'മലയാള സിനിമ ദുബായിൽ നിന്നും വാരുന്നത് കോടികളാണ്,അവസാനം മഞ്ജു ചേച്ചിക്കെങ്കിലും തോന്നിയല്ലോ'
അപ്രതീക്ഷിതമായി പെയ്ത മഴയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യുഎഇ.75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പെയ്തത്. മഴ കലിതുള്ളിയതോടെ യുഎഇയിലെ പല നഗരങ്ങളും വെള്ളത്തിടിയിലായി. വലിയ നാശനഷ്ടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. റോഡ്, മെട്രോ ഗതാഗതമെല്ലാം തടസപ്പെട്ടു. ജനജീവിതം ദുരിതത്തിലായി. വീടിന് പുറത്ത് പോലും ഇറങ്ങാനാവാതെ കുടുങ്ങിയ അവസ്ഥയിലാണെന്ന് വിവരിച്ച് നിരവധി മലയാളികളും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഈ ദുരിതക്കയത്തിൽ മലയാളി പ്രവാസികൾക്കൊപ്പമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. പേമാരി കണ്ടു പരിചയിച്ച എന്റെ പ്രവാസി സുഹൃത്തുക്കൾ ആ നാടിനൊപ്പം തുണയായിട്ടുണ്ട് എന്നുള്ളത് അഭിമാനമാണെന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

'ഗൾഫ് നാടുകളിൽ നിന്നും വരുന്ന വാർത്തകൾ, കാഴ്ചകൾ. ഒട്ടും ശുഭകരമല്ലാത്ത പലതും ആ നാടിന്റെ എല്ലാ മേഖലകളെയും പരിക്കേൽപ്പിച്ചിരിക്കുന്നു, പേമാരി കണ്ടു പരിചയിച്ച എന്റെ പ്രവാസി സുഹൃത്തുക്കൾ... നിങ്ങളും ആ നാടിനൊപ്പം തുണയായിട്ടുണ്ട് എന്നുള്ളത് അഭിമാനമാണ്. പ്രിയപ്പെട്ടവർ വീടുകളിൽ തന്നെ ഇരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, സർക്കാർ നിർദ്ദേശങ്ങളെ അനുസരിക്കുക, എല്ലാവരും സുരക്ഷിതരായിരിക്കുക',എന്നായിരുന്നു മഞ്ജു വാര്യരുടെ കുറിപ്പ്.
അവസാനം സിനിമ മേഖലയിൽ നിന്നും ഒരാളെങ്കിലും തങ്ങൾക്കൊപ്പം നിന്നല്ലോയെന്നായിരുന്നു കുറിപ്പിന് താഴെ പലരും കമന്റ് ചെയ്തത്. ചില കമന്റുകൾ ഇങ്ങനെ-'മലയാള സിനിമ ഇവിടെ ദുബായിൽ നിന്നും ഓരോ ആഴ്ചയിൽ കോടി കണക്കിന് രൂപ ഷെയർ കൊണ്ടുപോകുന്നു... മിക്ക സ്റ്റാറുകൾക്കും ബിസിനസുകൾ എല്ലാം ഇവിടെ ഉണ്ട്..പ്രവാസികളായ ഞങ്ങളെ ഓർക്കാൻ മനസ് കാണിച്ച നിങ്ങൾക്കു ഹൃദയത്തിൽ നിന്നും ഒരു കയ്യടി'
'നിലവിൽ നമ്മൾ ദുബായിൽ സേഫ് ആണ് ചേച്ചി... ഇന്നലെയും ഇന്നും മഴ പെയ്തില്ല...പക്ഷെ മിനിഞ്ഞാന്ന് പെയ്ത മഴയിൽ റോഡ് ഫുൾ വെള്ളളം ആണ്. മെട്രോ-ബസ് ഗതാഗത മാർഗം പൂർണമായും തകരാർ ആയിരുന്നു. ഇപ്പോൾ 50% ഭാഗികമായി ശരി ആയി..കടകൾ കുറേ വെള്ളം കയറി അടഞ്ഞു കിടക്കുന്നു.എല്ലാം ശരിയാക്കി തുടങ്ങി.. റോഡുകളിൽ ഒരുപാട് വാഹനങ്ങൾ കേട് പറ്റി കിടക്കുന്നുണ്ട്.പിന്നെ രാപകൽ ഇല്ലാതെ ഇവിടത്തെ പോലീസും ഗവണ്മെന്റ് ഉം ഞങ്ങൾക്കായി പ്രവർത്തിക്കുന്നു', 'നമ്മൾ ഇതെല്ലാം അതിജീവിക്കും'.
അതേസമയം കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടിയും പ്രതികരിച്ചിരുന്നു. 'ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു.പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ',എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.












Click it and Unblock the Notifications