നാല് ദിവസം അവധി; ഒമാനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഭരണകൂടം
മസ്‌കത്ത്: ദേശീയ ദിനത്തോട് അനുബന്ധിച്ച് ഒമാനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ആകെ നാല് ദിവസം അവധി ലഭിക്കുന്ന തരത്തില്‍ ആണ് ഒമാന്‍ സുല്‍ത്താനേറ്റിന്റെ അവധി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നവംബര്‍ 20 (ബുധന്‍), 21 (വ്യാഴം) എന്നീ ദിവസങ്ങളില്‍ അവധി ആയിരിക്കും എന്നാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ് ഉദ്ധരിച്ച് ഒമാന്‍ ന്യൂസ് ഏജന്‍സിയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. തൊഴിലാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ് പ്രഖ്യാപനം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാവര്‍ക്കും അവധി ബാധകമാണ്. നവംബര്‍ 24 മുതല്‍ ആയിരിക്കും പ്രവൃത്തിദിനം ആരംഭിക്കുക എന്നും ഒമാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

പൊതുഅവധി ദിനങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കില്‍ പകരം അവധി ലഭിക്കും. ഒമാന്റെ 54-ാമത് ദേശീയ ദിനമാണ് ആഘോഷിക്കുന്നത്. പലസ്തീന്‍ യുദ്ധ പശ്ചാതലത്തില്‍ കഴിഞ്ഞ വര്‍ഷം വിപുലമായ രീതിയില്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഒമാനില്‍ നടന്നിരുന്നില്ല. അതേസമയം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനില്‍ വാഹനങ്ങള്‍ അലങ്കരിക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്.
പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നവംബര്‍ 30വരെ സ്റ്റിക്കര്‍ പതിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വാഹനങ്ങളുടെ നിറമോ രൂപമോ മാറ്റുന്ന അംഗീകൃതമല്ലാത്ത മെറ്റീരിയലുകളുടെയോ സ്റ്റിക്കറുകളുടെ ഉപയോഗത്തിന് അനുമതിയില്ല. ദേശീയ ചിഹ്നങ്ങള്‍ സ്റ്റിക്കറായി പതിക്കാന്‍ പാടില്ല എന്നും വിധ്വംസകമോ മൂല്യരഹിതവുമായ വാക്കുകള്‍ ഉപയോഗിക്കരുത് എന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications