ഒമാന്‍ തിരിച്ചയക്കുമോ ആ 80 യുവതികളെ? കാരണം അമേരിക്കയും ട്രംപും, സംഭവം ഇങ്ങനെ
മസ്‌ക്കത്ത്: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി എത്തിയതോടെ ഒട്ടേറെ മാറ്റങ്ങളായി നടപ്പാക്കുന്നത്. അമേരിക്കയുടെ പണം വിദേശത്തേക്ക് പോകുന്നത് തടയുക എന്ന ലക്ഷ്യമാണ് ട്രംപിന്. അമേരിക്കയുടെ അന്താരാഷ്ട്ര വികസന ഏജന്‍സി (യുഎസ്എഐഡി) യുടെ സഹായത്തില്‍ കഴിഞ്ഞിരുന്ന 80 യുവതികളുണ്ട് ഒമാനില്‍. ട്രംപ് ഫണ്ട് നിര്‍ത്തിയതോടെ ഇവരും വെട്ടിലായി.
കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ താരിഫ് പോര് നടത്തുകയാണ് ട്രംപ്. ഇന്ത്യയ്‌ക്കെതിരെയും അദ്ദേഹം ഭീഷണി മുഴക്കി കഴിഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്ക് പണം നല്‍കില്ലെന്ന് ട്രംപ് പറയുന്നു. നാറ്റോയ്ക്ക് നല്‍കുന്ന സഹായവും നിര്‍ത്തുമെന്ന് അറിയിച്ചു. റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ യുക്രൈനെ സഹായിച്ചിരുന്ന അമേരിക്ക ഇപ്പോള്‍ നിലപാട് മാറ്റി. ഇതിനിടെയാണ് ഒമാനിലെ യുവതികളുടെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നത്...

അഫ്ഗാനിലെ 80ലധികം യുവതികളാണ് ഒമാനില്‍ കഴിയുന്നത്. ഇവരുടെ വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് അമേരിക്കയാണ്. ട്രംപ് ഫണ്ട് നിര്‍ത്തിയതോടെ ഇവരുടെ പഠനം നിലയ്ക്കാന്‍ പോകുകയാണ്. അമേരിക്കയുടെ വുമണ്‍ സ്‌കോളര്‍ഷിപ്പ് എന്റോവ്‌മെന്റ് എന്ന പ്രോഗ്രാമിന് കീഴിലാണ് ഈ യുവതികള്‍ക്ക് പണം എത്തിയിരുന്നത്.
ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുകയാണ് അഫ്ഗാനിലെ യുവതികള്‍. 20 വയസിന് മുകളിലുള്ളവരാണ് എല്ലാവരും. ഫണ്ട് നിര്‍ത്തിയെന്ന് ഇവര്‍ക്ക് മെയില്‍ വന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് എയ്ഡ് പ്രോഗ്രാം നിര്‍ത്തിവച്ചതാണ് കാരണം എന്നും മെയിലില്‍ സൂചിപ്പിച്ചു. ഇവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും മെയിലിലുണ്ട്.
അമേരിക്ക പ്രതികരിച്ചിട്ടില്ല
പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം എന്ന് അഫ്ഗാന്‍ യുവതികള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അമേരിക്ക വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് എയ്ഡ് വെബ്‌സൈറ്റിലെ മീഡിയ കോണ്‍ടാക്ട് പേജ് ഓഫായിരിക്കുകയാണ്.
അമേരിക്ക 20 വര്‍ഷം അധിനിവേശം നടത്തിയ രാജ്യമാണ് അഫ്ഗാനിസ്താന്‍. 2021ല്‍ താലിബാന്‍ അധികാരം തിരിച്ചുപിടിക്കുന്ന വേളയില്‍ അമേരിക്കയുടെ സ്‌കോളര്‍ഷിപ്പില്‍ പഠനം നടത്തുകയായിരുന്നു യുവതികള്‍. 2022 ഡിസംബര്‍ വരെ ഇവര്‍ അഫ്ഗാന്‍ സര്‍വകലാശാലകളില്‍ പഠനം തുടരുകയും ചെയ്തു.
താലിബാന്‍ അധികാരത്തിലെത്തിയ വേളയില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ശക്തമാക്കിയിരുന്നു. സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത് 2022ല്‍ താലിബാന്‍ തടഞ്ഞു. ഇതോടെ യുവതികള്‍ പാകിസ്താനിലേക്ക് പലായനം ചെയ്തു. പിന്നീടാണ് അമേരിക്കന്‍ ഏജന്‍സി ഒമാനില്‍ പഠന സൗകര്യം ഒരുക്കിയതും യുവതികള്‍ ഒമാനിലെത്തിയതും.
താലിബാന്‍ അധികാരത്തിലെത്തിയതോടെ രാജ്യം വിട്ട പലരും അഫ്ഗാനില്‍ തിരിച്ചെത്തിയിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക സഹായം നിലയ്ക്കുന്നതോടെ ഒമാനിലെ യുവതികളും ഇനി അഫ്ഗാനിലേക്ക് മടങ്ങേണ്ടി വരും. അമേരിക്ക പാതിവഴിയില്‍ സ്‌കോളര്‍ഷിപ്പ് നിര്‍ത്തുന്നത് നിയമ വിരുദ്ധമാണ് എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications