ഖത്തര്‍ അമീര്‍ ശൈഖ് തമീം നാളെ എത്തും; കോടികളുടെ കരാര്‍ പ്രതീക്ഷയില്‍ ഇന്ത്യ, 10 വര്‍ഷത്തിന് ശേഷം
ന്യൂഡല്‍ഹി: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി നാളെ ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം വരുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ശൈഖ് തമീം ചര്‍ച്ച നടത്തും. മന്ത്രിമാരും ബിസിനസുകാരും നിക്ഷേപകരും ഉള്‍പ്പെടെ വന്‍ പടയും ഖത്തര്‍ അമീറിനൊപ്പം നാളെ ന്യൂഡല്‍ഹിയില്‍ എത്തുന്നുണ്ട്.
കോടികളുടെ കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ജിസിസി രാജ്യമാണ് ഖത്തര്‍. പ്രധാനമന്ത്രി മോദി കഴിഞ്ഞ വര്‍ഷം ഖത്തറില്‍ സന്ദര്‍ശനം നടത്തുകയും അമീറുമായി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ദോഹയിലെത്തിയതും നിര്‍ണായക നീക്കങ്ങളുടെ ഭാഗമാണ്...

ഫെബ്രുവരി 17, 18 ദിവസങ്ങളിലാണ് ഖത്തര്‍ അമീറും ദോഹയില്‍ നിന്നുള്ള പ്രതിനിധികളും ഇന്ത്യയിലുണ്ടാകുക. ഖത്തര്‍ അമീറിന്റെ രണ്ടാം ഇന്ത്യന്‍ സന്ദര്‍ശനമാണിത്. 2015 മാര്‍ച്ചിലാണ് ഇതിന് മുമ്പ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചത്. സുപ്രധാന വാണിജ്യ കരാറുകളില്‍ അന്ന് ചര്‍ച്ച നടക്കുകയും ധാരണയിലെത്തുകയും ചെയ്തിരുന്നു. തുടര്‍ നടപടികള്‍ പിന്നീട് നടന്നുവെങ്കിലും ഡല്‍ഹിയിലെത്തുമ്പോള്‍ ഏതൊക്കെ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് ഇനി അറിയേണ്ടത്.
ഈ വര്‍ഷം ഖത്തര്‍ അമീര്‍ നടത്തുന്ന രണ്ടാമത്തെ വിദേശ സന്ദര്‍ശനമാണിത് എന്ന പ്രത്യേകതയും എടുത്തു പറയണം. പ്രസിഡന്റ് പലായനം ചെയ്യുകയും വിമതര്‍ ഭരണം പിടിക്കുകയും ചെയ്ത സിറിയയിലേക്കായിരുന്നു അമീറിന്റെ ആദ്യ സന്ദര്‍ശനം. സിറിയയുടെ പുനരുദ്ധാരണത്തിന് വേണ്ടി കോടികള്‍ ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായി വന്‍ തുകയ്ക്കുള്ള കരാറുകള്‍ ഒപ്പുവയ്ക്കുന്ന ഖത്തര്‍, സമാനമായ നീക്കം ഇന്ത്യയുമായും നടത്തിയേക്കും.
ഫെബ്രുവരി 17ന് ഖത്തര്‍ അമീര്‍ ഇന്ത്യയില്‍ എത്തുമെങ്കിലും 18ന് ആയിരിക്കും പ്രധാന ചര്‍ച്ചകള്‍. ഖത്തറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക സൗഹൃദമാണ് ഇന്ത്യയുമായിട്ടുള്ളത്. ഖത്തറിലെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യക്കാരാണ്, പ്രത്യേകിച്ച് മലയാളികള്‍. ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകള്‍ ഖത്തര്‍ അടുത്തിടെ നന്ദിയോടെ സ്മരിച്ചിരുന്നു.
ചാരവൃത്തിക്കേസില്‍ ഇന്ത്യയുടെ മുന്‍ നാവികരെ ഖത്തര്‍ കോടതി അടുത്തിടെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എട്ടില്‍ ഏഴ് പേരെയും പിന്നീട് ഖത്തര്‍ അമീറിന്റെ പ്രത്യേക ഉത്തരവ് പ്രകാരം വിട്ടയക്കുകയും അവര്‍ ഇന്ത്യയില്‍ മടങ്ങി എത്തുകയും ചെയ്തു. ഒരാള്‍ ഇപ്പോഴും ഖത്തറില്‍ തുടരുകയാണ്. ഇക്കാര്യത്തിലുള്ള തുടര്‍ ചര്‍ച്ചകള്‍ ചൊവ്വാഴ്ച നടന്നേക്കും.
ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍, ക്രൂഡ് ഓയിലിനേക്കാള്‍ ഖത്തറിന് വരുമാനം പ്രകൃതി വാതകത്തില്‍ നിന്നാണ്. ഇന്ത്യയുമായി ഖത്തറിന് എല്‍എന്‍ജി കരാര്‍ നിലവിലുണ്ട്. ഇനി പുതിയ കരാര്‍ ഒപ്പുവയ്ക്കുമോ എന്നാണ് അറിയേണ്ടത്. കൂടാതെ, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവങ്ങളും ഖത്തര്‍ അമീറും നരേന്ദ്ര മോദിയും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications