പാകിസ്താന്‍ സേനാ മേധാവി വരുന്നത് വെറുതെ അല്ല; ലക്ഷ്യം ഇറാന്‍ യുദ്ധമോ മക്ക കരാറോ?
പാകിസ്താന്‍ സേനാ മേധാവി അസിം മുനീര്‍ ഇന്ന് ഇറാനിലെത്തും. ഇറാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തി രമ്യതയ്ക്ക് കളമൊരുക്കുകയാണ് ലക്ഷ്യം. അസിം മുനീര്‍ ഇന്ന് തെഹ്‌റാനില്‍ എത്തുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗാഇ പറഞ്ഞു. യുഎസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്താനാണ് മധ്യസ്ഥത വഹിക്കുന്നത്.
ഇറാനും പാകിസ്താനും ആദ്യം അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കും. ഇറാന്റെ ആവശ്യങ്ങള്‍ അറിയുകയാണ് അസിം മുനീറിന്റെ ലക്ഷ്യം. ഇക്കാര്യം പിന്നീട് അമരിക്കന്‍ പ്രതിനിധികളെ അറിയിക്കും. രണ്ട് വിഭാഗവും മുന്നോട്ട് വെക്കുന്ന വിഷയങ്ങളില്‍ രമ്യതയുണ്ടാക്കിയ ശേഷമാകും ഇറാനും അമേരിക്കയും നേരിട്ട് ചര്‍ച്ച നടത്തുക.

അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല എന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്ക വാക്കുകള്‍ ഇടയ്ക്കിടെ മാറ്റുകയാണെന്നും നേരത്തെ തയ്യാറാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചു എന്നുമാണ് ഇറാന്‍ പറയുന്നത്. അടുത്തിടെ ഒമാനുമായി ഹോര്‍മുസ് വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലും അമേരിക്കയെ ഉള്‍പ്പെടുത്താന്‍ ഇറാന്‍ തയ്യാറായിരുന്നില്ല.
മേഖലയിലെ വിഷയങ്ങളില്‍ അമേരിക്ക ഇടപെടേണ്ട എന്നാണ് ഇറാന്റെ നിലപാട്. അമേരിക്കന്‍ സൈന്യം പശ്ചിമേഷ്യ വിട്ടുപോകണമെന്നും അമേരിക്കന്‍ സൈനികരെ സഹായിക്കുന്ന ജിസിസി രാജ്യങ്ങളെ ആക്രമിക്കുമെന്നും ഇറാന്‍ പറയുന്നു. അതേസമയം, ഹോര്‍മുസ് കടല്‍പാത അമേരിക്കയുടെതാണ് എന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. മേഖലയുടെ നിയന്ത്രണം അമേരിക്കന്‍ സൈന്യത്തിനാണ് എന്നും അദ്ദേഹം വാദിക്കുന്നു.
അസിം മുനീര്‍ വരുന്നത് മറ്റൊരു ലക്ഷ്യത്തോടെ
പാകിസ്താന്‍ സേനാ മേധാവി ഇറാനിലെത്തുന്നത് മറ്റൊരു ലക്ഷ്യത്തോടെയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സൗദി അറേബ്യ-പാകിസ്താന്‍-തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ മക്ക പ്രതിരോധ കരാറിന്റെ ഭാഗമാകാന്‍ ഇറാനെയും ക്ഷണിക്കുകയാണ് ലക്ഷ്യമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഇറാന് ക്ഷണം നേരത്തെ ലഭിച്ചു എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
മക്ക കരാര്‍, ഹൂതി ആക്രമണം, ഇറാന്‍-അമേരിക്ക യുദ്ധം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യം എന്നിവയെല്ലാം ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്ക ഉപരോധം ചുമത്തി ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നല്‍ ഇതിനെ സൈനികമായി നേരിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും നടപടി എടുക്കുമെന്നാണ് അമേരിക്ക പറയുന്നത്. ഇതോടെ ജിസിസി രാജ്യങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. ഒന്നുകില്‍ അമേരിക്കന്‍ ഉപരോധം, അല്ലെങ്കില്‍ ഇറാന്റെ ആക്രമണം, രണ്ടിലൊന്ന് നേരിടേണ്ടി വരുമെന്ന അവസ്ഥയിലാണ് ജിസിസി രാജ്യങ്ങള്‍.





Click it and Unblock the Notifications