പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗള്‍ഫ് സര്‍വീസ് എണ്ണം കൂട്ടി, കോഴിക്കോട് യാത്ര എളുപ്പമാക്കി ഒമാന്‍ എയര്‍
കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ എണ്ണം വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. ഇതുവരെ ആഴ്ചയില്‍ എട്ട് സര്‍വീസ് ആയിരുന്നത് പത്താക്കി ഉയര്‍ത്തി. മാത്രമല്ല, വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനും ഒമാന്‍ എയര്‍ തീരുമാനിച്ചു. ഒമാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയാണ് ഒമാന്‍ എയര്‍. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനരാംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.
ഈ മാസം 21 മുതല്‍ കോഴിക്കോട് നിന്നുള്ള സര്‍വീസുകള്‍ പ്രതിവാരം പത്താക്കി ഉയര്‍ത്താനാണ് ഒമാന്‍ എയര്‍ തീരുമാനിച്ചത്. നേരിട്ടുള്ള യാത്രയ്ക്ക് ഏകദേശം മൂന്നര മണിക്കൂര്‍ വേണ്ടി വരും. മസ്‌ക്കത്തിലേക്ക് 9000ത്തിനും 21000നുമിടയിലാണ് ടിക്കറ്റ് നിരക്ക്. ബുക്ക് ചെയ്യുന്ന സമയത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. ഒമാന്‍ എയറിന്റെ ബുക്കിങ് ഓഫീസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

ദുബായ്, ബഹ്‌റൈന്‍, ഖസബ് എന്നിവിടങ്ങൡലേക്ക് മസ്‌ക്കത്തില്‍ നിന്നുള്ള സര്‍വീസ് ഏപ്രില്‍ 18 മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഷാര്‍ജ സര്‍വീസ് ഏപ്രില്‍ 20 മുതല്‍ സലാം എയര്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒമാന്റെ രണ്ട് വിമാന കമ്പനികളാണ് ഒമാന്‍ എയറും സലാം എയറും. ഒമാന്‍ എയറിന് കൂടുതല്‍ യാത്രക്കാരുള്ള രണ്ട് റൂട്ടുകളാണ് ദുബായ്, ബഹ്‌റൈന്‍. രണ്ടും ഇന്ന് മുതല്‍ ആരംഭിച്ചു.
മസ്‌ക്കത്തില്‍ നിന്ന് ആഴ്ചയില്‍ ഏഴ് വിമാനങ്ങളാണ് ഒമാന്‍ എയറിന്റേതായി ബഹ്‌റൈനിലേക്ക് സര്‍വീസ് നടത്തുന്നത്. സമയത്തില്‍ ചിലപ്പോള്‍ മാറ്റം വരാം. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സമയം ഉറപ്പാക്കിയ ശേഷം മാത്രം ബുക്ക് ചെയ്യണം എന്ന് ഒമാന്‍ എയര്‍ അറിയിച്ചു. നേരത്തെ ബുക്ക് ചെയ്ത് യാത്ര നഷ്ടമായവര്‍ക്ക് പുതിയ വ്യവസ്ഥകളും ഒമാന്‍ എയര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
കൂടാതെ, സലാലയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മാറ്റം വരുത്താനാണ് ഒമാന്‍ എയറിന്റെ തീരുമാനം. സൗദി അറേബ്യയിലെ റിയാദിലേക്കുള്ള സര്‍വീസ് ഏപ്രില്‍ 23 മുതല്‍ എണ്ണം വര്‍ധിപ്പിക്കും. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ മെയ് ആദ്യത്തെ ആഴ്ച ആറായി വര്‍ധിപ്പിക്കാനാണ് ഒമാന്‍ എയര്‍ തീരുമാനിച്ചിരിക്കുന്നത്.















Click it and Unblock the Notifications