ഒമാന്‍ മാത്രമല്ല സൗദി അറേബ്യ, യുഎഇ എല്ലാം വന്നേക്കും; പ്രവാസികള്‍ക്ക് അമിത പ്രതീക്ഷ വേണ്ട
ദുബായ്: ആദായ നികുതി ഈടാക്കില്ല എന്നതാണ് ഗള്‍ഫ് മേഖലയിലേക്ക് ബിസിനസുകാരെയും തൊഴിലാളികളെയും കൂടുതലായി ആകര്‍ഷിക്കാന്‍ കാരണം. യൂറോപ്പിലേത് ഉള്‍പ്പെടെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ആദായ നികുതി കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആ രാജ്യത്തുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് സമ്പാദിക്കുന്നത് മുഴുവന്‍ തുക നാട്ടിലേക്ക് അയക്കാന്‍ സാധിക്കാറില്ല.
എന്നാല്‍ ജിസിസി രാജ്യങ്ങളില്‍ മറിച്ചാണ്. അവിടെ നിന്ന് ശമ്പളമായും മറ്റു വരുമാനമായും കിട്ടുന്ന തുക പൂര്‍ണമായും കൈയ്യില്‍ ലഭിക്കുകയും നാട്ടിലേക്ക് അയക്കുകയും ചെയ്യാം. ദുബായ് ഉള്‍പ്പടെയുള്ള ജിസിസി നഗരങ്ങളിലേക്ക് ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കില്‍ നിന്നുമുള്ള വ്യവസായികള്‍ കൂടു മാറ്റുന്നതും ഈ നേട്ടം കണ്ടായിരുന്നു. എന്നാല്‍ ഈ ആശ്വാസം ഏറെകാലം മുന്നോട്ട് പോകാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷണം.

ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. ജിസിസിയിലെ ആറ് രാജ്യങ്ങളില്‍ ഈ തീരുമാനം എടുക്കുന്ന ആദ്യ രാജ്യമാണ് ഒമാന്‍. എന്നാല്‍, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ മറ്റു ജിസിസി രാജ്യങ്ങളും ഈ വഴി സ്വീകരിക്കാനുള്ള സാധ്യതയുണ്ട് എന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
എന്തിനാണ് ആദായ നികുതി നടപ്പാക്കുന്നത്
ജിസിസിയിലെ ആറ് രാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ ക്രൂഡ് ഓയില്‍, വാതക കയറ്റുമതിയില്‍ നിന്നുള്ള വരുമാനമാണ്. ഈ വരുമാനത്തെ ആശ്രയിച്ച് കൂടുതല്‍ കാലം മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന് ഭരണകര്‍ത്താക്കള്‍ മനസിലാക്കുന്നു. തുടര്‍ന്നാണ് ടൂറിസം, വ്യവസായം, വ്യാപാരം, സാങ്കേതിക വിദ്യ എന്നിവ വഴി വരുമാനം കണ്ടെത്താന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന് പുറമെ വരുമാന നികുതിയും ഈ രാജ്യങ്ങള്‍ നടപ്പാക്കിയേക്കാം.
നിലവില്‍ ഒമാന്‍ ഒഴികെയുള്ള മറ്റു ജിസിസി രാജ്യങ്ങള്‍ ആദായ നികുതി നടപ്പാക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പുമില്ല. എന്നാല്‍ ഈ സാധ്യത തള്ളാന്‍ സാധിക്കില്ലെന്നാണ് അഭിപ്രായം. ഒമാന്‍ ഒരു റോഡ് മാപ്പ് നല്‍കിയിരിക്കുകയാണെന്നും ഇക്കാര്യം നിരീക്ഷിച്ച് മറ്റു രാജ്യങ്ങളും നടപ്പാക്കിയേക്കാമെന്നും ഓക്‌സ്ഫണ്ട് ഇക്കണോമിക്‌സ് മിഡില്‍ ഈസ്റ്റ് എംഡി സ്‌കോട്ട് ലിവര്‍മോര്‍ അഭിപ്രായപ്പെടുന്നു.
ഏതൊക്കെ സ്രോതസിലെ വരുമാനം
മറ്റു രാജ്യങ്ങളും ആദായ നികുതി നടപ്പാക്കുമോ എന്ന് അറിയാന്‍ കാത്തിരിക്കണം എന്ന് തമീമി ആന്റ് കമ്പനിയുടെ റാച്ചല്‍ ഫോക്‌സ് പറയുന്നു. ഒമാന്‍ പ്രഖ്യാപിച്ച നികുതി ഈടാക്കുന്നത് ഏതൊക്കെ വരുമാന സ്രോതസില്‍ നിന്നാണ് എന്ന് അറിയണമെങ്കില്‍ നിയമത്തിന്റെ പൂര്‍ണ വിവരം പുറത്തുവരണം. വിഷന്‍ 2040 എന്ന പദ്ധതി ഒമാന്‍ നടപ്പാക്കുന്നുണ്ട്. ഒമാന്‍ നടപ്പാക്കിയ ആദായ നികുതി സമ്പ്രദായം മറ്റു രാജ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഉറപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2028 മുതല്‍ ആദായ നികുതി നടപ്പാക്കുമെന്നാണ് ഒമാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 42000 ഒമാനി റിയാല്‍ വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്ന് അഞ്ച് ശതമാനം നികുതി പിടിക്കുമെന്നാണ് പ്രഖ്യാപനം. ഉയര്‍ന്ന വരുമാനമുള്ളവരെ മാത്രമാണ് ഇതു ബാധിക്കൂ എന്ന് വ്യക്തമാണ്. എന്നാല്‍ ആദ്യഘട്ടം വിജയകരമായാല്‍ കൂടുതല്‍ വരുമാനം കണ്ടെത്താന്‍ ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താനുള്ള സാധ്യത തള്ളാനാകില്ല. സ്വദേശിവല്‍ക്കരണം നടപ്പാക്കിയ പോലെ കൂടുതല്‍ രാജ്യങ്ങളും കൂടുതല്‍ മേഖലകളും ഇതിലേക്ക് കടന്നുവരാം.












Click it and Unblock the Notifications