യുഎഇയിൽ മാത്രമല്ല,ഗൾഫിലാകെ ഇനി ആ കളി നടക്കില്ല; നിർണായക തീരുമാനം ഉടൻ?
കൗമാരക്കാർക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനുള്ള നീക്കവുമായി ജിസിസി രാജ്യങ്ങൾ. ടെക് കമ്പനികളുമായി ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ജിസിസി ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. 18 വയസിൽ താഴെയുള്ളവർക്കിടയിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
'16 അല്ലെങ്കിൽ 18 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഈ മേഖലയിൽ ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും മറ്റ് ഐഡന്റിറ്റി സൊല്യൂഷനുകളുടേയും സഹായത്തോടെ കൗമാരക്കാർക്കിടയിലെ സോഷ്യൽ മീഡിയ ദുരുപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധുക്കും', ദുബായിൽ നടന്ന ഒരു കോൺഫറൻസിൽ മെറ്റയുടെ റീജിയണൽ സെയിൽസ് ഡയറക്ടർ അഷ്‌റഫ് കൊഹൈൽ പറഞ്ഞു.

സ്മാർട്ട് ഫോണുകളും സുലഭമായതോടെ കൗമാരപ്രായക്കാർ മണിക്കൂറുകളോളമാണ് സോഷ്യൽ മീഡിയയിൽ ചെലവിടുന്നത്. ഇത് കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയ, ഫ്രാൻസ്,യുഎസ്, തുടങ്ങിയ രാജ്യങ്ങൾ കൗമാരക്കാർക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഓസ്ട്രേലിയ 16 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മാതാപിതാക്കളുടെ അനുമതി ഇല്ലാതെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാനാകില്ലെന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് യുഎസും ഫ്രാൻസുമെല്ലാം ഏർപ്പെടുത്തിയത്. കുട്ടികളെ ലക്ഷ്യം വെയ്ക്കുന്ന രീതിയിലുള്ള പേഴ്സണലൈസിഡ് പരസ്യങ്ങൾ ടെക് കമ്പനികളോട് ഒഴിവാക്കാനാണ് യൂറോപ്യൻ യൂണിയൻ നിർദേശിച്ചത്.
കുട്ടികൾക്ക് ഓൺലൈനിൽ കാണാവുന്ന കാര്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഓൺലൈൻ സേവനങ്ങളുടെ ദൈനംദിന ഉപയോഗത്തിന് സമയപരിധി ഏർപ്പെടുത്തുകയുമാണ് ചൈന ചെയ്തത്. ഇതിനായി സൈബർ സുരക്ഷാ നിയമവും മൈനർ പ്രൊട്ടക്ഷൻ നിയമവും ചൈന നടപ്പാക്കിയിരുന്നു.നെതർലാൻഡ്‌സ് പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ സ്മാർട്ട് ഉപകരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
യുഎഇയിൽ നിലവിൽ പബ്ലിക് സ്കൂളുകളിൽ കുട്ടികൾക്ക് മൊബൈൽ കൊണ്ടുവരാനുള്ള അനുമതി ഇല്ല. സ്വകാര്യ സ്കൂളുകളും മൊബൈൽ ഉപയോഗത്തിന് ശക്തമായ നിയന്ത്രണം നിലനിൽക്കുന്നുണ്ട്.
യുഎഇയിൽ കൂടുതൽ
ഹൈടെക് ക്രൈം ട്രെന്റ്സ് 2025 റിപ്പോർട്ട് പ്രകാരം മിഡിൽ ഈസ്റ്റിലും ആഫ്രിക്കയലുമാണ് ഇന്റർനെറ്റ് വഴിയുള്ള കബിളിപ്പിക്കൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷണം നൽകുന്നതിലും ഓൺലൈൻ സംവിധാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലും ഏറ്റവും മുൻപന്തിയിൽ യുഎഇ ആണെന്നാണ് ഇന്റർപോൾ സൈബർ ക്രൈം ഡയറക്ടർ ക്രെയിഗ് ജോൺസ് ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications