ഒമാനും ഇന്ത്യയും ഒരുമിച്ച് വിളവെടുക്കും; നല്ല വാര്‍ത്ത ഉടന്‍ എന്ന് മന്ത്രി, എഫ്ടിഎ വന്നാല്‍ വന്‍ നേട്ടം
മസ്‌കത്ത്: ഇന്ത്യയും ഒമാനും പുതിയ തുടക്കത്തിനുള്ള പുറപ്പെടാണ്. സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ച അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. വൈകാതെ നല്ല വാര്‍ത്ത കേള്‍ക്കാം എന്നാണ് ഇതുസംബന്ധിച്ച് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പാരിസില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയത്.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) എന്ന പേരില്‍ അറിയപ്പെടുന്ന വ്യാപാര കരാറാണ് ഒമാനും ഇന്ത്യയും ഒപ്പുവയ്ക്കാന്‍ പോകുന്നത്. 2023 നവംബറിലാണ് ഇതു സംബന്ധിച്ച ചര്‍ച്ച ഇരുരാജ്യങ്ങളും തുടങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ ചര്‍ച്ചയ്ക്ക് വേണ്ടി പിയൂഷ് ഗോയല്‍ മസ്‌കത്ത് സന്ദര്‍ശിച്ചിരുന്നു. എന്തൊക്കെയാണ് കരാര്‍ നിലവില്‍ വന്നാലുള്ള നേട്ടം എന്നതാണ് പ്രധാന കാര്യം.

ഇന്ത്യയും ഒമാനും തമ്മില്‍ നല്ല വ്യാപാര ബന്ധം നിലവിലുണ്ട്. പുതിയ കരാര്‍ കൂടി ഒപ്പുവച്ചാല്‍ ഇത് ഇരട്ടിയില്‍ അധികമായി ഉയരും. മാത്രമല്ല, ഇരുരാജ്യങ്ങളും ചരക്കുകളുടെ നികുതികളില്‍ വിട്ടുവീഴ്ച ചെയ്യും. ഇതോടെ വ്യാപാരം ശക്തിപ്പെടും എന്നതാണ് നേട്ടം. ഇരുരാജ്യങ്ങളിലേക്കും ഇറക്കുകയും കയറ്റുകയും ചെയ്യുന്ന വസ്തുക്കളുടെ വില കുറയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സഹായിക്കും.
ജിസിസിയില്‍ ആറ് രാജ്യങ്ങളാണുള്ളത്. എല്ലാ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് വിപുലമായ വ്യാപാര ബന്ധമുണ്ട്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധമുള്ള ജിസിസിയിലെ മൂന്നാമത്തെ രാജ്യമാണ് ഒമാന്‍. ഇതിന് മുമ്പ് ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. ഈ കരാര്‍ ഇന്ത്യയുമായി ഒപ്പുവച്ചിട്ടുള്ള ഏക ജിസിസി രാജ്യം യുഎഇയാണ്. 2022 മെയ് മാസത്തിലായിരുന്നു കരാര്‍ ഒപ്പുവച്ചത്.
1050 കോടി ഡോളറിന്റെ വ്യാപാരം
ഇന്ത്യയും ഒമാനും തമ്മില്‍ 1050 കോടി ഡോളറിന്റെ വ്യാപാരമാണ് നിലവിലുള്ളത്. ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് 400 കോടി ഡോളറിന്റെ ചരക്കുകളാണ് 2024-25 സാമ്പത്തിക വര്‍ഷം അയച്ചത്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 654 കോടി ഡോളറിന്റെ ചരക്കുകളും. അതായത്, വ്യാപാര ബന്ധത്തില്‍ കൂടുതല്‍ നേട്ടം ഒമാനാണ്. അവിടെ നിന്ന് എണ്ണയും യുറിയയും മാത്രമല്ല ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
ഒമാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിന്റെ 70 ശതമാനവും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, യുറിയ എന്നിവയാണ്. പ്രൊപിലീന്‍, എഥിലീന്‍, പോളിമറുകള്‍, പെറ്റ് കോക്ക്, ജിപ്‌സം, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക് എന്നിവയും ഒമാനില്‍ നിന്ന് ഇന്ത്യ വാങ്ങുന്നു. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയ്ക്ക് ഒമാന്‍ വഴി മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ സാധിക്കും.
ഇന്ത്യയുടെ വിദേശ വ്യാപാരം ശക്തിപ്പെട്ടാല്‍ കൂടുതല്‍ സംരംഭക സാധ്യതകള്‍ തെളിയും. ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൂടുതല്‍ എത്താനും സഹായകമാകും. മാത്രമല്ല, കരാര്‍ ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. തുറമുഖ, വിമാനത്താവള സാധ്യതകള്‍ ഏറെയുള്ള ഒമാനുമായുള്ള സഹകരണം എന്തുകൊണ്ടും ഇന്ത്യയ്ക്ക് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.












Click it and Unblock the Notifications