Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന് ചൈനീസ് ലോട്ടറി: എത്തുന്നത് 1.1 ബില്യണ്‍ ഡോളർ; വമ്പന്‍ ലിഥിയം പ്ലാന്റ് നിർമ്മിക്കും

സമീപകാലത്തായി തങ്ങളുടെ നാട്ടിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി വിവിധ തരത്തിലുള്ള പദ്ധതികളാണ് ഒമാന്‍ ഭരണകൂടം ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. ക്രൂഡ് ഓയില്‍ ഇതരമേഖലയിലെ വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വിദേശ നിക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നത്. ഇപ്പോഴിതാ ഈ നീക്കങ്ങളില്‍ ശ്രദ്ധേയമായ ഒരു മുന്നേറ്റം നടത്താന്‍ ഒമാന് സാധിച്ചിരിക്കുകയാണ്.

ചൈനീസ് കമ്പനിയായ സോങ്കെ ഇലക്ട്രിക് ഒമാനിലെ ഒരു ലിഥിയം ബാറ്ററി മെറ്റീരിയൽ നിർമ്മാണ കേന്ദ്രത്തിൽ 8 ബില്യൺ യുവാനിന്റെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത. അതായത് 1.1 ബില്യൺ ഡോളർ. സോഹാർ തുറമുഖത്തെ ഫ്രീസോണിലുമായിരിക്കും പ്ലാന്റ് നിർമ്മിക്കുക. രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു പ്ലാന്റിന്റെ നിർമ്മാണമെന്നും സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷാങ്ഹായ് മീഡിയ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ഭാഷാ വാർത്താ വിഭാഗമായ യികായ് ഗ്ലോബൽ കമ്പനിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

oman-main

36 മാസം കൊണ്ട് പൂർത്തിയാകുന്ന ഓരോ ഘട്ടത്തിനും 100000 ടൺ ലിഥിയം ബാറ്ററി ആനോഡ് ഘടകങ്ങളുടെ വാർഷിക ഉൽപാദന ശേഷി ഉണ്ടായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതിയിലേക്ക് സോങ്കെ പുതിയ നിക്ഷേപകരെക്കൂടി കൊണ്ടുവന്നേക്കാമെന്ന സൂചനയുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.

വിദേശ വിപണിയിലെ ആവശ്യം നിറവേറ്റുന്നതിനും ലിഥിയം ബാറ്ററി വിതരണ ശൃംഖലയിലെ ഉയർന്നുവരുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്താനും ഇതിലൂടെ ഒമാന് സാധിക്കും. അതേസമയം തന്നെ മൊറോക്കോയിലെ 694 മില്യൺ ഡോളർ മൂല്യമുള്ള ഫാക്ടറിയുടെ നിർമ്മാണം സോങ്കെ മാറ്റിവച്ചതായും റിപ്പോർട്ടിൽ പറയുന്നു. 100000 ടൺ ലിഥിയം-അയൺ ബാറ്ററി ആനോഡ് വസ്തുക്കളുടെ വാർഷിക ഉൽപ്പാദനം സാധ്യമാക്കുന്ന തരത്തിലായിരുന്നു ഈ പ്ലാന്റും രൂപകൽപ്പന ചെയ്തിരുന്നത.

ലിഥിയം-അയൺ ബാറ്ററികൾക്കായുള്ള ആനോഡ് വസ്തുക്കളുടെ ചൈനയുടെ മുൻനിര വിതരണക്കാരിൽ ഒരാളാണ് സോങ്കെ. കഴിഞ്ഞ വർഷം കമ്പനിയുടെ കയറ്റുമതി നിരക്ക് 225700 ടൺ ആയിരുന്നു. ഇതിലൂടെ 5 ബില്യൺ യുവാന്റെ വരുമാനവും കമ്പനിക്ക് ലഭിച്ചു. 2024 ഓഗസ്റ്റിൽ, ഒമാനിലെ ചൈനീസ് നിക്ഷേപം 6.6 ബില്യൺ ഡോളറിലധികം എത്തിയെന്നും ഇതിൽ 76 ശതമാനവും ഊർജ്ജ, പെട്രോകെമിക്കൽസ് മേഖലയിലാണെന്നും അറബിക് പത്രമായ അൽ റോയയും റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം തന്നെ, ചൈനയുടെ ഷാങ്ഹായ് ഇലക്ട്രിക് വിൻഡ് പവർ ഗ്രൂപ്പ് ഒമാന്റെ വ്യാവസായിക നഗരമായ ദുഖമിൽ ഒരു കാറ്റാടി ഫാക്ടറി നിർമ്മിക്കുന്നതിനായി 200 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചിരുന്നു. കരാർ പ്രകാരം ചൈനയുടെ ജെഎ സോളാർ ഒമാന്റെ വടക്കന്‍ മേഖലയില്‍ 564 മില്യൺ ഡോളറിന്റെ സൗരോർജ്ജ നിലയം സ്ഥാപിക്കും.

അടുത്ത കാലത്തായി ഗള്‍ഫ് മേഖലയുമായുള്ള ബന്ധം ചൈന കൂടുതല്‍ ശക്തിപ്പെടുത്തി വരികയാണ്. ജൂൺ 9 മുതൽ സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ ചൈനയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.

ബിസിനസ്സ്, ടൂറിസം, കുടുംബ സന്ദർശനങ്ങൾ അല്ലെങ്കിൽ സാംസ്കാരിക വിനിമയങ്ങൾ എന്നിവയ്ക്കായി 30 ദിവസം വരെ ചൈനയിൽ തങ്ങാൻ ഉദ്ദേശിക്കുന്നവർക്കായിരിക്കും വീസ രഹിത പ്രവേശനം ലഭിക്കുക. ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം തുടരും.

ചൈനയിലെയും ഗൾഫ് രാജ്യങ്ങളിലെയും നേതാക്കൾ ക്വാലാലംപൂരിൽ കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ചൈനക്ക് പുറമെ, ജി സി സി, ആസിയാന്‍ സംഘടനകളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തില്‍ പ്രാദേശിക സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും യുഎസുമായുള്ള വ്യാപാര പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനുള്ള കാര്യങ്ങളും ചർച്ച ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+