Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനില്‍ കനത്ത മഴ; ഗതാഗതം തടസപ്പെട്ടു, കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍

മസ്‌ക്കത്ത്: ജിസിസി രാജ്യങ്ങളില്‍ ചിലയിടത്ത് ശക്തമായ മഴ. ചില പ്രദേശങ്ങളില്‍ മഴയ്ക്ക് ശമനമുണ്ട്. യുഎഇയില്‍ മഴയ്ക്ക് കുറവുണ്ട് എന്നാണ് ഉച്ചയ്ക്ക് വരുന്ന വാര്‍ത്ത. അതേസമയം, ഒമാനില്‍ ശക്തമായ മഴ തുടരുകയാണ്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു.

ഒമാനില്‍ ന്യൂനമര്‍ദ്ദമാണ് മഴ ശക്തമാകാന്‍ കാരണമായി പറയപ്പെടുന്നത്. മിക്ക ഗവര്‍ണറേറ്റുകളിലും മഴ ലഭിച്ചു. രാത്രി പത്ത് മണി വരെ ചിലയിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. വെള്ളക്കെട്ടുകള്‍ പല ഭാഗങ്ങളിലും രൂപപ്പെട്ടതിനാല്‍ ഗതാഗതം തടസപ്പെട്ടു. വെള്ളക്കെട്ടുകള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്നാണ് നിര്‍ദേശം. ഒമാനില്‍ നിന്ന് യുഎഇയിലേക്കുള്ള ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി.

oman-uae-rain

ദോഫാര്‍ ഗവര്‍ണറേറ്റില്‍ ശക്തമായ മഴ ലഭിച്ചു. അല്‍ ബുറൈമി, അല്‍ ദഹിറ, മുസന്തം, നോര്‍ത്ത് അല്‍ ബത്തിന, സൗത്ത് അല്‍ ബത്തിനയുടെ ചില ഭാഗങ്ങള്‍, മസ്‌ക്കത്ത്, അല്‍ വുസ്ത എന്നീ ഗവര്‍ണറേറ്റുകളില്‍ മഴ മേഘങ്ങള്‍ ശക്തിപ്പെടുമെന്നാണ് കരുതുന്നത്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങള്‍ സംബന്ധിച്ചും സിവില്‍ ഏവിയേഷന്‍ അറിയിപ്പിലുണ്ട്. മുസന്തം, സൗത്ത് അല്‍ ഷര്‍ക്കിയ, അല്‍ വുസ്ത എന്നിവിടങ്ങളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

മഴയോടൊപ്പം ശക്തമായ കാറ്റും ഇടിയുമുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. ഉച്ചയോടെയാണ് കൂടുതല്‍ ഭാഗങ്ങളിലേക്ക് മഴ വ്യാപിച്ചത്. മിക്ക ഗവര്‍ണറേറ്റുകളിലും സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. മുവസലാത്ത് ഇന്‍ര്‍സിറ്റി ബസ് സര്‍വീസ് ചില റൂട്ടുകളില്‍ നിര്‍ത്തിവച്ചു. ഏതൊക്കെ റൂട്ടുകളിലാണ് നിര്‍ത്തിയത്, എപ്പോള്‍ പുനരാരംഭിക്കും എന്നീ വിവരങ്ങള്‍ കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിക്കും.

അതേസമയം, യുഎഇയില്‍ ശക്തമായ മഴയാണ് പെയ്തത്. റാസല്‍ഖൈമയിലെ ഒരു റോഡിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു. എമിറേറ്റ്‌സ് റോഡിലേക്കുള്ള തെരുവില്‍ മണ്ണിടിച്ചിലുണ്ടായി എന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായില്‍ ഡ്രൈവിങ് ക്ലാസുകളും ടെസ്റ്റുകളും ഇന്ന് റദ്ദാക്കിയിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് ചില ഭാഗങ്ങളില്‍ കൂടി നിലനില്‍ക്കുന്നു.

യുഎഇയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഇവ നീക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. ഷാര്‍ജയില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിരവധി വാട്ടര്‍ ടാങ്കറുകള്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ആകാശം തെളിഞ്ഞു. ദുബായില്‍ നിന്നുള്ള ചില വിമാന സര്‍വീസ് റദ്ദാക്കി. ഖത്തറിലും സൗദി അറേബ്യയിലെ ചില ഭാഗങ്ങളിലും കഴിഞ്ഞ രാത്രി മഴ പെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+