ഒമാനിലേക്ക് ഡോളറും റിയാലും ഒഴുകി: കാരണം ക്രൂഡ് ഓയിലും എല്‍എന്‍ജിയും; ഡിസംബറില്‍ വന്‍ ലാഭം
മസ്കറ്റ്: തുടർച്ചയായ രണ്ടാം മാസവും മികച്ച വ്യാപാര മിച്ചവുമായി ഒമാന്‍. ഡിസംബറിൽ ഒമാന്റെ വ്യാപാര മിച്ചം 7.5 ബില്യൺ ഒമാനി റിയാലിലെത്തിയെന്നാണ് (19.4 ബില്യൺ ഡോളർ) കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നവംബറില ഒമാന്റെ വ്യാപാര മിച്ചം 7.14 ബില്യണ്‍ റിയാലായിരുന്നു. എണ്ണ, വാതക മേഖലയില്‍ നിന്നുള്ള വരുമാനമാണ് ഒമാന്റെ സാമ്പത്തിക നേട്ടത്തിന് പിന്നില്‍ പ്രധാന ഘടകമായത്.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നത് ഇറക്കുമതിയിൽ വർധനവുണ്ടായിട്ടും കയറ്റുമതി വരുമാനം, പ്രത്യേകിച്ച് എണ്ണ, വാതകം എന്നിവയിൽ നിന്നുള്ള ഉയർന്ന വരുമാനം വ്യാപാര മിച്ചം നേടാന്‍ ഇടയാക്കുകയായിരുന്നു. ഡിസംബറിൽ ഒമാന്റെ ചരക്ക് കയറ്റുമതിയുടെ ആകെ മൂല്യം 24.23 ബില്യൺ റിയാലായി ഉയർന്നു.

2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6.8 ശതമാനം വർധനവാണ് 2024 ഡിസംബറിലുണ്ടായിരിക്കുന്നത്. അന്ന് കയറ്റുമതി മൂല്യം 22.69 ബില്യൺ റിയാലായിരുന്നു. എണ്ണ, വാതക കയറ്റുമതി മാത്രം 16.29 ബില്യൺ റിയാലിലെത്തി. 2023 ഡിസംബറിൽ ഇത് 13.76 ബില്യൺ റിയാല്‍ മാത്രമായിരുന്നു. അതായത് 18.4 ശതമാനത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്.
മറുവശത്ത് രാജ്യത്തിന്റെ ചരക്ക് ഇറക്കുമതി 12.1 ശതമാനം വർദ്ധിച്ച് ഡിസംബറിൽ 16.71 ബില്യൺ റിയാലിലെത്തി. മുൻ വർഷത്തെ ഇത് കാലയളവില്‍ ഇത് 14.91 ബില്യൺ റിയാലായിരുന്നു. ഇറക്കുമതിയിൽ വർദ്ധനവുണ്ടായിട്ടും, രാജ്യത്തിന്റെ ഊർജ്ജ കയറ്റുമതിയുടെ മികച്ച പ്രകടനത്തിന്റെ പിന്തുണയോടെ വ്യാപാര സന്തുലിതാവസ്ഥ പോസിറ്റീവായി മാറി.
ഡിസംബർ അവസാനത്തോടെ 9.91 ബില്യൺ ഒമാനി റിയാലിന്റെ അസംസ്കൃത എണ്ണയാണ് ഒമാന്‍ കയറ്റുമതി ചെയ്തത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.8 ശതമാനം വർധനവാണുള്ളത്. ശുദ്ധീകരിച്ച എണ്ണ കയറ്റുമതി 185.5 ശതമാനം വർധനവോടെ 3.85 ബില്യൺ റിയാലിലെത്തി. അതേസമയം ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി 1.9 ശതമാനം കുറഞ്ഞ് 2.53 ബില്യൺ റിയാലുമായി.
എണ്ണ ഇതര ചരക്ക് കയറ്റുമതി ഡിസംബറിൽ 16.3 ശതമാനം ഇടിഞ്ഞ് 6.23 ബില്യൺ റിയാലിലേക്ക് എത്തി. മുൻ വർഷം ഇത് 7.44 ബില്യൺ റിയാലായിരുന്നു. പ്ലാസ്റ്റിക്, റബ്ബർ ഉൽപ്പന്ന കയറ്റുമതി 13.3 ശതമാനം വർദ്ധിച്ച് 996 ദശലക്ഷം റിയാലിലെത്തിയപ്പോള്‍ കെമിക്കൽ വ്യവസായ കയറ്റുമതി 19.6 ശതമാനം കുറഞ്ഞ് 804 ദശലക്ഷം റിയാലായി. ജീവനുള്ള മൃഗങ്ങളുടെയും മൃഗ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി 11 ശതമാനം കുറഞ്ഞ് 350 ദശലക്ഷം റിയാലിലും . മറ്റ് കയറ്റുമതി 5 ശതാനം കുറഞ്ഞ് 981 റിയാലുമായി.
ഇറക്കുമതിയുടെ കാര്യം വിശദമായ പരിശോധിക്കുകയാണെങ്കില്‍ ധാതു ഉൽപ്പന്നങ്ങളാണ് പ്രധാനമായും ഇറക്കുമതി ചെയ്തത്. ആകെ 4.67 ബില്യൺ റിയാലിന്റെ ധാതുക്കള്‍ 2024 ഡിസംബറില്‍ രാജ്യത്തേക്ക് എത്തി. ഇക്കാര്യത്തില്‍ 2023 ഡിസംബറിൽ നിന്ന് 11.3 ശതമാനം വർധനവാണുണ്ടായത്. ഇലക്ട്രിക്കൽ മെഷിനറികളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി 28.9 ശതമാനം ഉയർന്ന് 2.93 ബില്യൺ റിയാലും അടിസ്ഥാന ലോഹങ്ങളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി 1 ശതമാനം ഉയർന്ന് 1.61 ബില്യൺ റിയാലുമായി.
രാസവസ്തുക്കളുടെ ഇറക്കുമതി മൂല്യം 3.1 ശതമാനം ഉയർന്ന് 1.52 ബില്യൺ റിയാലായപ്പോള്‍, ഗതാഗത ഉപകരണങ്ങളുടെ ഇറക്കുമതി 13.5 ശതമാനം വർധിച്ച് 1.52 ബില്യൺ റിയാലിലേക്കുമെത്തി. എണ്ണ ഇതര കയറ്റുമതിയിൽ ഇപ്പോഴും യു എ ഇ ഒമാന്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയായി തുടരുന്നതായും കണക്കുകള്‍ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മൂല്യം വർഷം തോറും 11 ശതമാനം വർദ്ധിച്ച് 1.05 ബില്യൺ റിയാലായി. ഒമാന്റെ എണ്ണ ഇതര കയറ്റുമതിയിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 659 ദശലക്ഷം റിയാലുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.












Click it and Unblock the Notifications