസി ഇന്ത്യക്കാരെ പട്ടികപ്പെടുത്തിയിട്ടുണ്ട്, അതിൽ 84 ശതമാനവും സെല്‍ഫ് മെയിഡ് സംരഭകരാണ് എന്നതാണ് ശ്രദ്ധേയം. എൻ ആർ ഐ കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം യുഎസാണെന്നും യുഎഇയും യുകെയും തൊട്ടുപിന്നാലെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

138 നഗരങ്ങളിൽ നിന്നുള്ള 1319 വ്യക്തികൾ ഹുറൂൺ 2023 പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ ജ്യേഷ്ഠൻ വിനോദ് ശാന്തിലാൽ അദാനിയാണ് 2023 ലെ യു എ ഇയിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ എന്ന പദവി കരസ്ഥമാക്കിയിരിക്കുന്നത്. 12.9 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത് . അതേസമയം തന്നെ, അദ്ദേഹത്തിന്റെ ആഗോള റാങ്കിംഗ് ഈ വർഷം 6-ൽ നിന്ന് 12-ലേക്ക് താഴ്ന്നു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് ശേഷം അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരി വിപണിയിലെ മാന്ദ്യമാണ് ശാന്തിലാൽ അദാനിയുടെ റാങ്കിംഗിനെ ഭാഗികമായെങ്കിലും ബാധിച്ചത്.
6.65 ബില്യൺ ഡോളർ ആസ്തിയുമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും മലയാളികളുടെ അഭിമാനവുമായ യൂസഫ് അലി എംഎയാണ് രണ്ടാം സ്ഥാനത്ത്. 4 ബില്യൺ ഡോളറുമായി ബുർജീൽ ഹോൾഡിംഗ്‌സിന്റെ സിഇഒ ഷംഷീർ വയലിൽ മൂന്നാമതുണ്ട്.
2022-ൽ തന്റെ ഹെൽത്ത് കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിംഗ്സിനായി 2.83 ബില്യൺ ഡോളറിന്റെ ഐപിഒയുമായി യുഎഇ ഓഹരി വിപണിയിൽ തരംഗമായ വയലിൽ, ഈ വർഷം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ പ്രവേശിച്ച 283 പുതിയ സമ്പന്ന ഇന്ത്യക്കാരിൽ ഒരാളാണ്.
3.16 ബില്യൺ ഡോളറുമായി ജെംസ് ഗ്രൂപ്പിലെ സണ്ണി വർക്കിയാണ് യു എ ഇയിലെ ഇന്ത്യന്‍ വംശജരായ കോടീശ്വരന്മാരില്‍ നാലാം സ്ഥാനത്തുള്ളത്.
റെസിഡൻസി, ഇൻവെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റുകളായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, സമ്പന്നരുടെ എണ്ണം വർധിപ്പിച്ച് അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായി ദുബായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. 200 ല്‍ അധികം സെന്റി മില്യണയർമാരാണ് ഇപ്പോള്‍ ദുബായിലുള്ളത്. 100 മില്യണോ അതിൽ കൂടുതലോ മൂല്യമുള്ള ആസ്തിയുള്ളവരാണ് സെന്റി മില്യണയർമാർ.
അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയെ പിന്തള്ളി അടുത്തിടെ വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറി. അദാനി രണ്ടാമത് തുടരുമ്പോള്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എംഡിയും ചെയർമാനുമായ സൈറസ് പൂൻവാല മൂന്നാമത്തെ സമ്പന്നനായ ഇന്ത്യക്കാരനെന്ന സ്ഥാനം നിലനിർത്തി. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ സ്ഥാപകനും ചെയർമാനുമായ ശിവ് നാടാരാണ് നാലാമത്തെ സമ്പന്നന്‍.
"ടാറ്റ മുതൽ ബിർള വരെ, ലോകത്തിലെ ഏറ്റവും ആദരണീയമായ ബിസിനസ് കുടുംബങ്ങളെ ഇന്ത്യ വളർത്തിയെടുത്തു. 360 വൺ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏതാണ്ട് 60 ശതമാനവും അടുത്ത ദശകത്തിനുള്ളിൽ തലമുറകൾ തമ്മിലുള്ള സമ്പത്ത് കൈമാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്." ഹുറുൺ ഇന്ത്യയുടെ എംഡിയും ചീഫ് ഗവേഷകനുമായ അനസ് റഹ്മാൻ ജുനൈദ് വ്യക്തമാക്കി.












Click it and Unblock the Notifications