ഒമാന്‍ പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യയുടെ കടുംവെട്ട്, റദ്ദാക്കിയത് 14 ഗള്‍ഫ് വിമാനങ്ങള്‍
മസ്‌കത്ത്: മലയാളി പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ് റദ്ദാക്കല്‍. കേരളത്തിലേക്കുള്ള സര്‍വീസിന് പുറമെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളും കുറച്ചിട്ടുണ്ട്. ഫെബ്രുവരി ഒമ്പത് മുതല്‍ തുടങ്ങുന്ന സര്‍വീസ് വെട്ടിച്ചുരുക്കല്‍ മാര്‍ച്ച് 25 വരെ തുടരും.
ഗള്‍ഫ് പ്രവാസികളെയാണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം ബാധിക്കുക. ഒമാനില്‍ നിന്നുള്ള 14 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസ് വെട്ടിച്ചുരുക്കുമോ എന്ന് വ്യക്തമല്ല. അതേസമയം, കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിച്ചേക്കുമെന്ന സൂചനയും വന്നിട്ടുണ്ട്...

മസ്‌ക്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിരിക്കുന്നത്. ഓഫ് സീസണ്‍ ആയതിനാലാണ് തീരുമാനം എന്ന് ട്രാവല്‍ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരി ഒമ്പതിന് രാവിലെ 8.40ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന മസ്‌ക്കത്ത് വിമാനം റദ്ദാക്കിയിട്ടുണ്ട്. മസ്‌ക്കത്തില്‍ നിന്ന് അന്ന് 12.30ന് തിരുവനന്തപുരത്തേക്കുള്ള വിമാനവും ഉണ്ടാകില്ല.
ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 16 വരെ എല്ലാ ഞായറാഴ്ചകളിലും മസ്‌കത്ത്-തിരുവനന്തപുരം സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഫെബ്രുവരി 17 മുതല്‍ മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ ആറ് സര്‍വീസുണ്ടായിരുന്നത് നാലാക്കി ചുരുക്കി. കൊച്ചിയിലേക്കും സമാനമായ രീതിയില്‍ നാല് സര്‍വീസ് ആക്കിയിട്ടുണ്ട്. കോഴിക്കോട്ടെക്കുള്ള ഒമ്പതു സര്‍വീസുകള്‍ വെട്ടിയിട്ടുണ്ട്.
കോഴിക്കോട്ടേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും മസ്‌കത്തില്‍ നിന്ന് സര്‍വീസ് ഉണ്ട്. ഇതില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലെ പല സര്‍വീസുകളും ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി മാസം 9, 12, 15, 17, 19, 20, 24, 26, 27 തിയ്യതികളില്‍ കോഴിക്കോട് സര്‍വീസ് ഉണ്ടാകില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ ദിവസവും സമയവും കൃത്യമായി ഉറപ്പാക്കണം.
ഇതിനെല്ലാം പുറമെ മംഗലാപുരം, ചെന്നൈ, തിരുച്ചിറപ്പള്ളി എന്നീ വിമാനത്താവളങ്ങളിലേക്കുള്ള മസ്‌കത്ത് സര്‍വീസുകളിലും കുറവ് വരുത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലുള്ള പലരും മംഗലാപുരം വിമാനത്താവളത്തെയും ആശ്രയിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ യാത്ര നിര്‍ബന്ധമുള്ളവര്‍ ബദല്‍ മാര്‍ഗം തേടേണ്ടി വരും.
സന്തോഷം നല്‍കുന്ന വിവരം
അതേസമയം, കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കു നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിച്ചേക്കുമെന്നാണ് സന്തോഷം നല്‍കുന്ന വിവരം. സിയാല്‍ ഉദ്യോഗസ്ഥര്‍ എയര്‍ ഇന്ത്യയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുകയും അനുകൂലമായ ഉറപ്പ് നേടുകയും ചെയ്തുവെന്നാണ് സൂചന. മാര്‍ച്ച് അവസാനത്തില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. തുടര്‍ന്നാണ് പുതിയ ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications