ദോഹയില്‍ ചരിത്രം വഴിമാറി: ഖത്തറുമായി 243 ബില്യൺ ഡോളറിന്റെ കരാറുകൾ പ്രഖ്യാപിച്ച് ട്രംപ്
ദോഹ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഖത്തർ സന്ദർശനത്തിനിടെ, യുഎസും ഖത്തറും തമ്മില്‍ 243.5 ബില്യൺ ഡോളറിലധികം മൂല്യമുള്ള സാമ്പത്തിക കരാറുകൾ ഒപ്പുവെച്ചു. ഈ കരാറിലൂടെ 1.2 ട്രില്യൺ ഡോളറിന്റെ വൻ സാമ്പത്തിക വിനിമയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. വൈറ്റ് ഹൗസിന്റെ പ്രസ്താവനയനുസരിച്ച്, ഈ കരാറുകൾ അമേരിക്കയുടെ നിർമ്മാണം, സാങ്കേതിക നേതൃത്വം, തൊഴിൽ സൃഷ്ടി എന്നിവയെ ശക്തിപ്പെടുത്തുകയും പുതിയ സുവർണ യുഗത്തിലേക്ക്"അമേരിക്കയെ നയിക്കുകയും ചെയ്യും.
ബോയിംഗ്, ജിഇ എയ്‌റോസ്‌പേസ്, റേതിയോൺ, ജനറൽ അറ്റോമിക്സ് തുടങ്ങിയ യുഎസ് കമ്പനികളുമായുള്ള പ്രധാന ഡീലുകളും ഖത്തറിന്റെ അൽ ഉദൈദ് എയർ ബേസിലെ 38 ബില്യൺ ഡോളറിന്റെ ഭാവി നിക്ഷേപങ്ങളെക്കുറിച്ചുള്ള പ്രസ്താവനയും ഉള്‍ക്കൊള്ളുന്നു.

ഖത്തർ എയർവേയ്‌സ് ബോയിംഗിൽ നിന്ന് 210 വൈഡ്‌ബോഡി ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള 96 ബില്യൺ ഡോളറിന്റെ കരാറാണ് ഏറ്റവും പ്രധാനം. ഇത് ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈഡ്‌ബോഡി ഓർഡർ ആണ്. 160 ഫേം ഓർഡറുകളും (130 ബോയിംഗ് 787 ഡ്രീംലൈനറുകളും 30 ബോയിംഗ് 777X വിമാനങ്ങളും) 50 വിമാനങ്ങൾക്കുള്ള ഓപ്ഷനുകളും ഈ ഡീലിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
ട്രംപ്, ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി, ബോയിംഗ് സിഇഒ കെല്ലി ഒർട്ട്‌ബെർഗ്, ഖത്തർ എയർവേയ്‌സ് സിഇഒ ബദർ മുഹമ്മദ് അൽ-മീർ എന്നിവർ ദോഹയിലെ അമീരി ദിവാനിൽ നടന്ന കരാർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു. ട്രംപ് പറഞ്ഞതനുസരിച്ച്, ഇത് ബോയിംഗിന്റെ "ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് ഓർഡർ" ആണ്. എന്നിരുന്നാലും, ട്രംപ് തന്റെ പ്രസംഗത്തിൽ ഈ ഡീലിന്റെ മൂല്യം 200 ബില്യൺ ഡോളറാണെന്ന് പറഞ്ഞെങ്കിലും, വൈറ്റ് ഹൗസ് പിന്നീട് 96 ബില്യൺ ഡോളറാണെന്ന് വ്യക്തമാക്കി.
ഖത്തർ 2 ബില്യൺ ഡോളറിന്റെ കരാറിലൂടെ എട്ട് MQ-9B "സീഗാർഡിയൻ" ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും കാരാറായി. 200 ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂനിഷനുകൾ, 300 500-പൗണ്ട് ബോംബുകൾ, 110 ഹെൽഫയർ II മിസൈലുകൾ, ലിയനാർഡോയുടെ റഡാറുകൾ, ഇലക്ട്രോണിക് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിവയും വാങ്ങും. ഈ കരാർ 2020 മുതൽ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.
1 ബില്യൺ ഡോളറിന്റെ കരാർ വഴി ഖത്തറിന് കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ (FS-LIDS) നൽകും, ഇത് റേതിയോണിന്റെ ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഖത്തറിനെ മാറ്റുന്നു. യുഎസിന്റെ ഏറ്റവും വലിയ മിഡിൽ ഈസ്റ്റ് ബേസായ അൽ ഉദൈദ് എയർ ബേസിന്റെ ബർഡൻ-ഷെയറിംഗ്, എയർ ഡിഫൻസ്, മാരിടൈം സെക്യൂരിറ്റി എന്നിവയ്ക്കായി 38 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളുമുണ്ടാകും.












Click it and Unblock the Notifications