റാഫിൾ, എമിറേറ്റ്സ് നറുക്കെടുപ്പുകൾ നിർത്തിവെച്ചു; വിജയികൾക്ക് ഇനി പണം ലഭിക്കില്ലേ? അധികൃതർ പറയുന്നത് ഇങ്ങനെ
അബുദാബി: യുഎഇ പ്രവാസികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ മഹ്സൂസ്, എമിറേറ്റ്സ് നറുക്കെടുപ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചു. യു എ ഇ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (ജി സി ജി ആർ എ)നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നടപടി. താത്കാലികമായാണ് പ്രവർത്തനം നിർത്തിയതെന്നാണ് അധികൃതർ വ്യക്തമാക്കിയതെങ്കിലും ഇവ എപ്പോൾ പുനഃരാരംഭിക്കുമെന്നത് വ്യക്തമായിട്ടില്ല.
വാണിജ്യ ഗെയിമിംഗ് ചട്ടങ്ങള്‍ പാലിച്ച് റാഫിൾ നറുക്കെടുപ്പിൽ കൂടുതൽ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഇപ്പോഴത്തെ നടപടികൾ സഹായിക്കുമെന്ന് എമിറേറ്റ്സ് ഡ്രോ അധികൃതർ പ്രതികരിച്ചു. റെഗുലേറ്റര്‍മാരില്‍ നിന്ന് കൂടുതല്‍ അറിയിപ്പുകള്‍ ഉണ്ടാകുന്നതുവരെ നറുക്കെടുപ്പുകൾ ഉണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു. ഡിസംബര്‍ 30 നായിരുന്നു മഹ്‌സൂസിന്റെ അവസാന പ്രതിവാര നറുക്കെടുപ്പ് നടന്നത്.

അതേസമയം പ്രവർത്തനം നിർത്തിവെച്ചതോടെ ഇതുവരെയുള്ള നറുക്കെടുപ്പിൽ ലഭിച്ച തുകകൾ ലഭ്യമാകുമോയെന്ന ആശങ്കയിലാണ് വിജയികൾ. എന്നാൽ ഉപഭോക്താക്കൾക്ക് അക്കൗണ്ടിലെ കുടിശ്ശികയുള്ള ബാലന്‍സുകള്‍ പിന്‍വലിക്കാമെന്നും ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ സജീവമായി തന്നെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. വേഗത്തിൽ തന്നെ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ ചാനലിലൂടെ ഉപഭോക്താക്കളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
സപ്റ്റംബറിലായിരുന്നു യു എ ഇ ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (gcgra) സ്ഥാപിതമായത്. വാണിജ്യ ഗെയിമിങിന് ചട്ടങ്ങള്‍ പാലിച്ച് മികച്ച ഗെയിംമിങ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കൃത്യമായ മാർനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് ഫെഡറൽ ബോഡിയുടെ ലക്ഷ്യം. റെഗുലേറ്ററി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ലൈസൻസിംഗ് കൈകാര്യം ചെയ്യുക, വാണിജ്യ ഗെയിമിങ് സാമ്പത്തിക സാധ്യതകൾ ഉത്തരവാദിത്തത്തോടെ നടപ്പാക്കുകയെന്നതും എന്നിവയും അതോറിറ്റിയുടെ ചുമതലയാണ്.












Click it and Unblock the Notifications