ഖത്തര്‍ ലോക സമ്പന്ന രാജ്യം; ഒപ്പം സിംഗപ്പൂരും ബ്രൂണെയും, അറിയാം 10 രാജ്യങ്ങളുടെ പട്ടിക
ദോഹ: ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പന്നമായ രാജ്യം ഏതാണ്. അമേരിക്കയും ബ്രിട്ടനും റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള വമ്പന്‍ രാജ്യങ്ങളുടെ പേരാകും ആദ്യം മനസില്‍ തെളിയുക. എന്നാല്‍ ഇവയൊന്നും സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇല്ല. വേള്‍ഡ് അറ്റ്‌ലസ് തയ്യാറാക്കിയ പട്ടികയിലെ വിവരങ്ങള്‍ രസകരമാണ്.
ഐഎംഎഫിന്റെ 2025ലെ ആളോഹരി ജിഡിപി അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് സമ്പന്ന രാജ്യങ്ങളുടെ പട്ടിക വേള്‍ഡ് അറ്റ്‌ലസ് തയ്യാറാക്കിയത്. മുമ്പ് ജിഡിപി നോക്കിയാണ് ഓരോ രാജ്യങ്ങളുടെയും ശക്തി പരിഗണിച്ചിരുന്നത്. എന്നാല്‍ ജിഡിപി പെര്‍കാപിറ്റ വച്ചാണ് പുതിയ പരിശോധന. അതായത്, ജിഡിപിയെ ജനസംഖ്യ കൊണ്ട് തട്ടിച്ചുനോക്കിയാണ് ഈ പരിശോധന. താരതമ്യേന വ്യക്തമായ കണക്ക് കിട്ടാന്‍ ഇത് സഹായിക്കും.

രാജ്യത്തിന്റെ സാമ്പത്തിക ശേഷി, ജീവിത നിലവാരം എന്നിവ പരിശോധിക്കുന്ന രീതിയാണ് പര്‍ച്ചൈസിങ് പവര്‍ പാരിറ്റി (പിപിപി). മൊത്തം ജിഡിപി നോക്കി കരുത്ത് പരിശോധിക്കുന്നതിനേക്കാല്‍ മികച്ച രീതിയാണിത്. ഒരേ സാധനം വിവിധ രാജ്യങ്ങളില്‍ വാങ്ങുന്നതിന് വരുന്ന ചെലവ്, അതു വാങ്ങാനുള്ള ജനങ്ങളുടെ ശേഷി എന്നിവയാണ് ഇവിടെ പരിശോധിക്കുക.
കറന്‍സികളുടെ മൂല്യം വ്യത്യസ്തമാകുന്നതിനാല്‍ ജിഡിപി വച്ച് ജനങ്ങുടെ സാമ്പത്തിക ഭദ്രത പരിശോധിക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ നൂറ് രൂപയ്ക്ക് വാങ്ങാന്‍ കിട്ടുന്ന സാധനം അമേരിക്കയില്‍ നൂറ് രൂപയ്ക്ക് കിട്ടണം എന്നില്ല. അതുകൊണ്ടുതന്നെ ഒരേ വസ്തുവിന് അമേരിക്കയിലും ഇന്ത്യയിലും യുഎഇയിലും വാങ്ങുന്നതിനുള്ള ജനങ്ങളുടെ സാമ്പത്തിക ശേഷി പരിശോധിക്കുന്നതാണ് പിപിപിയിലെ ജിഡിപി പെര്‍കാപിറ്റ കണക്കാക്കല്‍.
ഖത്തര്‍ അഞ്ചാം സ്ഥാനത്ത്
ഇങ്ങനെ നോക്കുമ്പോള്‍ വന്‍കിട രാജ്യങ്ങള്‍ സമ്പന്ന രാജ്യമാകണം എന്നില്ല. വേള്‍ഡ് അറ്റ്‌ലസ് തയ്യാറാക്കിയ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ കൊച്ചുരാജ്യമായ ലിസ്റ്റന്‍സ്റ്റൈന്‍ ആണ് ഒന്നം സ്ഥാനത്ത്. ഇവിടെയുള്ള ആളോഹരി ജിഡിപി 201112 ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള സിംഗപ്പൂരില്‍ ആളോഹരി വരുമാനം 156969 ഡോളറാണ്.ലോകത്തെ പ്രധാന വ്യാപാര-ധനകാര്യ ഹബ്ബാണ് സിംഗപ്പൂര്‍.
മൂന്നാം സ്ഥാനത്ത് ലക്‌സംബര്‍ഗ് ആണ്. 152394 ഡോളര്‍ ആണ് ഈ രാജ്യത്തെ ആളോഹരി വരുമാനം. 147878 ഡോളര്‍ ആളോഹരി വരുമാനമുള്ള അയര്‍ലാന്റ് ആണ് നാലാം സ്ഥാനത്ത്. സാങ്കേതിക വിദ്യയും മരുന്ന് നിര്‍മാണവുമാണ് ഈ രാജ്യത്തെ സമ്പന്നമാക്കുന്നത്. അഞ്ചാം സ്ഥാനത്ത് ജിസിസി രാജ്യമായ ഖത്തര്‍ ആണ്. ജിസിസിയില്‍ നിന്ന് സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക രാജ്യവും ഖത്തരാണ്.
122282 ഡോളര്‍ ആണ് ഖത്തറിലെ ജനങ്ങളുടെ ആളോഹരി വരുമാനം. പ്രകൃതി വാതകമാണ് ഖത്തറിന്റെ വരുമാന മാര്‍ഗം. കൂടാതെ പെട്രോളിയം ശേഖരവും. ഇതില്‍ നിന്നുള്ള വരുമാനം മറ്റു മേഖലയിലേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഖത്തറിനെ സമ്പന്നമാക്കുന്നത്. നോര്‍വെ, സ്വിറ്റ്‌സര്‍ലാന്റ്, ബ്രൂണെ ദാറുസ്സലാം, ഗയാന, അമേരിക്ക എന്നീ രാജ്യങ്ങളും ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.












Click it and Unblock the Notifications