സൗദി അറേബ്യ-ഒമാന്‍ ബസ് യാത്ര; ടിക്കറ്റ് നിരക്ക്, പുറപ്പെടുന്ന സമയം, രേഖകള്‍... അറിയേണ്ടതെല്ലാം
മസ്‌ക്കത്ത്/റിയാദ്: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ നിന്ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് ആദ്യമായി പാസഞ്ചര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നു. വ്യാഴാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ട കമ്പനി അറിയിച്ചു. എംറ്റി ക്വാര്‍ട്ടര്‍ റോഡ് വഴി അല്‍ ഖഞ്ചരി ട്രാന്‍സ്‌പോര്‍ട്ട് ആണ് സര്‍വീസ് ഒരുക്കുന്നത്. യാത്രയുടെ വിവരങ്ങള്‍ അല്‍ ഖഞ്ചരി ട്രാന്‍സ്‌പോര്‍ട്ട് ഉടമ റാഷിദ് അല്‍ ഖഞ്ചരി പങ്കുവച്ചു.
മസ്‌ക്കത്തില്‍ നിന്ന് ദിവസവും രാവിലെ ആറ് മണിക്കാണ് ബസ് പുറപ്പെടുക. റിയാദില്‍ നിന്ന് വൈകീട്ട് അഞ്ച് മണിക്കും. ഏകദേശം 18-20 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടി വരിക. അതിര്‍ത്തിയിലെ ഇമിഗ്രേഷന്‍ നടപടികള്‍ ഉള്‍പ്പെടെയാണിത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് റിയാദില്‍ നിന്നുള്ള സമയത്തില്‍ മാറ്റം വരുത്തിയേക്കും.

ഒമാനില്‍ മൂന്ന് സ്‌റ്റോപ്പുകളാണുള്ളത്. റുവി, നിസ്‌വ, ഇബ്രി എന്നിവിടങ്ങളിലാകും സ്റ്റോപ്പുകള്‍. ദമ്മാം വഴിയാണ് റിയാദിലേക്ക് ബസ് എത്തുക. ഈ മാസം അവസാന ദിനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 25 ഒമാന്‍ റിയാല്‍ അല്ലെങ്കില്‍ 250 സൗദി റിയാല്‍ ആയിരിക്കും നിരക്ക്. ഈ മാസം കഴിഞ്ഞാല്‍ 35 ഒമാന്‍ റിയാലും 350 സൗദി റിയാലുമാകും ടിക്കറ്റ് നിരക്ക്.
ഏറ്റവും ചുരുങ്ങിയത് ഒരു യാത്രയ്ക്ക് 25 പേരെങ്കിലും വേണമെന്നാണ് സൗദി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നതത്രെ. ദമ്മാം വഴി പോകുമ്പോള്‍ അധിക ദൂരം യാത്ര വേണ്ടി വരും. മറ്റുചില കാര്യങ്ങള്‍ പരിഗണിച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നതെന്ന് ഖഞ്ചരി ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. രണ്ട് ഡ്രൈവര്‍മാര്‍ ഒരു സമയം ബസിലുണ്ടാകും.
സൗദി അറേബ്യയിലെയും ഒമാനിലേയും പൗരന്മാര്‍ക്ക് മാത്രമല്ല, പ്രവാസികള്‍ക്ക് വളരെ നേട്ടമാണ് പുതിയ ബസ് സര്‍വീസ്. ഒമാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്കും സൗകര്യപ്രദമാകുമിത്. സൗദി അറേബ്യ വിസ ഓണ്‍ അറൈവല്‍ അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രയ്ക്ക് മറ്റു തടസങ്ങളുണ്ടാകില്ല. ഒമാനില്‍ നിന്ന് സൗദിയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വിസ, പാസ്‌പോര്‍ട്ട് കോപ്പി, ഐഡി കാര്‍ഡ് എന്നിവ ആവശ്യമാണ്.
ഒമാനില്‍ നിന്ന് യുഎഇയിലേക്ക് നിലവില്‍ ബസ് സര്‍വീസുണ്ട്. സൗദിയിലേക്ക് ആദ്യമായിട്ടാണ് സര്‍വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക്കത്തില്‍ നിന്ന് അല്‍ഐന്‍ വഴി അബുദാബിയിലേക്കും റാസല്‍ഖൈമയിലേക്കുമുള്ള സര്‍വീസ് ആരംഭിച്ചത്. മസ്‌ക്കത്തില്‍ നിന്ന് ഷാര്‍ജയിലേക്കും വൈകാതെ ബസ് സര്‍വീസ് ആരംഭിക്കും. ഇതിന്റെ പ്രഖ്യാപനം നടന്നിരുന്നു.
ജിസിസിയിലെ ആറ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ശൃംഖല അധികൃതരുടെ ചര്‍ച്ചയിലാണ്. അതിനിടെയാണ് വിവിധ രാജ്യങ്ങളിലേക്ക് ഒമാനില്‍ നിന്ന് ബസ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. കൂടുതല്‍ പേരെ രാജ്യത്തേക്ക് അടുപ്പിക്കുക, യാത്ര സുഗമമാക്കുക എന്നിവ വഴി വരുമാനം ഇരട്ടിയാക്കാമെന്നാണ് ഒമാന്‍ അധികൃതരുടെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications