ഖത്തര്‍ എയര്‍വേയ്‌സ് വീണു, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കയറി; ലോകത്തെ മികച്ച 10 വിമാനങ്ങള്‍
ലോകത്തെ മികച്ച വിമാന കമ്പനികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഖത്തര്‍ എയര്‍വേയ്‌സ് താഴേക്ക്. ഒന്നാം സ്ഥാനം പിടിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. സ്‌കൈട്രാക്‌സ് പഠന ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഖത്തര്‍ എയര്‍വേയ്‌സ് ഒരടി താഴേക്ക് പോയത്. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ യുദ്ധം കാരണം വിമാന സര്‍വീസ് താളംതെറ്റിയതാണ് ഖത്തര്‍ എയര്‍വേയ്‌സിന് തിരിച്ചടിയായത്.
രണ്ടര കോടി യാത്രക്കാരില്‍ നിന്നുള്ള പ്രതികരണം അടിസ്ഥാനമാക്കിയാണ് ഏറ്റവും മികച്ച വിമാനങ്ങളെ തിരഞ്ഞെടുത്തത്. ലണ്ടനില്‍ ഇന്ന് പ്രഖ്യാപിച്ച പട്ടികയില്‍ ഏഷ്യയില്‍ നിന്നുള്ള വിമാനങ്ങളാണ് മികച്ച മുന്നേറ്റം നടത്തിയത്. യൂറോപ്പില്‍ നിന്ന് എയര്‍ ഫ്രാന്‍സ് മാത്രമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്. ഒരു അമേരിക്കന്‍ കമ്പനിയും ആദ്യ പത്തില്‍ ഇല്ല.

കൃത്യസമയം സര്‍വീസ് നടത്തുക, മികച്ച സേവനം നല്‍കുക, യാത്രക്കാരുടെ അനുഭവം തുടങ്ങിയ ഒരുപിടി കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് മികച്ച വിമാന കമ്പനികളുടെ പട്ടിക തയ്യാറാക്കുന്നത്. ഖത്തറിന്റെയും യുഎഇയുടെയും വിമാന കമ്പനികള്‍ ഇത്തവണയും ആദ്യ പത്തില്‍ ഇടംപിടിച്ചെങ്കിലും ഖത്തര്‍ എയര്‍വേയ്‌സിന് ഒന്നാം സ്ഥാനം നഷ്ടമായി.
ആദ്യ പത്തില്‍ ഇടം നേടിയ വിമാന കമ്പനികള്‍
1 സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
2 ഖത്തര്‍ എയര്‍വേയ്‌സ്
3 കത്തായ് പസഫിക് എയര്‍വേയ്‌സ്
4 എഎന്‍എ ആള്‍ നിപ്പോണ്‍ എയര്‍വേയ്‌സ്
5 ടര്‍ക്കിഷ് എയര്‍ലൈന്‍സ്
6 എമിറേറ്റ്‌സ്
7 എയര്‍ ഫ്രാന്‍സ്
8 ഹൈനാന്‍ എയര്‍ലൈന്‍സ്
9 ജപ്പാന്‍ എയര്‍ലൈന്‍സ്
10 കൊറിയന്‍ എയര്‍.
ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ലോകത്തെ മികച്ച വിമാന കമ്പനിയായി ഒമ്പത് തവണ ഖത്തര്‍ എയര്‍വേയ്‌സ് തിരഞ്ഞെടുത്തിട്ടുണ്ട്. ഇത്തവണ ഇറാന്‍-അമേരിക്ക യുദ്ധമാണ് തിളക്കം കുറച്ചത്. പലപ്പോഴും വിമാന സര്‍വീസ് റദ്ദാക്കേണ്ട അവസ്ഥ വന്നിരുന്നു കമ്പനിക്ക്. പിന്നീട് ഘട്ടങ്ങളായി സര്‍വീസ് പുനസ്ഥാപിക്കുകയാണ് ചെയ്തത്. മേഖലയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പല ജിസിസി വിമാന കമ്പനികളും ഈ പ്രതിസന്ധി നേരിട്ടിട്ടുണ്ട്.


Click it and Unblock the Notifications
