ഒമാന്‍ ഇത്തവണ തന്ത്രം മാറ്റി; സൗദി അറേബ്യയ്‌ക്കൊപ്പം ചേര്‍ന്നു, ദോഫാറില്‍ അപകടം മണത്തു
മസ്‌കത്ത്: പശ്ചിമേഷ്യയിലെയും ഗള്‍ഫിലെയും വിരുദ്ധ അഭിപ്രായങ്ങളില്‍ സമവായം കണ്ടെത്താന്‍ ശ്രമിക്കുന്ന മധ്യസ്ഥന്റെ റോളിലായിരുന്നു ഒമാന്‍. ഖത്തറിനെതിരായ ഉപരോധം, യുഎസ് ഇറാന്‍ തര്‍ക്കം, യമന്‍ യുഎസ് തര്‍ക്കം എന്നീ വിഷയങ്ങളിലെല്ലാം ഒമാന്‍ മധ്യസ്ഥന്റെ സ്ഥാനമാണ് നിര്‍വഹിച്ചത്. എന്നാല്‍ അടുത്തിടെ യമന്‍ വിഷയത്തില്‍ സൗദിയും യുഎഇയും രണ്ടുതട്ടിലായ വേളയില്‍ ഒമാന്‍ സൗദിക്കൊപ്പം നിന്നു.
യമനിലെ എസ്ടിസി വിമതര്‍ രണ്ട് ഗവര്‍ണറേറ്റുകളുടെ നിയന്ത്രണം പിടിച്ചതോടെയാണ് യുഎഇയും സൗദിയും ഉടക്കിയത്. യുഎഇ പിന്തുണ എസ്ടിസിക്കുണ്ട്. സൗദിയുടെ പിന്തുണ യമന്‍ സര്‍ക്കാരിനും. എസ്ടിസി കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുകയും തെക്കന്‍ യമന്‍ കേന്ദ്രമായുള്ള പഴയ രാജ്യം വീണ്ടും സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് സൗദി ശക്തമായ ആക്രമണം നടത്തിയത്.

സൗദി അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് എസ്ടിസി സാന്നിധ്യം ശക്തമാക്കിയത് സൗദി ഭരണകൂടത്തെ ആശങ്കയിലാക്കി. ഈ വേളയില്‍ എസ്ടിസിക്ക് എതിരായ വിവരങ്ങള്‍ സൗദി സഖ്യസേനയ്ക്ക് ഒമാന്‍ കൈമാറി. സൈനിക നടപടിയില്‍ എല്ലാ പിന്തുണയും ഒമാന്‍ നല്‍കിയെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് കാരണം എസ്ടിസി ശക്തിപ്പെടുന്നത് ഒമാന്റെ അതിര്‍ത്തിയില്‍ കൂടെ ആയിരുന്നു എന്നതാണ്.
എസ്ടിസിയുടെ വരവില്‍ ഒമാനും ആശങ്കയുണ്ടായിരുന്നു. പണ്ട് ദോഫാര്‍ മേഖലയിലെ വിമതര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നത് എസ്ടിസിക്ക് സ്വാധീനമുള്ള പ്രദേശത്തുള്ളവരായിരുന്നു. ഈ മേഖലയില്‍ എസ്ടിസി ശക്തിപ്പെട്ടാല്‍ ദോഫാര്‍ വീണ്ടും സംഘര്‍ഷ ഭരിതമാകുമെന്ന് ഒമന്‍ ഭയപ്പെടുന്നുണ്ട്. ഇതാണ് സൗദിയോടൊപ്പം ചേര്‍ന്ന് സൈനിക നടപടിക്ക് ഒമാന്‍ പിന്തുണ നല്‍കാന്‍ കാരണം എന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദോഫാറിലെ മാര്‍ക്‌സിസ്റ്റ് വിമതരെ പിന്തുണച്ചവര്‍
സൗദിയുടെ പിന്തുണയുള്ള ഔദ്യോഗിക സര്‍ക്കാര്‍, യുഎഇ പിന്തുണയ്ക്കുന്ന എസ്ടിസി, ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ എന്നിവരാണ് യമനിലെ ശക്തികള്‍. എസ്ടിസിക്ക് പിന്തുണ നല്‍കുന്ന യുഎഇയുമായി സൗദി ഉടക്കിയിരുന്നു. സാധാരണ സമാധാന പാതയും മാധ്യസ്ഥതയും ഇഷ്ടപ്പെടുന്ന ഒമാന്‍ പക്ഷേ, എസ്ടിസിയെ ഒതുക്കണം എന്ന നിലപാടാണ് ഇത്തവണ എടുത്തത്.
സൗദി അറേബ്യ ആക്രമണം ശക്തമാക്കിയതോടെ എസ്ടിസിയുടെ മേധാവി ഐദറോസ് അല്‍ സുബൈദി സോമാലിലാന്റ് വഴി യുഎഇയിലേക്ക് കടന്നു എന്നാണ് സൗദി അറിയിച്ചത്. എസ്ടിസി സോമാലിലാന്റിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ടത്രെ. സ്വതന്ത്രരാജ്യമായി സോമാലിലാന്റിനെ ഇസ്രായേല്‍ അടുത്തിടെ അംഗീകരിച്ചത് അറബ് രാജ്യങ്ങളുടെ എതിര്‍പ്പിന് കാരണമായിരുന്നു.
ദോഫാര്‍ മേഖലയില്‍ 1962 മുതല്‍ 1975 വരെ ശക്തമായ സംഘര്‍ഷം നടന്നിരുന്നു. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. യമനിലെ അന്നത്തെ നേതാക്കള്‍ ദോഫാറിലെ മാര്‍കിസ്റ്റ് ഒളിപ്പോരാളികള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. ഇനിയും സമാനമായ അവസ്ഥ വരുമെന്ന ആശങ്കയാണ് ഒമാനെ ഇത്തവണ സൗദിക്കൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications