ഒമാന്‍ ഇന്ത്യയുടെ വാതക കേന്ദ്രം; ഗുജറാത്തിലേക്ക് കടലിലൂടെ പൈപ്പിടും, 40,000 കോടിയുടെ വന്‍ പദ്ധതി
രാജ്യം നേരിടുന്ന വാതക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ഒമാനില്‍ നിന്ന് പ്പൈ് ലൈന്‍ വഴി ഇന്ത്യയിലേക്ക് വാതകം എത്തിക്കാനാണ് നീക്കം. ഇതിന് വേണ്ടി വന്‍ പദ്ധതിയാണ് ഒരുക്കുന്നത്. 40000 കോടി രൂപ ചെലവില്‍ കടലിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പോകുന്നു എന്നാണ് വിവരം. സ്വകാര്യ കമ്പനി പ്രാഥമിക സാധ്യതാ പഠനം നടത്തി. വിശദമായ പഠനത്തിന് പൊതുമേഖലാ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടും.
വാതകം ലഭിക്കാന്‍ സ്‌പോട്ട് എല്‍എന്‍ജി മാര്‍ക്കറ്റുകളെയാണ് ഇന്ത്യ ഇപ്പോള്‍ കൂടുതലും ആശ്രയിക്കുന്നത്. ഇത് പലപ്പോഴും നഷ്ടം വരുത്തുകയും ചെയ്യുന്നു. ഹോര്‍മുസ് പാത ഇറാന്‍ അടച്ചതിനാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വാതകം വരുന്നത് കുറഞ്ഞു. വാതകത്തിന് വേണ്ടി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് പശ്ചിമേഷ്യയെ ആണ്. ഈ സാഹചര്യത്തിലാണ് ഒമാനില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി വാതകം എത്തിക്കാന്‍ പോകുന്നത്.

ഒമാനില്‍ നിന്ന് അറബിക്കടലിലൂടെ 2000 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കും. ഗുജറാത്ത് തീരത്താണ് ഈ പൈപ്പ് ലൈന്‍ എത്തുക. യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വാതകം ഈ പൈപ്പ് ലൈന്‍ വഴി ഇന്ത്യയില്‍ എത്തിക്കാന്‍ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ സാധിക്കും. കൂടാതെ സൗദി അറേബ്യ, തുര്‍ക്ക്‌മെനിസ്താന്‍, ഇറാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാതകവും ഭാവിയില്‍ എത്തിക്കാം.
കടലിന്റെ ജലനിരപ്പില്‍ നിന്ന് 3450 മീറ്റര്‍ താഴെയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുക. പഠനം നടത്തിയ സ്വകാര്യ കമ്പനി 3000 മീറ്റര്‍ താഴെ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ താഴെ പൈപ്പ് സ്ഥാപിക്കാനാണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അറ്റക്കുറ്റ പണികള്‍ക്ക് തടസമില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഹോര്‍മുസ് വഴി അല്ലാതെ നേരിട്ട് ഇന്ത്യയിലേക്ക് വാതകം തടസമില്ലാതെ എത്തിക്കൊണ്ടിരിക്കും.
പൈപ്പ് ലൈന്‍ പദ്ധതി എന്ന് യാഥാര്‍ഥ്യമാകും?
ഇന്ത്യയില്‍ വാതകത്തിന്റെ ആവശ്യം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഒരു ദിവസം 190 മില്യണ്‍ സ്റ്റാന്റേര്‍ഡ് ക്യൂബിക് മീറ്റര്‍ വാതകമാണ് ഇന്ത്യയിലെ ഉപഭോഗം. 2030 ആകുമ്പോഴേക്കും ഇത് 300 മില്യണ്‍ വരെ ആയേക്കും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. പശ്ചിമേഷ്യയിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയും പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിലാക്കാന്‍ കാരണമായിട്ടുണ്ട്.
പദ്ധതി സംബന്ധിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ആദ്യം ചെയ്യാന്‍ പോകുന്നത്. നേരത്തെ ലഭിച്ച പ്രാഥമിക സാധ്യതാ പഠന റിപ്പോര്‍ട്ട് ഈ ഘട്ടത്തില്‍ പരിഗണിക്കും. ഗെയ്ല്‍, എഞ്ചിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ കമ്പനികളോട് വിശദമായ പഠനം നടത്താന്‍ വൈകാതെ ആവശ്യപ്പെടുമെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവരുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്ന് കരുതുന്നു. ശേഷം ഏഴ് വര്‍ഷത്തിനകം പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതോടെ ഹോര്‍മുസ് വഴി അല്ലാതെ തന്നെ ഇന്ത്യയിലേക്ക് വാതകം എത്തിക്കാന്‍ കഴിയും.















Click it and Unblock the Notifications