ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്ത് ഒമാന്‍, ക്രൂഡ് വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍
മസ്‌കത്ത്: പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കുകയും ഉല്‍പ്പാദനം മരവിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ നേട്ടം കൊയ്ത് ഒമാന്‍. യുദ്ധം കാര്യമായി ബാധിക്കാത്ത ഏക ജിസിസി രാജ്യം ഒമാന്‍ ആണ്. അമേരിക്കയുടെ സ്ഥായിയായ സൈനിക താവളം ഇല്ലാത്തതാണ് ഒമാന്‍ ഇറാന്റെ കണ്ണില്‍ നിന്ന് രക്ഷപ്പെട്ടു നില്‍ക്കാന്‍ കാരണം. എന്നാല്‍ ഒമാനില്‍ ചില എണ്ണ കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.
സൗദി അറേബ്യ പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. യുഎഇ ഫുജൈറയില്‍ നിന്നുള്ള കയറ്റുമതി നിയന്ത്രിക്കുകയും ചെയ്തു. സൗദി-യുഎഇ അതിര്‍ത്തിയിലെ ഷാ വാതക പാടവും പ്രവര്‍ത്തനം നിലച്ച മട്ടാണ്. ഖത്തര്‍ വാതക ഉല്‍പ്പാദനം യുദ്ധത്തിന്റെ ആദ്യദിനത്തില്‍ തന്നെ നിര്‍ത്തിവച്ചു. കുവൈത്തും ഇറാഖും വെല്ലുവിളി നേരിടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വിദേശ എണ്ണ ഇടപാടുകാര്‍ കൂടുതലായി ഒമാനെ ആശ്രയിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കാതെ ഏഷ്യയിലേക്ക് ചരക്കുകള്‍ അയക്കാന്‍ സാധിക്കുന്ന രാജ്യമാണ് ഒമാന്‍. ഇതാണ് ഇവിടേക്ക് കൂടുതല്‍ ഇടപാടുകാര്‍ എത്താന്‍ കാരണം. യുദ്ധത്തില്‍ രൂപപ്പെട്ട ഈ അവസരം ഒമാന് നേട്ടമായിട്ടുണ്ട്.
ഒമാനില്‍ നിന്നുള്ള ക്രൂഡ് ഓയിലിന് വില കുതിച്ചുയര്‍ന്നു. ബാരലിന് 152 ഡോളറില്‍ അധികമാണ് പുതിയ നിരക്ക്. മെയ് മാസത്തേക്കുള്ള ഓര്‍ഡറിനാണ് ഇത്രയും വില. യുദ്ധം തുടര്‍ന്നാല്‍ ഇനിയും വില ഉയര്‍ന്നേക്കും. തിങ്കളാഴ്ചത്തെ വിലയേക്കാള്‍ 5 ഡോളറാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. ഒമാന്‍ വഴിയുള്ള ചരക്കുകടത്തുകളും വര്‍ധിച്ചു എന്നാണ് വിവരം.
ഒമാന്‍-ഇറാന്‍ ബന്ധം ശക്തം
ജിസിസിയില്‍ ഇറാനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന രാജ്യമാണ് ഒമാന്‍. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചയ്ക്ക് വേദിയായത് ഒമാന്‍ ആയിരുന്നു. ചര്‍ച്ച നടക്കുന്നതിന് ഇടയിലാണ് അമേരിക്ക ആക്രമണം തുടങ്ങിയതും രംഗം വഷളായതും. ഒമാനെ ആക്രമിക്കില്ല എന്ന് ഇറാന്‍ സൂചിപ്പിച്ചിരുന്നു. ഒമാന്‍ ലക്ഷ്യമിട്ടുണ്ടായ ചില ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങള്‍ അല്ല എന്നും ഇറാന്‍ വ്യക്തമാക്കി.
ഇറാന്റെ ആത്മീയ നേതാവ് ആയിരുന്ന അലി ഖാംനഇ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മകന്‍ മുജ്തബ ഖാംനഇയാണ് പുതിയ പരമോന്നത നേതാവ്. ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആശംസ അറിയിച്ച ഏക ജിസിസി രാജ്യം ഒമാന്‍ ആണ്. അമേരിക്കന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ ആക്രമണം എന്ന് ഇറാന്‍ പറയുന്നു. ഒമാനില്‍ അമേരിക്കയുടെ സ്ഥിരമായ താവളങ്ങള്‍ ഇല്ല എന്നതും എടുത്തു പറയണം.
ഒമാന് പുറമെ ഈ വേളയില്‍ വലിയ ലാഭം കൊയ്യുന്ന മറ്റൊരു രാജ്യം റഷ്യയാണ്. അമേരിക്കയുടെ ഉപരോധം കാരണം റഷ്യയുടെ എണ്ണ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. ഇന്ത്യ ഉള്‍പ്പെടെ റഷ്യന്‍ എണ്ണയോട് മുഖം തിരച്ചു. അതിനിടെയാണ് യുദ്ധമുണ്ടായതും വിപണി സാഹചര്യം മാറിയതും. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്ക് അനുമതി നല്‍കി എന്നാണ് അടുത്തിടെ വന്ന വാര്‍ത്തകള്‍. എന്നാല്‍ പഴയ പോലെ വില കുറച്ച് എണ്ണ നല്‍കില്ല എന്ന നിബന്ധന വച്ചിരിക്കുകയാണ് റഷ്യ.












Click it and Unblock the Notifications