ഒമാനില്‍ ശമ്പളം പകുതിയില്‍ അധികം കൂടും; ജൂലൈ 1 മുതല്‍ മാറ്റം, പ്രവാസികള്‍ക്ക് തിരിച്ചടിയും
മസ്‌ക്കത്ത്: ഉയര്‍ന്ന ശമ്പളമുള്ള ജോലി എല്ലാവരുടെയും സ്വപ്‌നമാണ്. മൂന്നര ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്ന ജിസിസി രാജ്യമായ ഒമാനില്‍ ശമ്പളം കൂടാന്‍ പോകുന്നു. കുറഞ്ഞ കൂലിയില്‍ 60 ശതമാനം വര്‍ധനവ് വരുത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് സുപ്രധാന തീരുമാനം മന്ത്രിസഭാ യോഗം എടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
തൊഴില്‍ രംഗത്ത് സമൂലമായ പരിഷ്‌കാരങ്ങള്‍ വരുത്താനാണ് ഒമാന്‍ സര്‍ക്കാരിന്റെ നീക്കം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് 60 ശതമാനം വര്‍ധനവ് ലഭിക്കുക. പൗരന്മാര്‍ പൊതുമേഖലാ ജോലിക്ക് പുറമെ സ്വകാര്യ മേഖലയും ശ്രദ്ധിക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, പ്രവാസികളായ തൊഴിലാളികളുടെ എണ്ണം പരിധി വിടാതിരിക്കാനുള്ള നടപടികള്‍ക്കും ഒമാന്‍ തുടക്കം കുറിക്കുകയാണ്.

ക്രൂഡ് ഓയില്‍ വരുമാനം കുറയാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് തൊഴില്‍ രംഗത്ത് പുതിയ പരിഷ്‌കരണങ്ങള്‍ ഒമാന്‍ കൊണ്ടുവരുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒമാനി പൗരന്മാര്‍ക്കാണ് ശമ്പള വര്‍ധനവിന്റെ നേട്ടം ലഭിക്കുക. സ്വകാര്യ മേഖലയിലെ കുറഞ്ഞ കൂലിയില്‍ 60 ശതമാനം വര്‍ധനവ് വരുത്താന്‍ മന്ത്രിസഭ അംഗീകാരം നല്‍കി.
കുറഞ്ഞ കൂലി ഇനി മുതല്‍ 325 റിയാല്‍ ആയി ഉയരും. അതായത്, 73000 രൂപയിലേറെ വരും. ജൂലൈ ഒന്ന് മുതലാണ് പുതിയ തീരുമാനം നടപ്പാകുക. സ്വകാര്യ മേഖലയില്‍ 172000 പേര്‍ ഒമാനില്‍ ജോലി ചെയ്യുന്നു എന്നാണ് കണക്കാക്കുന്നത്. പുതിയ തീരുമാനം 122000 പേര്‍ക്ക് നേട്ടമാകും. എന്നാല്‍ ഈ തീരുമാനത്തിന് മറ്റൊരു തിരിച്ചടിയുടെ വശവുമുണ്ട്.
പുതിയ വെല്ലുവിളി ഇതാണ്
ഒമാനില്‍ പുതിയ സ്വകാര്യ സംരംഭം തുടങ്ങുന്നത് ഇനി മുതല്‍ ചെലവേറിയ കാര്യമാകും എന്നതാണ് എടുത്തു പറയേണ്ടത്. ഉയര്‍ന്ന ശമ്പളം നല്‍കി ഒമാന്‍ പൗരന്മാരെ ജോലിക്ക് വെക്കേണ്ട സാഹചര്യം വരും. വിദേശികളായ ജോലിക്കാരുടെ എണ്ണം 33 ശതമാനമാക്കി നിജപ്പെടുത്താനും ഒമാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. പൗരന്മാര്‍ക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
്എന്നാല്‍ വിദേശ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല. നിലവില്‍ 39 ശതമാനം വിദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. എണ്ണ, നിര്‍മാണ മേഖല, സേവന രംഗം തുടങ്ങി വിവിധ മേഖലകളില്‍ വിദേശികള്‍ ഒമാനില്‍ ജോലി നോക്കുന്നുണ്ട്. കൂടാതെ, അവദിഗ്ധ തൊഴിലാളികളായും ഒട്ടേറെ പേരുണ്ട്.
തദ്ദേശീയരായ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍. സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നേരത്തെയും പ്രത്യേക പദ്ധതികള്‍ നടപ്പാക്കിയിരുന്നു. 2022ല്‍ 50000 പേര്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും ഈ വര്‍ഷം 56000 പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി ദര്‍വീഷ് ഇസ്മാഈല്‍ അല്‍ ബലൂഷി പറഞ്ഞു.












Click it and Unblock the Notifications