വെർച്വൽ അസിസ്റ്റന്റ്, ഡിജിറ്റൽ ഡിസ്‍പ്ലേ- മാൾ ഓഫ് എമിറേറ്റ്സിലെ ഈ ബസ് സ്റ്റേഷൻ ‘സ്മാർട്ടാണ്’
ആർടിഎ കോൾ സെന്ററുമായി നേരിട്ട് ബന്ധപ്പെടാൻ വെർച്വൽ അസിസ്റ്റന്റ്, ബസ്-മെട്രോ സർവീസുകളുടെ സമയമറിയാൻ ഡിജിറ്റൽ ഡിസ്‍പ്ലേ, ടിക്കറ്റ് വാങ്ങാം, നോൽ കാർഡ് റീച്ചാർജ് ചെയ്യാം. അതിനൂതന ഡിജിറ്റൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ദുബൈയിലെ ഈ ബസ് സ്റ്റേഷൻ 'ഡബ്ൾ സ്മാർട്ട്’ ആണ്. മാൾ ഓഫ് എമിറേറ്റ്സിലാണ് 24 മണിക്കൂറും സേവനം നൽകുന്ന ദുബൈയിലെ ആദ്യ സ്മാർട്ട് ബസ് സ്റ്റേഷൻ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) തുറന്നിരിക്കുന്നത്.
പൊതുഗതാഗതം കൂടുതൽ വേഗത്തിലും സൗകര്യത്തിലുമാക്കാനുള്ള ദുബൈ ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമായാണ് സ്മാർട്ട് ബസ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള 11 ബസ് റൂട്ടുകളാണ് ഇവിടെ നിന്ന് സർവിസ് നടത്തുക. ആറ് മെട്രോ ഫീഡർ റൂട്ടുകൾ, മൂന്ന് ഇന്‍റേണൽ റൂട്ടുകൾ, രണ്ട് സീസണൽ റൂട്ടുകൾ എന്നിവ ഉൾപ്പെടെ 11 റൂട്ടുകളിലേക്കാണ് സ്റ്റേഷനിൽ നിന്ന് സർവിസ് ഉണ്ടാവുക. അൽ ബർഷ, ജുമൈറ വില്ലേജ് സർക്കിൾ, അറേബ്യൻ റാഞ്ചസ്, ദുബൈ സയൻസ് പാർക്ക്, ദുബൈ സ്റ്റുഡിയോ സിറ്റി, അൽ ബർഷ, ഉമ്മു സുഖൈം, അൽ സുഫൂഹ്, അൽ മനാറ, അൽ ഖൂസ്, അൽ ഗുബൈബ, ദി ഗ്രീൻസ്, മിറാക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ് തുടങ്ങിയ നിരവധി പ്രധാന താമസ, വാണിജ്യ, വിനോദ മേഖലകളുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ് ഈ ബസ് റൂട്ടുകൾ.

പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും ഡിജിറ്റലൈസ് ചെയ്താണ് ഈ ബസ് സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്. 147 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ബസ് സ്റ്റേഷനിൽ യാത്രക്കാരും ബസ് ഡ്രൈവർമാരും അടക്കം 20 പേർക്ക് വിശ്രമിക്കാൻ സ്ഥലമുണ്ട്. എല്ലാ യാത്രക്കാർക്കും സംവേദനാത്മക സംവിധാനങ്ങളിലൂടെ 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് ഇതിന്‍റെ രൂപകൽപന. വെർച്വൽ അസിസ്റ്റന്‍റിന്‍റെ സഹായം നൽകുന്ന സ്മാർട്ട് കിയോസ്ക് ആണ് പ്രധാന സവിശേഷത. ആർടിഎ കോൾ സെന്ററുമായി നേരിട്ട് ബന്ധപ്പെടാൻ സൗകര്യമൊരുക്കുന്നതിന് പുറമേ യാത്രകളുടെ ആസൂത്രണം, ഉപഭോക്തൃ പിന്തുണ, ലോസ്റ്റ് ആൻഡ് ഫൗണ്ട് സേവനങ്ങൾ തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭ്യമാണ്.
കൂടാതെ സ്റ്റേഷനകത്ത് സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേയിൽ ബസ്, മെട്രോ സർവിസ് സമയം, ടാക്സികളുടെ ലഭ്യത, സ്റ്റേഷന്‍റെ മാപ്പ്, സമീപത്തെ പ്രധാന സ്ഥലങ്ങൾ എന്നിവ യഥാസമയം പ്രദർശിപ്പിക്കും. ബസിലെ സീറ്റുകളുടെ ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ മറ്റൊരു സ്ക്രീനിൽ അപ്ഡേറ്റ് ചെയ്യും. കൂടുതൽ സൗകര്യപ്രദമായ രീതിയിൽ യാത്ര പ്ലാൻ ചെയ്യാനുള്ള അവസരമാണ് ഇത് യാത്രക്കാർക്ക് ഒരുക്കുന്നത്. ടിക്കറ്റ് വാങ്ങാനും നോൽ കാർഡ് റീചാർജ് ചെയ്യാനുമുള്ള മെഷീനുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം വിവിധ പാനീയങ്ങളും ലോയൽട്ടി റിവാർഡുകളും ലഭിക്കുന്ന സ്മാർട്ട് വെന്‍റിങ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്.
സൗരോർജ പാനലുകൾ വഴിയാണ് ഇവിടേക്കുള്ള ഊർജം ലഭ്യമാക്കുന്നത്. കൂടാതെ വായു നിലവാരം പരിശോധിക്കുന്നതിനുള്ള സ്മാർട്ട് സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. ജനക്കൂട്ട നിയന്ത്രണത്തിന് നൂതനമായ സംവിധാനവും നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ അധിഷ്ഠിത കാമറുകളും സജ്ജമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications