ഖത്തര്‍ ബാങ്കിലേക്ക് 600 കോടി ഡോളര്‍; അമേരിക്ക കടുംപിടിത്തം വിട്ടു... ആ തുക മറ്റൊരു രാജ്യത്തേക്ക്
ദോഹ: ജിസിസിയിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്കക്ക് മികച്ച ബന്ധമാണ്. മേഖലയില്‍ അമേരിക്ക വെല്ലുവിളി നേരിടുന്ന വേളയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുക്കുന്ന രാജ്യമാണ് ഖത്തര്‍. അഫ്ഗാനില്‍ നിന്ന് 20 വര്‍ഷത്തെ അധിനിവേശം മതിയാക്കി മടങ്ങാന്‍ അമേരിക്കന്‍ സൈന്യത്തിന് വഴിയൊരുക്കിയത് ഖത്തര്‍ ഭരണകൂടമായിരുന്നു. പിന്നീടുള്ള ഒഴിപ്പിക്കലിന് ചുക്കാന്‍ പിടിച്ചതും ഖത്തര്‍ തന്നെ.
അമേരിക്കയും അഫ്ഗാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ച നടന്നതും ഖത്തറിലാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചര്‍ച്ച നടന്നതും ഖത്തറില്‍ തന്നെ. സൗദിയും ഇറാനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അറിയിച്ചിരുന്നു എങ്കിലും ചൈനയുടെ നീക്കമാണ് ഇക്കാര്യത്തില്‍ വിജയം കണ്ടത്.

അമേരിക്കയും ഇറാനും തമ്മില്‍ ഏറെ നാളായി അനുരജ്ഞന ചര്‍ച്ച നടന്നുവരികയാണ്. ഇരുരാജ്യങ്ങളും ഏകദേശ ധാരണയിലെത്തുകയും ചെയ്തു. അമേരിക്ക തടവിലാക്കിയ അഞ്ച് ഇറാന്‍കാരെ വിട്ടയക്കാമെന്നാണ് ധാരണ. പകരം ഇറാന്‍ തടവിലാക്കിയ അഞ്ച് അമേരിക്കക്കാരെയും വിട്ടയക്കും. ഇതിന് പുറമെയാണ് 600 കോടി ഡോളര്‍ കൂടി വിട്ടുകൊടുക്കുന്നത്.
അമേരിക്കന്‍ തടവുകാരെ കൈമാറുന്നതിന് പകരമായിട്ടാണ് 600 കോടി ഡോളര്‍ വിട്ടുകൊടുക്കുന്നത് എന്നാണ് യുഎസ് മാധ്യമങ്ങളിലെ വാര്‍ത്ത. എന്നാല്‍ ഇറാന്‍ അധികൃതര്‍ ഇക്കാര്യം തള്ളുന്നു. പണം വിട്ടു തരുന്നതും തടവുകാരെ കൈമാറുന്നതും തമ്മില്‍ ബന്ധമില്ല എന്നാണ് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉപരോധത്തില്‍ ചില ഇളവ് നല്‍കിയാണ് അമേരിക്ക വിട്ടുവീഴ്ച ചെയ്യുന്നത്.
ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ ഇറാന് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താന്‍ സാധിക്കാതെ വന്നു. എണ്ണ വില്‍പ്പന നടത്തിയ വകയില്‍ കിട്ടേണ്ട കോടികള്‍ വിദേശരാജ്യങ്ങളില്‍ കെട്ടിക്കിടന്നു. ഈ തുക ഇറാന് കൈമാറാന്‍ വിദേശരാജ്യങ്ങള്‍ക്ക് വഴിയുണ്ടായിരുന്നില്ല.
ഇറാനില്‍ നിന്ന് എണ്ണ വാങ്ങിയതിന്റെ ഭാഗമായി ദക്ഷിണ കൊറിയ നല്‍കാനുള്ളത് കോടികളാണ്. ഇതില്‍ നിന്ന് 600 കോടി ഡോളറാണ് ഇപ്പോള്‍ ഇറാന് നല്‍കാന്‍ പോകുന്നത്. ഇറാനുമായി സാമ്പത്തിക ഇടപാട് നടത്തുന്നത് നേരത്തെ അമേരിക്ക വിലക്കിയിരുന്നു. ഇതില്‍ ഇപ്പോള്‍ ഇളവ് പ്രഖ്യാപിച്ച് ഉത്തരവിറക്കിയെന്നാണ് വാര്‍ത്ത.
ഇതോടെ ദക്ഷിണ കൊറിയക്ക് പണം ഇറാന് കൈമാറാന്‍ സാധിക്കും. എങ്കിലും മൂന്നാമതൊരു രാജ്യത്തിന് കൈമാറാമെന്നാണ് ചര്‍ച്ചയിലെ ധാരണ. ഇതുപ്രകാരം ദക്ഷിണ കൊറിയയില്‍ നിന്നുള്ള 600 കോടി ഡോളര്‍ ഖത്തറിന്റെ കേന്ദ്ര ബാങ്കിലേക്കാണ് മാറ്റുക. ഇറാന് ഈ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാം. തുക ആയുധ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇറാന്‍. ഈ വേളയില്‍ 600 കോടി ലഭിക്കുന്നത് വലിയ ആശ്വാസമാകും. ഇതിന് വഴിയൊരുക്കിയത് ഖത്തറിന്റെ ഇടപെടലാണ്. മരുന്ന്, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ പണം വിനിയോഗിക്കാന്‍ ഖത്തര്‍ അനുവദിക്കും. വിദേശരാജ്യങ്ങള്‍ മരവിപ്പിച്ച പണം ഇനിയുമുണ്ടെന്നും അതും വിട്ടു നല്‍കണമെന്നുമാണ് ഇറാന്റെ ആവശ്യം.












Click it and Unblock the Notifications