യുഎഇയേയും സൗദിയേയും പോലെയല്ല; പാകിസ്താനില്‍ വേറിട്ട നീക്കവുമായി ഒമാന്‍, നിങ്ങള്‍ക്ക് ഇങ്ങോട്ട് വരാം
സാമ്പത്തിക പ്രതിസന്ധിയാല്‍ ഉലയുന്ന പാകിസ്താനില്‍ യു എ ഇയും സൗദി അറേബ്യയും വലിയ രീതിയില്‍ നിക്ഷേപം നടത്തുന്ന വാർത്തകളാണ് അടുത്തിടെയായി വന്നത്. ഖനികളില്‍ തുടങ്ങി പാകിസ്താന്റെ പൊതു മേഖല സ്ഥാപനങ്ങളില്‍ വരെ ഇത്തരത്തില്‍ നിക്ഷേപമുണ്ടായി. ഇതിന് പുറമെ പ്രത്യേക വായ്പകളും ഈ രാജ്യങ്ങള്‍ പാകിസ്താന് നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാന്‍ ഈ സഹായം അവർക്ക് വലിയ സഹായകവുമാവുന്നുണ്ട്.
ഒരുവശത്ത് ഗള്‍ഫ് രാജ്യങ്ങള്‍ പാകിസ്താനെ ഇത്തരത്തില്‍ സഹായിക്കുമ്പോള്‍ മറുവശത്ത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ സമീപനമാണ് ഒമാന്‍ സ്വീകരിച്ചിരിക്കുന്നത്. എണ്ണ നിക്ഷേപങ്ങളാല്‍ സമ്പന്നമായ തങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താൻ പാകിസ്താനില്‍ നിന്നുള്ള വ്യാപാരികളെ ക്ഷണിച്ചിരിക്കുകയാണ് ഒമാന്‍. ബിസിനസ് സമൂഹത്തിന് വലിയ നേട്ടങ്ങൾ നൽകുന്ന രാജ്യത്ത് നിക്ഷേപത്തിന് വിപുലമായ അവസരങ്ങളുണ്ടെന്നും ഒമാൻ കോൺസൽ ജനറൽ സമി അബ്ദുല്ല സലിം അൽ ഖൻജാരി വ്യക്തമാക്കി.

പെട്രോകെമിക്കൽ പോലുള്ള മേഖലകളിൽ ഒമാനിൽ പുതിയ വ്യാപാര സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ കഴിയും. സംയുക്ത സംരംഭങ്ങളും ബിസിനസ് കരാറുകളും ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങളെ കൂടുതൽ അടുപ്പിക്കുകയും അവരുടെ സമ്പദ്‌വ്യവസ്ഥയെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യും. ഇതുവഴി സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ കെമിക്കൽസ് ആൻഡ് ഡൈസ് മർച്ചന്റ്സ് അസോസിയേഷൻ (പി സി ഡി എം എ) ചെയർമാൻ സലിം വാലിമുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി കോൺസുലേറ്റിൽ നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു സമി അബ്ദുല്ല സലിം അൽ ഖൻജാരി.
ഒമാൻ സന്ദർശിക്കാനും, പെട്രോകെമിക്കൽ മേഖലയും മറ്റ് വ്യവസായങ്ങളും പര്യവേക്ഷണം ചെയ്യാനും അദ്ദേഹം വ്യാപാരികളെ ക്ഷണിച്ചു. അതൊടൊപ്പം തന്നെ ഒമാനി വ്യാപാരികളുമായി ബിസിനസ്-ടു-ബിസിനസ് മീറ്റിംഗുകൾ നടത്താനും കോൺസൽ ജനറൽ പി സി ഡി എം എ പ്രതിനിധി സംഘത്തിന് ക്ഷണമുണ്ട്. കോൺസുലേറ്റിന്റെ നേതൃത്വത്തില്‍ തന്നെ സംഘടിപ്പിക്കും. പി സി ഡി എം എ ശുപാർശകളുടെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് വിസ സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വ്യാവസായിക അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒമാനിലെ ലഭ്യമായ അവസരങ്ങളെക്കുറിച്ച് പി സി ഡി എം എ ചെയർമാൻ സലിം വലിമുഹമ്മദും വിശദീകരിച്ചു. ഒമാനി വ്യാപാരികളുമായുള്ള ബിസിനസ്-ടു-ബിസിനസ് മീറ്റിംഗുകൾ, ബന്ധങ്ങൾ, വ്യാപാര അവസരങ്ങൾ എന്നിവയുടെ സാധ്യതകളും അദ്ദേഹം വ്യക്തമാക്കി.
പാക് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനുള്ള ക്ഷണം സ്വാഗതം ചെയ്ത അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിനിധി സംഘങ്ങളുടെ കൈമാറ്റം പരസ്പര വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ബിസിനസ്സ് ബന്ധങ്ങൾ വികസിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു. ഈ നടപടികള്‍ ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുമെന്നും സലിം വലിമുഹമ്മദ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications