പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്; പദ്ധതി ജിസിസി രാജ്യങ്ങളിലേക്കുമെന്ന് മുഖ്യമന്ത്രി
പ്രവാസി മലയാളികള്‍ക്കായി 'നോര്‍ക്ക കെയര്‍' സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിലാണ് 'നോര്‍ക്ക കെയര്‍' എന്ന പേരില്‍ പ്രവാസികള്‍ക്കായി സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നത്. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ മികച്ച ഗുണനിലവാരത്തില്‍ സമയബന്ധിതമായി നല്‍കുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി എന്നത്. ലോക കേരള സഭയിലും ഇതേ ആവശ്യം ഉയര്‍ന്നുവന്നിരുന്നു. ആ ആവശ്യമാണ് ഇപ്പോള്‍ നിറവേറ്റപ്പെടുന്നത്. വരുന്ന കേരളപ്പിറവി ദിനം മുതല്‍ ഈ സേവനം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. നോര്‍ക്കയുടെ ഐഡി കാര്‍ഡുള്ള ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികളും ഇതിന്റെ പരിധിയില്‍ വരും. ഈ പദ്ധതി പ്രകാരം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ആകര്‍ഷണം. പോളിസി എടുക്കുന്നതിന് മുന്‍പുള്ള രോഗങ്ങള്‍ക്കും കാത്തിരിപ്പ് കാലം ഒഴിവാക്കിക്കൊണ്ടുള്ള ചികിത്സയ്ക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും.
കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളില്‍ ഇതുവഴി ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും കുടുംബത്തിനും അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ ചികിത്സ ഉറപ്പാക്കാനാകും. നിലവില്‍ രാജ്യത്തിനുള്ളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാക്കുകയെങ്കിലും, ഭാവിയില്‍ ജിസിസി രാജ്യങ്ങളില്‍ ഉള്‍പ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസത്തിനു മുമ്പ്, പ്രവാസ കാലം, പ്രവാസത്തിന് ശേഷം എന്നിങ്ങനെയുള്ള മൂന്ന് ഘട്ടങ്ങളിലും വ്യക്തികള്‍ക്കാവശ്യമായ സേവന, ക്ഷേമ കാര്യങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ നോര്‍ക്കയ്ക്ക് സാധിക്കുന്നുണ്ട്. ഇതിന് സമാനമായൊരു സംവിധാനം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ലെന്ന കാര്യവും ഓര്‍മിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2016 ന് മുമ്പ് 13 പദ്ധതികളാണ് പ്രവാസി ക്ഷേമത്തിനായി ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് 20 പദ്ധതികളായി വര്‍ധിച്ചു. വിവിധ പദ്ധതികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക 150.81 കോടി രൂപയാണ്. ഈ പദ്ധതിയുടെ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവ് ഇന്നു മുതല്‍ ഒക്ടോബര്‍ 22 വരെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ പ്രവാസി മലയാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications