സ്വർണ വില കൂപ്പുകുത്തുന്നു; വാങ്ങാതെ മറ്റൊരു തന്ത്രവുമായി ആഭരണപ്രേമികൾ,കാത്തിരിക്കുന്നത് ലാഭം?
രാജ്യാന്തര വിപണിയിലെ വിലക്കുറവിന്റെ ചുവടുപിടിച്ച് ദുബായിലെ സ്വർണ വിലയും കുറയുകയാണ്. വീണ്ടും 380 ലേക്ക് കുതിച്ച ഗ്രാം വില നിലവിൽ 370 ലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ വലിയ ആശ്വാസമാണ് സ്വർണപ്രേമികൾക്ക് ഉണ്ടായിരിക്കുന്നത്. അതേസമയം നിലവിലെ വിലയിൽ സ്വർണം വാങ്ങണോ അതോ ഇനിയും കാത്തിരിക്കണോയെന്നതാണ് ഇവരുടെ ചോദ്യം. വിദഗ്ധർ പറയുന്നത് നോക്കാം, അതിന് മുൻപ് നിലവിലെ സ്വർണ നിരക്കും പരിശോധിക്കാം
രാജ്യത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 366.75 ദിർഹമാണ്. 24 കാരറ്റിന് 396 ദിർഹവും 21 കാരറ്റിന് 351. 75 ദിർഹവും പതിനെട്ട് കാരറ്റിന് 301.50 ദിർഹവും വരും.

ആഗോള വിപണിയിൽ സംഭവിച്ചത്
ആഗോളവിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. നിലനിൽ അപ്രതീക്ഷിത ഇറക്കത്തിലാണ് സ്വർണം. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരക്കരാറാണ് ഇപ്പോൾ സ്വർണ വിലയിൽ കുറവിന് കാരണമായത്. ഇറാൻ-ഇസ്രായേൽ സംഘർഷം അയഞ്ഞതും പകരച്ചുങ്കത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് മയപ്പെടുത്തിയതും സ്വർണ വില കുറയാൻ കാരണമായി.
വാങ്ങൽ തന്ത്രത്തിൽ മാറ്റം
സ്വർണ വിലയിൽ നേരിയ കുറവെങ്കിലും രേഖപ്പെടുത്തുമ്പോൾ ദുബായിലെ സ്വർണപ്രേമികൾ ജ്വല്ലറികളിലേക്ക് ഓടുന്നതാണ് പതിവ്. എന്നാൽ ഇപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി പലരും സ്വർണം ബുക്ക് ചെയ്യുകയാണ്. ഇപ്പോൾ വാങ്ങാതെ അടുത്ത 30 ദിവസത്തിനുള്ളിൽ വാങ്ങാൻ ലക്ഷ്യമിട്ടാണ് പലരും ബുക്ക് ചെയ്യുന്നത്. അടുത്ത രണ്ട് മാസം കൊണ്ട് സ്വർണ വില കൂപ്പുകുത്തുമെന്നാണ് പലരുടേയും കണക്ക് കൂട്ടലെന്നും 365 ദിർഹം എത്തിയ സ്ഥിതിക്ക് ഇനിയും വില കുത്തനെ താഴേക്ക് വീഴുമെന്നാണ് ആളുകൾ കണക്കുകൂട്ടുന്നതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
(സ്വർണം ഇപ്പോൾ ബുക്ക് ചെയ്ത് വെച്ചാൽ വില കൂടിയാൽ നിലനിലെ നിരക്കിൽ തന്നെ സ്വർണം ലഭിക്കും. വില കുറഞ്ഞാൽ ഏറ്റവും കുറഞ്ഞ വിലയിൽ വില സ്വന്തമാക്കുകയും ചെയ്യാം).
ഇനി വില കുറയുമോ?
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ സ്വർണ വില തുടർച്ചയായി ഇടിയുകയാണ്. വിവിധ രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾക്ക് തയ്യാറാണെന്ന യുഎസ് നിലപാട് ഒരുപരിധി വരെ വിപണിക്ക് ആത്മവിശ്വാസം നൽകിയതാണ് വില ഇറങ്ങാൻ കാരണമായത്. എന്നാൽ യുഎസ് നിലപാടിൽ പൂർണമായും നിക്ഷേപകർ വിശ്വാസം പുലർത്തിയിട്ടില്ല. പകരച്ചുങ്കം പോലുള്ള നടപടികൾ ഒഴിവാക്കുമോ തങ്ങളുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാത്ത രാജ്യങ്ങൾക്ക് മേൽ വീണ്ടും കടുത്ത നടപടിയിലേക്ക് യുഎസ് കടക്കുമോ എന്നുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യം ഡോളർ ദുർബലമാകുന്നതിന് വഴിവെയ്ക്കുകയും സ്വർണത്തിന് വീണ്ടും വില ഉയരാൻ കാരണമാകുകയും ചെയ്യും.
ട്രംപും ഫെഡ് ചെയർമാനും തമ്മിലുള്ള പോരും സ്വർണവില ഉയരുന്നതിന് കാരണമായേക്കുമെന്ന വിലയിരുത്തലുണ്ട്. പലിശ നിരക്ക് കുറക്കണമെന്ന് ട്രംപ് ഫെഡ് തലവൻ ജെറോം പവലിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പലിശ നിരക്ക് കുറക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. ഈ സാഹചര്യത്തിൽ ട്രംപ് അദ്ദേഹത്തെ പുറത്താക്കുമോയെന്നതടക്കമുള്ള കാര്യങ്ങൾ ഉറ്റുനോക്കപ്പെടുന്നുണ്ട്.പലശ കുറക്കാൻ തയ്യാറല്ലെങ്കിൽ രാജിവെച്ച് ഒഴിഞ്ഞോളൂ പകരക്കാരനെ കണ്ടെത്താൻ തയ്യാറാണെന്ന് ട്രംപ് ഇതിനോടകം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.
ഇതെല്ലാം വരും ദിവസങ്ങളിൽ സ്വർണ വിലയിൽ കാര്യമായ വർധനവിലേക്ക് നയിച്ചേക്കാം എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ ഇതിനോടകം തന്നെ സ്വർണ വില എത്തിയിട്ടുണ്ടെന്നും വരും നാളുകളിൽ കുറഞ്ഞത് 30 ശതമാനം ഇടിവ് ഉണ്ടാകുമെന്നുമാണ് ചിലരുടെ പ്രചവനം.












Click it and Unblock the Notifications