വിസയൊന്നും വേണ്ട, കേറിവാ... ഖത്തറിനെ ചേര്‍ത്തുപിടിച്ച് അമേരിക്ക; സൗദിക്ക് പോലുമില്ലാത്ത അംഗീകാരം
ദോഹ: ഖത്തര്‍ പൗരന്‍മാര്‍ക്ക് ഇനി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് വിസ വേണ്ട. യുഎസ് വിസ ഒഴിവാക്കല്‍ പ്രോഗ്രാമില്‍ ഖത്തര്‍ ഉള്‍പ്പെട്ടതോടെയാണ് ഇത്. ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യവും ഏക ഗള്‍ഫ് രാജ്യവുമായി ഇതോടെ ഖത്തര്‍ മാറി. അമേരിക്കയുമായി ഖത്തര്‍ പുലര്‍ത്തുന്ന അടുത്ത നയതന്ത്രബന്ധത്തിന്റെ ബാക്കിപത്രമായും ഈ നടപടിയെ വിശേഷിപ്പിക്കുന്നു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നിര്‍ദേശ പ്രകാരം ഖത്തറിനെയും വിസ രഹിത പ്രോഗ്രാം രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലയാന്ദ്രോ മയോര്‍കാസ് അറിയിച്ചു. കുറഞ്ഞ നിരക്കിലുള്ള വിസ നിരസിക്കല്‍, കുറഞ്ഞ കാലാവധി, ഖത്തറിലേക്കുള്ള യുഎസ് യാത്രക്കാര്‍ക്ക് പരസ്പര വിസ രഹിത പ്രവേശനം എന്നിവ ഉള്‍പ്പെടുന്ന കര്‍ശനമായ യോഗ്യതാ മാനദണ്ഡങ്ങള്‍ ഖത്തര്‍ പാലിച്ചതായി യുഎസ് സ്റ്റേറ്റ്, ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പുകള്‍ അറിയിച്ചു.

അമേരിക്കയുടെ അസാധാരണമായ പങ്കാളിയാണ് ഖത്തര്‍ എന്ന് വിവിധ യുഎസ് വകുപ്പുകള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തങ്ങളുടെ തന്ത്രപരമായ ബന്ധം കൂടുതല്‍ ശക്തമായി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ ശ്രമങ്ങള്‍, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍വാങ്ങലിനെ പിന്തുണയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ യുഎസ് നയതന്ത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ച രാജ്യമാണ് ഖത്തര്‍.
ഖത്തറിന് മുമ്പ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട മറ്റൊരു മുസ്ലീം ഭൂരിപക്ഷ രാജ്യം ബ്രൂണൈ ആയിരുന്നു. യുഎസ് വിസ ഒഴിവാക്കല്‍ പ്രോഗ്രാമില്‍ 42 രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള ദീര്‍ഘകാല യുഎസ് സഖ്യകക്ഷികളാണ് ഈ രാജ്യങ്ങളില്‍ മിക്കവയും. 2023-ല്‍ പ്രോഗ്രാമില്‍ അംഗമായ ഇസ്രായേല്‍ ആണ് ഇതിന് മുന്‍പ് അവസാനമായി ഈ പട്ടികയില്‍ ഇടം പിടിച്ച രാജ്യം.
ഖത്തറിലെ ജനസംഖ്യ 3 ദശലക്ഷത്തിലധികം കവിയുന്നുണ്ടെങ്കിലും ഏകദേശം 3,20,000 ഖത്തര്‍ പൗരന്മാര്‍ക്ക് മാത്രമേ ഈ പ്രോഗ്രാമിന് അര്‍ഹതയുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. ഭൂരിഭാഗം താമസക്കാരും ഖത്തറി പാസ്പോര്‍ട്ടുകളില്ലാത്ത വിദേശ തൊഴിലാളികളോ പ്രവാസികളോ ആണ് എന്നതിനാലാണ് ഇത്. ഒക്ടോബര്‍ 1 മുതല്‍ 90 ദിവസം വരെ വിസയില്ലാതെ യുഎസ് പൗരന്മാര്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കാനാകും.
വിസരഹിത യാത്ര ചെയ്യുന്നവര്‍ക്ക് വ്യക്തിപരമായ അഭിമുഖം ആവശ്യമില്ലാത്ത ഓണ്‍ലൈന്‍ പ്രക്രിയയായ ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ (ESTA) വഴി അവര്‍ക്ക് ഇലക്ട്രോണിക് അംഗീകാരം ലഭിക്കേണ്ടതുണ്ട്. എങ്കിലും 90 ദിവസം വരെ ബിസിനസിനോ ടൂറിസത്തിനോ വേണ്ടി യുഎസില്‍ താമസിക്കാന്‍ ഖത്തറി പൗരന്മാര്‍ക്ക് അനുവാദം നല്‍കുന്നതാണ് ഈ പ്രോഗ്രാം.












Click it and Unblock the Notifications