ഒമാന്‍ യാത്രയ്ക്ക് വിസ വേണ്ട; ഒടുവില്‍ തുര്‍ക്കിക്കും അവസരം, ഇന്ത്യക്കാര്‍ക്ക് ഇളവുണ്ടോ? അറിയാം
മസ്‌കത്ത്: വിസ ഇല്ലാതെ യാത്ര അനുവദിക്കുന്നതിന് തുര്‍ക്കിയും ഒമാനും തമ്മില്‍ ധാരണ. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പരസ്പരം യാത്ര ചെയ്യാന്‍ നേരത്തെ വിസ എടുക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ മാസം ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് ഈ ഇളവ്.
പുതിയ കരാര്‍ പ്രകാരം ഒമാന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ എടുക്കാതെ തുര്‍ക്കിയിലേക്ക് പോകാം. തുര്‍ക്കിയുടെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ ഇല്ലാതെ ഒമാനിലേക്കും വരാം. ടൂറിസം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണ. 180 ദിവസത്തിനിടെ 90 ദിവസം വരെ ഇത്തരത്തിലുള്ള താമസം തുര്‍ക്കി അനുവദിക്കും. ഒരു സന്ദര്‍ശനത്തില്‍ 30 ദിവസം വരെ ഒമാനും അനുവദിക്കും.

ഈ തീരുമാനം വന്നതോടെ വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കേണ്ട ആവശ്യം ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്കില്ല. കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം. തുര്‍ക്കിയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഒമാന്‍ ആഗ്രഹിക്കുന്നുമുണ്ട്. ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് യാത്രക്കാര്‍ക്ക് ഉണ്ടായിരിക്കണം എന്ന നിബന്ധയുണ്ട്. ഹൃസ്വകാലത്തേക്കുള്ള യാത്ര മാത്രമാകണം ലക്ഷ്യം.
ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് വിസ ആവശ്യമുണ്ടോ?
അടുത്തിടെ ഒമാന്‍ സമാനമായ ഇളവ് കൂടുതല്‍ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. റഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ല. അമേരിക്കന്‍ പൗരന്മാര്‍ക്കും വിസ വേണ്ട. അതേസമയം, ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമാണ്. എന്നാല്‍ ജിസിസി രാജ്യങ്ങളിലെ റസിഡന്‍സി കാര്‍ഡ് ഉള്ളവര്‍ക്ക് വിസ ആവശ്യമില്ല. എങ്കിലും 14 ദിവസം മാത്രമാണ് ഇളവുള്ളത്.
അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഷെങ്കണ്‍ വിസകള്‍ ഉള്ള ഇന്ത്യയ്ക്കാര്‍ക്കും ഒമാനിലേക്ക് വിസ ആവശ്യമില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് പോകുന്ന ഇന്ത്യക്കാര്‍ക്ക് വിസ എടുക്കണം. അതേസമയം, ഇ-വിസ ഒമാന്‍ അനുവദിക്കുന്നു എന്നതും നേട്ടമാണ്. കടലാസ് ജോലികള്‍ക്ക് നേരിട്ട് പോകേണ്ടതില്ല. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.
ഒമാനും ഇന്ത്യയും ബന്ധം ശക്തമാക്കുന്നു
ഇന്ത്യയും ഒമാനും സഹകരണം ശക്തിപ്പെടുത്തി വരികയാണ്. ഇരുരാജ്യങ്ങളും അടുത്തിടെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. പരസ്പരം നികുതിയില്‍ ഇളവ് നല്‍കി വ്യാപാരം നടത്താന്‍ സഹായിക്കുന്നതാണ് കരാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാന്‍ സന്ദര്‍ശിച്ച വേളയിലാണ് കരാര്‍ ഒപ്പുവച്ചത്. ന്യൂസിലാന്റ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായും ഇന്ത്യ അടുത്തിടെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു.
ഒമാനുമായുള്ള ബന്ധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കും വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ ഒമാന്‍ വൈകാതെ അനുമതി നല്‍കിയേക്കും. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ജിസിസി രാജ്യം കൂടിയാണ് ഒമാന്‍. ഇളവ് ലഭിച്ചാല്‍ ഇന്ത്യക്കാര്‍ക്കു അതുല്യ അവസരമാകും. ഇന്ത്യയുമായി ബന്ധപ്പെട്ട ഒട്ടേറെ ചരിത്ര സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യം കൂടിയാണ് ഒമാന്‍.












Click it and Unblock the Notifications