ഖത്തർ സമ്മതിച്ചു; അഞ്ച് വർഷം ആ ഇന്ധനം ഇന്ത്യയിലേക്ക് ഒഴുകും: പക്ഷെ ഇത് ക്രൂഡ് ഓയില്‍ അല്ല
ദോഹ: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് വന്‍ തോതില്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍ എന്‍ ജി) എത്തും. ഇന്ത്യയിലെ മുൻനിര പ്രകൃതിവാതക വിതരണക്കാരായ ഗെയിലിന് അഞ്ച് വർഷത്തേക്ക് ദ്രവീകൃത പ്രകൃതി വാതകം നൽകാനുള്ള കരാറിന് ഖത്തർ സമ്മതിച്ചുവെന്നാണ് വിവധി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഖത്തർ എനർജി ട്രേഡിംഗ് കമ്പനി ഏപ്രില്‍ മുതല്‍ ഗെയിലിന് പ്രതിമാസം ഒരു കാർഗോ വീതം അയക്കുമെന്നാണ് റിപ്പോർട്ട്. ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എം എം ബി ടി യു) 5.5 മുതല്‍ 6 ഡോളവർ വരെ വിലയായിരിക്കും ഖത്തർ ഈടാക്കുക. ഗെയിലുമായി ഖത്തർ എനർജി ട്രേഡിംഗ് കമ്പനി നടത്തുന്ന ഏറ്റവും വലിയ ഇടപാടുകളിലൊന്നാണ് ഇത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് ഖത്തർ എനർജിയും ഗെയിലും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2030ഓടെ രാജ്യത്തെ എനർജി മിക്സിലെ എല്‍ എന്‍ ജി പങ്ക് നിലവിലെ 6.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗെയില്‍ എല്‍ എന്‍ ജി ഇറക്കുമതി കൂടുതല്‍ ശക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ എൽ എൻ ജി കയറ്റുമതിക്കാരില്‍ ഒരാളായ ഖത്തറില്‍ നിന്നുമാണ് ഇന്ത്യയും വലിയ തോതില്‍ വാതകം വാങ്ങിക്കുന്നത്.
മറ്റൊരു മുൻനിര വിതരണക്കാരായ അമേരിക്കയില്‍ നിന്നുള്ള മത്സരം വർദ്ധിക്കുന്നതിനാൽ ഏഷ്യയിലും യൂറോപ്പിലേയും വിപണി വിഹിതം പിടിക്കാന്‍ വലിയ ശ്രമങ്ങളാണ് ഖത്തർ നടത്തുന്നത്. 2027 ഓടെ ദ്രവീകരണ ശേഷി പ്രതിവർഷം 142 ദശലക്ഷം ടണ്ണായി വികസിപ്പിക്കുകയാണ് ഖത്തർ ഭരണകൂടത്തിന്റെ ലക്ഷ്യം. നിലവില്‍ 77 ദശലക്ഷ ടണ്‍ പ്രകൃതി വാതകമാണ് ഖത്തർ ഉത്പാദിപ്പിക്കുന്നത്.
നിലവിലുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ അയഞ്ഞ വ്യവസ്ഥകളിൽ ഇന്ത്യൻ കമ്പനികള്‍ക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ഈ വർഷം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഡെസ്റ്റിനേഷൻ-ഫ്ലെക്സിബിൾ കാർഗോകളും കുറഞ്ഞ വിലയും വാഗ്ദാനം ചെയ്യുന്ന കരാർ ഇന്ത്യന്‍ കമ്പനികള്‍ക്കും കൂടുതല്‍ ലാഭകരമായി മാറിയിട്ടുണ്ട്.
യുഎസ് നിന്നുള്ള മത്സരം വർദ്ധിക്കുന്നതിനാൽ ഏഷ്യയിലും യൂറോപ്പിലും ഇളവുകളോടെ വലിയ തോതില്‍ എല്‍ എന്‍ ജി വിതരണം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കരാർ. ഇന്ത്യക്ക് പുറമെ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഖത്തറില്‍ നിന്നും വലിയ തോതില്‍ എല്‍ എൻ ജി ഇറക്കുമതി ചെയ്യുന്നുണ്ട്. 2023 ല്‍ യൂറോപ്യൻ കമ്പനികളായ ഷെൽ, ടോട്ടൽ എനർജീസ്, ഇഎൻഐ എന്നിവയുമായി ഖത്തർ എനർജി ദീർഘകാല കരാറുകളിൽ ഒപ്പുവെച്ചിരുന്നു.












Click it and Unblock the Notifications