ടൂറിസത്തില്‍ ഇനി ഒമാന്റെ ദിവസങ്ങളോ..? അപ്രതീക്ഷിത കുതിപ്പ്, കരുത്തായി ഇന്ത്യയും ജര്‍മ്മനിയും
സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ ചുവട് പിടിച്ച് ഒമാനിലും ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണം കൂടുന്നു. ഫെബ്രുവരി മാസത്തില്‍ ഒമാന്‍ വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. ഇതില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് ഏഷ്യയില്‍ നിന്നുള്ളവരില്‍ 90 ശതമാനവും. ഒമാനുമായി വ്യാപാര മേഖലയില്‍ ഇന്ത്യ ധാരണാപത്രം കഴിഞ്ഞ വര്‍ഷമാണ് ഒപ്പുവെച്ചത്.
നാവിക സഹകരണം, കണക്ടിവിറ്റി, ഊര്‍ജ സംരക്ഷണം, ഹരിതോര്‍ജം, ബഹിരാകാശം, സാങ്കേതികവിദ്യകള്‍, ആപ്പുകള്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍, സാമ്പത്തിക സഹകരണം, വ്യാപാരവും നിക്ഷേപവും, ആരോഗ്യം, ടൂറിസം, ഐ ടി, കൃഷി, ഭക്ഷ്യസുരക്ഷ പോലുള്ള വിശാലമായ തലങ്ങളില്‍ ഇരുരാജ്യങ്ങളും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനമായിരുന്നു.

ഇതിന് പിന്നാലെയാണ് ടൂറിസം രംഗത്ത് അപ്രതീക്ഷിത കുതിപ്പ് ഒമാന്‍ നടത്തിയിരിക്കുന്നത്. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് ഒമാനിലേക്ക് ജി സി സി രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല, ഇന്ത്യയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ ശ്രദ്ധേയമായ വര്‍ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (എന്‍ സി എസ് ഐ) ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഒമാനിലേക്കുള്ള ഇന്‍ബൗണ്ട് സന്ദര്‍ശകരുടെ എണ്ണം 21.5 ശതമാനം ഉയര്‍ന്ന് 2024 ഫെബ്രുവരിയില്‍ 389,506 ആയി. 2023 ലെ ഇതേ കാലയളവില്‍ ഇത് 320,541 ആയിരുന്നു. യൂറോപ്യന്‍ സന്ദര്‍ശകര്‍ 33.5 ശതമാനമാണ് വര്‍ധിച്ചത്. 2024 ഫെബ്രുവരിയില്‍ യൂറോപ്പില്‍ നിന്ന് മൊത്തം 130,415 സന്ദര്‍ശകര്‍ എത്തി. 2023 ഫെബ്രുവരിയില്‍ ഇത് 93,181 ആയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജര്‍മ്മനിയാണ് ഒന്നാമത്.
ജര്‍മ്മനി 40,000 സന്ദര്‍ശകരുമായി മുന്നിലും ഇറ്റലി 29,000 സന്ദര്‍ശകരുമായി രണ്ടാം സ്ഥാനത്തുമാണ്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കും ഇതേ കാലയളവില്‍ 29.2 ശതമാനം വര്‍ധിച്ചു. ഏഷ്യന്‍ സന്ദര്‍ശകരുടെ കാര്യത്തില്‍ ഒമാന്‍ 2024 ഫെബ്രുവരിയില്‍ 95,316 വിനോദസഞ്ചാരികളെയാണ് സ്വാഗതം ചെയ്തു. 2023 ഫെബ്രുവരിയില്‍ ഇത് 81,379 ആയിരുന്നു.
അതേസമയം ഏഷ്യയിലെ 95,316 വിനോദസഞ്ചാരികളില്‍ 89000 വും ഇന്ത്യന്‍ പൗരന്മാരാണ് എന്നതാണ് പ്രധാന ആകര്‍ഷണം. ഒമാന്‍ സന്ദര്‍ശിക്കുന്ന മൊത്തം ജിസിസി പൗരന്മാരുടെ എണ്ണം 227,000 ആണ്. യെമനികളും അമേരിക്കക്കാരും യഥാക്രമം 33,000 ഉം 9,977 ഉം ആണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അമേരിക്കന്‍ സന്ദര്‍ശകരില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയുമായി ടൂറിസം കരാറില്‍ ഒമാന്‍ ഒപ്പുവെച്ചിരുന്നു.












Click it and Unblock the Notifications