ഒമാന്‍ വന്‍ മുന്നേറ്റം നടത്തി; ഖത്തര്‍ മാത്രമല്ല, അമേരിക്കയും വീണു, ഇന്ത്യയുടെ എല്‍എന്‍ജി ഇറക്കുമതി മാറി
ഇന്ത്യയുടെ എല്‍എന്‍ജി (ദ്രവ്യ പ്രകൃതി വാതകം) ഇറക്കുമതിയില്‍ വലിയ മാറ്റം സംഭവിക്കുന്നു. മുമ്പ് ഖത്തറില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എല്‍എന്‍ജി ഇറക്കിയിരുന്നത് എങ്കില്‍ പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതോടെ അമേരിക്ക ഈ പദവിയിലെത്തി. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. സെപ്തംബറില്‍ ഏറ്റവും കൂടുതല്‍ എല്‍എന്‍ജി ഇന്ത്യ ഇറക്കുമതി ചെയ്തത് ഒമാനില്‍ നിന്നാണ്.
ഇന്ത്യ മൊത്തം ഇറക്കുമതി ചെയ്തതിന്റെ 27 ശതമാനം ഒമാനില്‍ നിന്നാണ് എന്ന് സെപ്തംബറിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. നേരതത്തെ ഖത്തറില്‍ നിന്നാണ് ഇന്ത്യ 40 ശതമാനം ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ സെപ്തംബറില്‍ ഖത്തറില്‍ നിന്നുള്ള ഇറക്കുമതി വെറും 4 ശതമാനമായി കുറഞ്ഞു. ഹോര്‍മുസ് പ്രതിസന്ധിയിലായതിനാല്‍ ഖത്തറിന് വേണ്ടത്ര കയറ്റുമതി സാധ്യമാകാത്തതാണ് കാരണം.

ഒമാനില്‍ നിന്ന് 585000 ടണ്‍ എല്‍എന്‍ജിയാണ് ഇന്ത്യ സെപ്തംബറില്‍ വാങ്ങിയത്. ഓഗസ്റ്റില്‍ ഇറക്കുമതി ചെയ്തതിനേക്കാള്‍ 11.6 ശതമാനം കൂടുതലാണിത് എന്ന് കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യം നൈജീരിയ ആണ്. 351000 ടണ്‍ എല്‍എന്‍ജിയാണ് ഈ ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് ഇന്ത്യ വാങ്ങിയത്.
ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ എല്‍എന്‍ജി ഇന്ത്യ ഇറക്കിയത് അമേരിക്കയില്‍ നിന്നായിരുന്നു. 848000 ടണ്‍. എന്നാല്‍ സെപ്തംബറില്‍ അമേരിക്കയില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതിയില്‍ 59 ശതമാനം കുറവ് വന്നു. അതായത്, 347000 ടണ്‍ ആയി. ഒമാന്‍, നൈജീരിയ എന്നീ രാജ്യങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയുടെ സ്ഥാനം. യുഎഇക്കും അംഗോളയ്ക്കും ശേഷം ആറാം സ്ഥാനത്തായി മാറിയിരിക്കുകയാണ് ഖത്തര്‍.
സെപ്തംബറില്‍ യുഎഇയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത എല്‍എന്‍ജി 311000 ടണ്‍ ആണ്. അംഗോളയില്‍ നിന്ന് 205000 ടണ്‍. ഖത്തറില്‍ നിന്ന് 94000 ടണ്‍ മാത്രമായി. ഈ വര്‍ഷം ആദ്യത്തില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി കയറ്റുമതി ചെയ്തിരുന്ന രാജ്യമായിരുന്നു ഖത്തര്‍. ഖത്തറിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉല്‍പ്പാദന കേന്ദ്രമായ റാസ് ലഫാന് ഇറാന്റെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതോടെ കയറ്റുമതി പ്രതിസന്ധിയിലായി.
ഖത്തര്‍ കയറ്റുമതി പ്രതിസന്ധിയില്‍
ലോകത്തെ മൊത്തം എല്‍എന്‍ജി ഉല്‍പ്പാദനത്തില്‍ 19 ശതമാനം ഖത്തറിലായിരുന്നു. ഖത്തറും ഇറാനും അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് കൂറ്റന്‍ വാതക പാടം. യുദ്ധം കാരണം ഉല്‍പ്പാദന കേന്ദ്രത്തില്‍ കേടുപാടുകള്‍ സംഭവിച്ചതും ഹോര്‍മുസിലൂടെയുള്ള കയറ്റുമതി അസാധ്യമായതും ഖത്തറിന് തിരിച്ചടിയായി. ഇന്ത്യ ഈ വേളയില്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി.
യുഎഇയും ഒമാനും ഹോര്‍മുസ് വഴിയല്ല കയറ്റുമതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവിടെ നിന്ന് വാങ്ങുന്നത് ഇന്ത്യ വര്‍ധിപ്പിച്ചു. ഇറക്കുമതി പ്രതിസന്ധിയിലായതോടെ ഇന്ത്യ എല്‍എന്‍ജി വാങ്ങുന്നത് അല്‍പ്പം കുറച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ 2.5 മില്യണ്‍ ടണ്‍ ഇറക്കുമതി ചെയ്ത ഇന്ത്യ സെപ്തംബറില്‍ 2.17 മില്യണ്‍ ടണ്‍ ആയി കുറച്ചു. ആഭ്യന്തര ഉല്‍പ്പാദനം ക്രമേണ വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്.


Click it and Unblock the Notifications
