അടുത്ത മാസം പെട്രോളിനും ഡീസലിനും വില കൂടും; ആശങ്കയില്‍ യുഎഇ നിവാസികള്‍
ആഗോള വിപണിയില്‍ ക്രൂഡ് ഒായില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഒക്ടോബറില്‍ ഇന്ധന വില വര്‍ധിക്കും എന്ന ആശങ്കയിലാണ് യുഎഇ നിവാസികള്‍. സെപ്റ്റംബറിലെ മിക്ക ദിവസങ്ങളിലും ആഗോള എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലായിരുന്നതിനാല്‍, അടുത്ത മാസം യുഎഇയില്‍ പെട്രോള്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
യുഎസ്-ഇറാന്‍ സംഘര്‍ഷം, ഹോര്‍മുസ് കടലിടുക്ക് അടച്ചിടല്‍, സൗദിയിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെയുള്ള ഹൂതികളുടെ ആക്രമണം എന്നിവ ആഗോള ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തിയതോടെ, സെപ്റ്റംബറിലെ മിക്ക ദിവസങ്ങളിലും ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലാണ് വ്യാപാരം നടന്നതും അവസാനിച്ചതും.

2026 ഓഗസ്റ്റില്‍ ബാരലിന് 87.7 ഡോളറായിരുന്ന ശരാശരി വില സെപ്റ്റംബറില്‍ 101 ഡോളറിന് അല്പം മുകളിലായിരുന്നു. അതിനാല്‍, അടുത്ത മാസം ആഗോള നിരക്കുകള്‍ക്കനുസൃതമായി പ്രാദേശിക ഇന്ധനവിലയില്‍ മാറ്റം വരുത്തും. ആഗോള നിരക്കുകളുമായി പൊരുത്തപ്പെടുന്നതിനായി 2015-ല്‍ യുഎഇ പ്രാദേശിക ഇന്ധനവില നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നു. അതിനാല്‍, പരിഷ്‌കരിച്ച നിരക്കുകള്‍ എല്ലാ മാസാവസാനവും പ്രഖ്യാപിക്കുന്നു.
സെപ്റ്റംബറില്‍, ഇന്ധനവില ലിറ്ററിന് ഏകദേശം 0.20 ദിര്‍ഹം വര്‍ധിപ്പിച്ചു. ഇതോടെ സൂപ്പര്‍ 98, സ്‌പെഷ്യല്‍ 95, ഇ-പ്ലസ് 91 എന്നിവയുടെ വില യഥാക്രമം ലിറ്ററിന് 3.8 ദിര്‍ഹം, 3.69 ദിര്‍ഹം, 3.61 ദിര്‍ഹം എന്നിങ്ങനെയായി. വ്യാഴാഴ്ച രാവിലെ ബ്രെന്റ്, ഡബ്ല്യുടിഐ എന്നിവ യഥാക്രമം 103.2 ഡോളര്‍, 92.19 ഡോളര്‍ എന്നീ നിരക്കുകളിലാണ് വ്യാപാരം നടത്തിയത്.
'യുഎസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളിലാണ് വിപണികള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിലയിലുണ്ടായ സമീപകാല ഇടിവ് ബ്രെന്റ് ക്രൂഡ് ഓയിലിനെ ജൂണിനു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വിലയിടിവ് പ്രവണതയിലേക്ക് നയിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം മെച്ചപ്പെട്ടത് ക്രൂഡ് ഓയില്‍ വിലയില്‍ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് കാരണമായ ഉടനടിയുള്ള വിതരണ ആശങ്കകള്‍ക്ക് അയവുവരുത്തി,' സെഞ്ച്വറി ഫിനാന്‍ഷ്യലിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ വിജയ് വാലേച്ച പറഞ്ഞു.
ഈ വര്‍ഷം ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 70 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും, മിഡില്‍ ഈസ്റ്റിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ഭീഷണിയും റഷ്യന്‍ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും തുടരുന്നതിനാല്‍ വിതരണ സാഹചര്യം ഇപ്പോഴും അസ്ഥിരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപകാല ആക്രമണങ്ങളെത്തുടര്‍ന്ന് തകരാറിലായ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്ലൈന്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യ തുടരുകയാണ്. അതേസമയം, ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കിയുള്ള ബദല്‍ പാതകളെക്കുറിച്ചുള്ള അനിശ്ചിതത്വം ആഗോള ഊര്‍ജ്ജ വിതരണത്തില്‍ ഈ ജലപാതയ്ക്കുള്ള നിര്‍ണായക പ്രാധാന്യം എടുത്തുകാണിക്കുന്നു. നിലവില്‍, ഗതാഗത സാഹചര്യങ്ങളിലുണ്ടാകുന്ന പുരോഗതിയും നയതന്ത്ര നീക്കങ്ങളും വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
എന്നിരുന്നാലും, വിതരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍, നിലവിലെ വിലയിടിവ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഇടിവായി മാറുമോ എന്ന് വിലയിരുത്തുന്നതില്‍ വിപണിയെ സംബന്ധിച്ചിടത്തോളം ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന് അടുത്തുള്ള നിലവാരം നിര്‍ണായകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications
