യുഎഇ ദിർഹം വേണ്ട, കൂടെ ഡോളറും: ക്രൂഡ് ഓയിലിന് യുവാനില്‍ പണം അടയ്ക്കാന്‍ ഇന്ത്യയോട് റഷ്യ
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികളോട് ചൈനീസ് കറന്‍സിയായ യുവാൻനില്‍ പണം അടക്കാന്‍ ആവശ്യപ്പെട്ട് റഷ്യന്‍ വ്യാപാരികള്‍. ദീർഘകാലമായി അമേരിക്കൻ ഡോളറിലായിരുന്ന വ്യാപാരത്തില്‍ സമീപകാലത്ത് യു എ ഇയുടെ ദിർഹത്തിനും വലിയ പ്രധാന്യം ലഭിച്ചിരുന്നു. എന്നാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ യുവാനിലേക്ക് മാറാന്‍ റഷ്യന്‍ ഇടപാടുകാർ വലിയ താല്‍പര്യം എടുക്കുന്നുവെന്നും അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യു.
ഇന്ത്യയുടെ ഏറ്റവും വലിയ റിഫൈനറും സർക്കാർ സ്ഥാപനവുമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) അടുത്തിടെ രണ്ട് മുതൽ മൂന്ന് റഷ്യൻ ഓയിൽ ഇടപാടുകള്‍ക്ക് വേണ്ടി യുവാനിലാണ് പണം അടച്ചത്. 2022-ൽ ഉക്രെയ്ൻ ആക്രമണത്തെ തുടർന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് ശേഷം, ക്രൂഡ് ഓയില്‍ വാങ്ങുന്നവർ അമേരിക്കൻ ഡോളറിന് പകരം യുവാൻ, യുഎഇ ദിർഹം തുടങ്ങിയ മറ്റു കറൻസികളിലൂടെ ഇടപാടുകൾ നടത്താൻ തുടങ്ങിയിരുന്നു.

2023-ൽ ചില ഇന്ത്യൻ പൊതുമേഖല റിഫൈനറുകൾ റഷ്യൻ ഓയിലിന് വേണ്ടി യുവാൻ പെയ്‌മെന്റ് ശ്രമിച്ചെങ്കിലും, ഇന്ത്യ-ചൈന ബന്ധങ്ങളിലെ പിരിമുറുക്കത്തിനിടെ സർക്കാർ ആശങ്ക പ്രകടിപ്പിച്ചതോടെ അത് നിർത്തിവച്ചു. എന്നാൽ, സ്വകാര്യ റിഫൈനറുകൾ ചൈനീസ് കറൻസി ഉപയോഗിച്ച് ഇടപാടുകൾ തുടർന്നു. ഇതുവരെ ദിർഹത്തിലോ ഡോളറിലോ ആയിരുന്ന പെയ്‌മെന്റുകൾ യുവാനിലായാല്‍ അവർക്ക് നേരിട്ട് റൂബിളിലേക്ക് കണ്‍വർട്ട് ചെയ്യാന്‍ സാധിക്കും.
യൂറോപ്യൻ യൂണിയന്റെ വില പരിധി പാലിക്കാൻ, റഷ്യൻ ഓയിലിന്റെ വിലനിർണയം ഇപ്പോഴും ഡോളറിലാണ് നടക്കുന്നത്. എന്നാൽ പെയ്‌മെന്റ് യുവാനിലേക്ക് മാറ്റാനാണ് അവർക്ക് താല്‍പര്യം. ഉപരോധങ്ങൾക്ക് ശേഷം പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യയില്‍ നിന്നും ക്രൂഡ് വാങ്ങുന്നത് നിർത്തി വച്ചതോടെ, ഇന്ത്യ റഷ്യൻ ഓയിലിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി മാറി. ഡിസ്കൗണ്ട് റേറ്റിൽ ലഭിക്കുന്ന ഈ ഓയിലിന്റെ ലഭ്യത വർധിപ്പിക്കാൻ യുവാൻ പെയ്‌മെന്റ് സഹായിക്കുമെന്നും മേഖലയിലെ വിദഗ്ധർ പറയുന്നു.
ചില ട്രേഡർമാർ മറ്റു കറൻസികൾ സ്വീകരിക്കാൻ തയ്യാറല്ലാത്തതിനാൽ, ഇന്ത്യൻ പൊതുമേഖല റിഫൈനറുകൾക്ക് റഷ്യൻ ക്രൂഡ് കൂടുതൽ എളുപ്പത്തിൽ ലഭിക്കും. യുവാൻ പെയ്‌മെന്റ് പൊതുമേഖല റിഫൈനറുകൾക്ക് റഷ്യൻ ക്രൂഡിന്റെ ലഭ്യത വിപുലമാക്കുമെന്ന് ഇന്ത്യ ടുഡേയും റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ ചൈന ബന്ധം
ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുന്നതാണ് ഇവിടെ നിർണ്ണായകമായിരിക്കുന്നത്. ഇരു രാജ്യങ്ങളും അഞ്ച് വർഷത്തിലധികമായി നിർത്തിവച്ച നേരിട്ടുള്ള ഫ്ലൈറ്റുകൾ പുനരാരംഭിച്ചു. കഴിഞ്ഞ മാസം, ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ച് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) യോഗത്തിൽ പങ്കെടുത്തു. ഈ സന്ദർശനം അതിർത്തി വിഷയങ്ങളിലും സാമ്പത്തിക സഹകരണത്തിലും വലിയ പുരോഗതി കൈവരിക്കുന്നതില്‍ നിർണ്ണായകമായി. ഈ പശ്ചാത്തലത്തിലാണ് യുവാൻ പെയ്‌മെന്റ് പുനരാരംഭിക്കുന്നത്.
തിരിച്ചടി
റഷ്യൻ ക്രൂഡ് വ്യാപാരികൾ യുവാനിൽ പേയ്‌മെന്റ് ആവശ്യപ്പെടുന്നത് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെങ്കിലും യു എ ഇക്കും യു എസിനും തിരിച്ചടിയാണ്. ട്രേഡ് സെറ്റിൽമെന്റിൽ യുഎഇ ദിർഹത്തിന്റെ പ്രധാന്യം കുറയും എന്നതാണ് പ്രധാന വെല്ലുവിളി.












Click it and Unblock the Notifications