ഒമാന്‍ പ്രതീക്ഷിക്കുന്നത് 10 ലക്ഷം ഇന്ത്യക്കാരെ; വിപുലമായ പരിപാടി, ഒപ്പം കോടികള്‍ കടന്ന് വ്യാപാരം
മസ്‌കത്ത്: പതിറ്റാണ്ടുകളുടെ ബന്ധം തുടരുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഒമാനും. പുതിയ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കാന്‍ പോകുകയാണ് ഇരുരാജ്യങ്ങളും. അഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്ന ഒമാനില്‍ വലിയ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇനി ഇന്ത്യക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് ഒമാന്റെ തീരുമാനം.
ടൂറിസം മേഖല കൂടുതല്‍ സജീവമാക്കി ഇന്ത്യക്കാരെ ആകര്‍ഷിക്കുകയാണ് ഒമാന്‍. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍, ആഡംബര വിവാഹവേദി ഒരുക്കല്‍, സാഹസിക ടൂറിസം തുടങ്ങിയ കാര്യങ്ങളില്‍ വലിയ പദ്ധതികള്‍ നടപ്പാക്കി ഇന്ത്യക്കാരെ ആകര്‍ഷിക്കും. ഇതിന് വേണ്ടി ജയ്പൂരില്‍ പ്രചാരണ പരിപാടി ഒമാന്‍ സംഘടിപ്പിച്ചു. ഇരുരാജ്യങ്ങളിലെയും ടൂറിസം രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ഏഴ് ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് ഒമാന്‍ സന്ദര്‍ശിച്ചത്. ഇത് 10 ലക്ഷമാക്കി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് ഒമാന്‍ പൈതൃക-ടൂറിസം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ യൂസുഫ് ഖലഫ് അല്‍ മുജൈസി പറഞ്ഞു. ജയ്പൂരില്‍ മൂന്ന് ദിവസം നടന്ന ടൂറിസം പ്രചാരണ പരിപാടിയില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒമാനിലെ 25 കമ്പനികളും ഇന്ത്യയിലെ 150 ടൂര്‍ ഓപറേറ്റര്‍മാരും പങ്കെടുത്തു.
ഒമാന്‍ ഇന്ത്യ വ്യാപാരം ശക്തിപ്പെടുന്നു
ടൂറിസം മേഖലയ്ക്ക് പുറമെ വ്യാപാര രംഗത്തും ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ വൈകാതെ ഒപ്പുവയ്ക്കും. ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി ഇറക്കുമതിയില്‍ തീരുവ പൂര്‍ണമായും ഒഴിവാക്കുകയോ വലിയ തോതില്‍ കുറയ്ക്കുകയോ ചെയ്യും. ഇതോടെ വ്യാപാരം കൂടുതല്‍ ശക്തമാകും. നിക്ഷേപം കൂടുകയും ചെയ്യും.
2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1000 കോടി ഡോളറിലധികം ആണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, അരി, ഇരുമ്പ്, ഉരുക്ക്, അലുമിനിയം ഓക്‌സൈഡ്, യന്ത്രസാമഗ്രികള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയാണ് ഇന്ത്യ ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍.
അതേസമയം, ക്രൂഡ് ഓയില്‍, യൂറിയ, പ്രൊപ്പിലീന്‍, എഥിലിന്‍ പോളിമറുകള്‍, ജിപ്‌സം, രാസവസ്തുക്കള്‍ എന്നിവയാണ് ഒമാനില്‍ നിന്ന് ഇന്ത്യ പ്രധാനമായും ഇരക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ ഇറക്കുമതിയുടെ 70 ശതമാനത്തിലധികവും പെട്രോളിയം ഉല്‍പ്പന്നങ്ങളും യൂറിയയുമാണ്. ഒമാന്‍-ഇന്ത്യ ഫെര്‍ട്ടിലൈസര്‍ കമ്പനി, ഭാരത്-ഒമാന്‍ ഓയില്‍ റിഫൈനറി എന്നിവ ഉള്‍പ്പെടെ ഒമാനില്‍ ഇന്ത്യയുടെ നിരവധി സംയുക്ത സംരംഭങ്ങളും നിക്ഷേപങ്ങളും ഉണ്ട്.












Click it and Unblock the Notifications