സ്വർണം കുഴിച്ചെടുക്കാന്‍ ഒമാനും; കൂടെ മറ്റുള്ളവയും: ശരിക്കും കോളടിച്ചത് ഇന്ത്യന്‍ കമ്പനിക്ക്, 30 കോടിയുടെ കരാർ
രാജ്യത്തെ ധാതു ഖനന പ്രവർത്തനങ്ങള്‍ സജീവമാക്കാനുള്ള നീക്കം ഒമാന്‍ ആരംഭിച്ചിട്ട് നാളുകള്‍ ഏറെയായി. ഇപ്പോഴിതാ ഒരു ഇന്ത്യന്‍ കമ്പനിക്ക് ഖനന പ്രവർത്തനങ്ങള്‍ക്കായി 30 കോടിയുടെ കരാർ നല്‍കിയിരിക്കുകയാണ് ഒമാന്‍. ഖനന, പര്യവേഷണ സേവന മേഖലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനമായ സൗത്ത് വെസ്റ്റ് പിനാക്കിൾ എക്സ്പ്ലോറേഷൻ ലിമിറ്റഡാണ് നറൽസ് ഡവലപ്മെന്റ് ഒമാൻ (MDO) നിന്നും കരാർ കരസ്ഥമാക്കിയിരിക്കുന്നത്.
ഒമാനിലെ കൺസെഷൻ ഏരിയകളായ 12 B, 13 എന്നിവിടങ്ങളിൽ ചെമ്പ്, സ്വർണം, ക്രോമൈറ്റ് എന്നിവയുടെ പര്യവേഷണവും ഖനനവും നടത്തുന്നതിനാണ് ഈ കരാർ. ഏകദേശം രണ്ട് വർഷത്തെ കാലയളവിൽ, സൗത്ത് വെസ്റ്റ് പിനാക്കിളിന്റെ സംയുക്ത സംരംഭമായ അലാറ റിസോഴ്സസ് എൽഎൽസി (ARL) ഒമാൻ വഴിയായിരിക്കും പ്രവർത്തനങ്ങള്‍ നടപ്പിലാക്കു.

ഒമാനിലെ ധാതു വിഭവങ്ങളുടെ വാണിജ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് മിനറൽസ് ഡവലപ്മെന്റ് ഒമാന്റെ പ്രധാന ദൗത്യം. ഈ കരാർ, ഒമാന്റെ ധാതുസമ്പത്തിന്റെ സുസ്ഥിരമായ വികസനത്തിനും സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിനും ഊന്നൽ നൽകുമെന്നും സ്ഥാപനം വ്യകതമാക്കുന്നു. ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ഖനന, പര്യവേഷണ സേവനങ്ങളിൽ വൈദഗ്ധ്യം നേടിയ സൗത്ത് വെസ്റ്റ് പിനാക്കിൾ എക്സ്പ്ലോറേഷൻ ഈ രംഗത്തെ പ്രമുഖ കമ്പനികളിലൊന്നാണ്.
ഈ കരാർ സൗത്ത് വെസ്റ്റ് പിനാക്കിളിന് മിഡിൽ ഈസ്റ്റിലെ ഖനന മേഖലയിൽ കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുമെന്നും പ്രതീക്ഷിക്കുന്നു. രണ്ട് വർഷത്തെ ഈ പ്രോജക്ട്, കമ്പനിയുടെ സാങ്കേതിക വൈദഗ്ധ്യവും പ്രവർത്തന മികവും പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്. കൂടാതെ, ഇന്ത്യൻ കമ്പനികൾക്ക് അന്താരാഷ്ട്ര ഖനന വിപണിയിൽ കൂടുതൽ സ്വീകാര്യത നേടാനും ഈ കരാർ വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ചെമ്പ്, സ്വർണം, ക്രോമൈറ്റ് എന്നിവയുടെ പര്യവേഷണവും ഖനനവും സജീവമാക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തമാക്കാമെന്ന് ഒമാന്‍ പ്രതീക്ഷിക്കുന്നു. ഈ ധാതുക്കൾക്ക് വിവിധ വ്യവസായ മേഖലകളിൽ, പ്രത്യേകിച്ച് നിർമ്മാണം, ഇലക്ട്രോണിക്സ്, ലോഹ വ്യവസായം എന്നിവയിൽ വലിയ ഡിമാൻഡാണുള്ളത്.
ധാതുസമ്പത്തിന്റെ കാര്യത്തിൽ മിഡിൽ ഈസ്റ്റിലെ പ്രധാന രാജ്യങ്ങളിലൊന്നാണ് ഒമാന്‍. ചെമ്പ്, സ്വർണം, ക്രോമൈറ്റ് തുടങ്ങിയ ധാതുക്കൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിനും എണ്ണയെ ആശ്രയിക്കുന്നതിൽ നിന്ന് മാറി മറ്റ് വരുമാന സ്രോതസ്സുകൾ വികസിപ്പിക്കുന്നതിനും നിർണ്ണായകമാണ്.
അടുത്തിടെ സൊഹാറിലെ ലസെയിൽ ഖനിയിൽ നിന്നുള്ള ചെമ്പ് കയറ്റുമതി ഒമാന്‍ പുനഃരാരംഭിച്ചിരുന്നു. ഏകദേശം 30 വർഷങ്ങള്‍ക്ക് ശേഷമാണ് ഒമാന്‍ ചെമ്പ് കയറ്റുമതി ചെയ്യുന്നത്. 900 ടൺ പ്രീമിയം കോപ്പർ കോൺസൺട്രേറ്റുകളുടെ ആദ്യ കയറ്റുമതി സൊഹാർ തുറമുഖം വഴി മിനറൽസ് ഡെവലപ്‌മെൻ്റ് ഓഫ് ഒമാൻ കയറ്റി ചെയ്തു. 18 ശതമാനം മുതൽ 22 ശതമാനം വരെ സാന്ദ്രതയുള്ള ചെമ്പാണ് കയറ്റുമതി ചെയ്തതെന്നും ഒമാൻ ന്യൂസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
വർഷം 500000 ടൺ ചെമ്പ് അയിര് ഉൽപ്പാദനമെന്ന ലക്ഷ്യമാണ് രാജ്യം മുന്നോട്ട് വെക്കുന്നതെന്ന് ഒമാൻ മിനറൽസ് ഡെവലപ്‌മെൻ്റ് കമ്പനി സി ഇ ഒ മതർ ബിൻ സലേം അൽ-ബാദി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ലസെയ്ൽ ഖനിയിലെ ഉല്‍പാദന വർധനവ് ഈ ലക്ഷം കൈവരിക്കുന്നതിലെ നിർണ്ണായക ചുവടുവെപ്പാണ്. വൈകാതെ തന്നെ അൽ-ബൈദ ഖനിയിൽ നിന്നുള്ള ഉല്‍പാദവനും ആരംഭിക്കും. ഇതോടെ രാജ്യത്തിന് കൂടുതല്‍ ചെമ്പ് കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ചെമ്പ് ഖനനത്തിൻ്റെ 3000 വർഷത്തെ പാരമ്പര്യമുള്ള മേഖലയാണ് ലസെയ്ൽ. ഒമാനിലെ രണ്ട് പ്രധാനപ്പെട്ട ഖനികളും ചേർന്ന് ഏകദേശം 2.78 ദശലക്ഷം ടൺ ചെമ്പ് അയിര് കരുതൽ ശേഖരം കൈവശം വച്ചിട്ടുണ്ട്.












Click it and Unblock the Notifications