പ്രവാസി മലയാളികള്‍ക്ക് കോളടിച്ചു, കേരളത്തിലേക്ക് മാത്രം 28 പ്രതിവാര സര്‍വീസുകളുമായി ഒമാന്‍ എയര്‍
മസ്‌കത്ത്: ഈ വര്‍ഷത്തെ വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. തലസ്ഥാനമായ മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ 40 നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ ഈ വേനല്‍ക്കാലത്ത് സര്‍വീസ് നടത്തുക. പ്രാദേശിക ലക്ഷ്യസ്ഥാനങ്ങള്‍ക്കൊപ്പം ജി സി സി, ഫാര്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും ഒമാന്‍ എയര്‍ സര്‍വീസ് നടത്തും.
പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളില്‍ മസ്‌കറ്റ് - സലാല റൂട്ടില്‍ പ്രതിവാരം ശരാശരി 24 വിമാനങ്ങളും മസ്‌കത്ത്- ഖസബ് റൂട്ടില്‍ പ്രതിവാര ശരാശരി 6 വിമാനങ്ങളും ഉള്‍പ്പെടുന്നുവെന്ന് കമ്പനി അറിയിച്ചു. ഗള്‍ഫ്, അറബ് വിമാന സര്‍വീസുകളില്‍ ദുബായ്, കുവൈത്ത്, ദോഹ, റിയാദ്, മദീന, ജിദ്ദ, ദമ്മാം, ബഹ്റൈന്‍, അമ്മാന്‍ എന്നിവ ഉള്‍പ്പെടുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കെയ്റോ, സാന്‍സിബാര്‍/ദാര്‍ എസ് സലാം എന്നിവയും ഉള്‍പ്പെടുന്നു.

മസ്‌കത്തില്‍ നിന്ന് ഫാര്‍ ഈസ്റ്റിലേക്കുള്ള ഒമാന്‍ എയറിന്റെ നേരിട്ടുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ബാങ്കോക്ക്, ക്വാലാലംപൂര്‍, ഫൂക്കറ്റ്, ജക്കാര്‍ത്ത, മനില എന്നിവയാണ് ഉള്ളത്. പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ 12 ഇടങ്ങളിലേക്കാണ് ഒമാന്‍ എയര്‍ ഈ വേനല്‍ക്കാലത്ത് സര്‍വീസ് നടത്തുക. ചെന്നൈ, മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ഗോവ, ലഖ്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിലെ സര്‍വീസ്.
കേരള സെക്ടറുകളില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് 7, കൊച്ചി 14, തിരുവനന്തപുരം 7 എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്കുള്ള ആഴ്ചയിലെ സര്‍വീസുകളുടെ എണ്ണം. പ്രവാസി മലയാളികള്‍ ഏറെയുള്ള ഒമാനില്‍ എയര്‍ലൈനിന്റെ നീക്കം ഏറെ ഗുണപ്രദമാകും എന്നാണ് വിലയിരുത്തല്‍. ബംഗ്ലാദേശിലെ ധാക്ക, പാകിസ്ഥാനിലെ കറാച്ചി എന്നിവയാണ് ഏഷ്യയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍.
ലണ്ടന്‍, മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, മിലാന്‍, ഇസ്താംബുള്‍, ട്രാബ്‌സണ്‍, മോസ്‌കോ എന്നിവയുള്‍പ്പെടെ യൂറോപ്പിലേക്ക് ഒമാന്‍ എയര്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ വലിയ വര്‍ധനവാണ് ഒമാന്‍ എയര്‍ രേഖപ്പെടുത്തിയത്. 2022 നെ അപേക്ഷിച്ച് വരുമാനത്തില്‍ ഗണ്യമായ 30% വര്‍ധനവിനൊപ്പം അറ്റനഷ്ടത്തില്‍ 36% കുറവും എയര്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 മാര്‍ച്ചില്‍ ആരംഭിച്ച പരിവര്‍ത്തന പരിപാടിയുടെ രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ഈ നേട്ടത്തിന് കാരണം.












Click it and Unblock the Notifications