യുഎഇ, സൗദി അറേബ്യ പോലെ അല്ല; ബഹ്റൈനിലെ ഗോള്‍ഡന്‍ വിസയ്ക്ക് നേട്ടങ്ങള്‍ ഏറെ, യാത്ര എളുപ്പം
ദുബായ്: ദീര്‍ഘകാലം താമസിക്കാന്‍ അനുമതി നല്‍കുന്ന വിസയാണ് ഗോള്‍ഡന്‍ വിസ. പല രാജ്യങ്ങളും നിബന്ധനകളോടെ ഇത്തരം വിസകള്‍ പുറത്തിറക്കുന്നുണ്ട്. യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുകയും മലയാള സിനിമാ താരങ്ങള്‍ വരെ അവ നേടുകയും ചെയ്തതോടെയാണ് ഇക്കാര്യം സുപരിചിതമായത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങള്‍, ന്യസിലാന്റ്, അമേരിക്ക എന്നിവരും ദീര്‍ഘകാല വിസ അനുവദിക്കുന്നുണ്ട്.
ഏത് രാജ്യത്തെ ദീര്‍ഘകാല വിസയാണെങ്കിലും വലിയ തുക മുടക്കണം. അല്ലെങ്കില്‍ വിവിധ മേഖലഖകളില്‍ ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങള്‍ കൈവരിക്കേണ്ടതുണ്ട്. യുഎഇയുടെ ഗോള്‍ഡന്‍ വിസയും സൗദി അറേബ്യ നല്‍കുന്ന ദീര്‍ഘകാല വിസയായ പ്രിമിയം റസിഡന്‍സിയുടെയും പോലെ തന്നെയാണ് ബഹ്‌റൈന്റെ ഗോള്‍ഡന്‍ റസിഡന്‍സി. സമീപകാലത്ത് നിരവധി ഇന്ത്യക്കാര്‍ ഇത് സ്വന്തമാക്കാന്‍ കാരണങ്ങളുണ്ട്.

യുഎഇയുടെയും സൗദിയുടെയും ദീര്‍ഘകാല വിസയേക്കാള്‍ ചെലവ് കുറവാണ് ബഹ്‌റൈന്റെ ഗോള്‍ഡന്‍ റസിഡന്‍സി വിസയ്ക്ക്. 2022ലാണ് ഈ വിസ ബഹ്‌റൈന്‍ തുടങ്ങിയത്. വിസ ലഭിച്ചാല്‍ ബഹ്‌റൈനില്‍ എവിടെയും ജോലി ചെയ്യാം. സ്‌പോണ്‍സറുടെ ആവശ്യമില്ല. സ്വന്തമായി ബിസിനസ് ആരംഭിക്കുകയുമാകാം. ജോലിയില്‍ കിട്ടുന്ന ഈ ഇളവ് തന്നെയാണ് ആകര്‍ഷണം.
സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹ്‌റൈനില്‍ ജീവിതച്ചെലവ് കുറവാണ് എന്നതും എടുത്തു പറയണം. വീട്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ദൈനംദിന ചെലവുകള്‍ക്ക് വരെ കുറഞ്ഞ തുക മതിയാകും. എന്നാല്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചെയ്യുന്നു. കീശകാലിയാകാതെ സമാധാനമായി ജീവിക്കാം എന്ന് ചുരുക്കം.
നിബന്ധനകള്‍ ഇങ്ങനെ
വിസ ലഭിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും ബഹ്‌റൈനില്‍ താമിക്കേണ്ട ദിവസങ്ങള്‍ തിട്ടപ്പെടുത്തിയിട്ടില്ല. വിസ ലഭിച്ച ശേഷം വിദേശത്ത് എത്ര കാലം വേണമെങ്കിലും യാത്ര ചെയ്യുകയും തിരിച്ചുവരികയും ചെയ്യാം. മാത്രമല്ല, കുുടംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കും. കാലാവധി തീരുമ്പോള്‍ വിസ പുതുക്കാന്‍ നൂലാമാലകളും കുറവാണ്.
2000 ബഹ്‌റൈന്‍ ദിനാര്‍ മാസവരുമാനമുള്ളവര്‍ക്ക് ബഹ്‌റൈന്റെ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷം ബഹ്‌റൈനില്‍ താമസിക്കുന്ന വ്യക്തിയുമാകണം. രണ്ട് ലക്ഷം ബഹ്‌റൈന്‍ ദിനാര്‍ മൂല്യമുള്ള സ്വത്തുള്ള വ്യക്തിക്കും ദീര്‍ഘകാല വിസ ലഭിക്കും. കൂടാതെ ശാസ്ത്രം, കായികം, കല, സംരംഭകത്വം എന്നിവയില്‍ മികച്ച സംഭാവന ചെയ്തവര്‍ക്കും ഈ വിസ കിട്ടും.
സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ ജിസിസി രാജ്യങ്ങളിലേക്ക് വേഗം യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യമാണ് ബഹ്‌റൈന്‍. അതുകൊണ്ടുതന്നെ ബഹ്‌റൈന്റെ ദീര്‍ഘകാല വിസയ്ക്ക് ആവശ്യക്കാര്‍ ഏറി വരികയാണ്. വിഷന്‍ 2030 എന്ന പേരില്‍ മറ്റു ജിസിസി രാജ്യങ്ങളെ പോലെ ബഹ്‌റൈനും പദ്ധതി നടപ്പാക്കി വരികയാണ്. വിദേശ നിക്ഷേപം കൂട്ടലും സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ടാണ് ഈ നീക്കം. 10000ത്തില്‍ അധികം ഗോള്‍ഡന്‍ റസിഡന്‍സി വിസ നിലവില്‍ ബഹ്‌റൈന്‍ അനുവദിച്ചു കഴിഞ്ഞു.












Click it and Unblock the Notifications