ഖത്തര്‍ ഞെട്ടിക്കുന്ന പ്രൊജക്ടുമായി വരുന്നു; സൗദിക്കും ഇറാനുമിടയില്‍ ഖനനം, വന്‍ ശക്തികള്‍ പിന്നാലെ
ദോഹ: ചെറിയ രാജ്യമാണെങ്കിലും ലോകത്തെ പ്രധാന ശക്തിയാണ് ഖത്തര്‍. നയതന്ത്ര ബന്ധങ്ങളിലെ ചടുലതയും മികച്ച സമ്പത്തുമാണ് ഖത്തറിനെ വ്യത്യസ്തമാക്കുന്നത്. വന്‍ ശക്തി രാജ്യങ്ങളായ അമേരിക്കയും ചൈനയും ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനും പരിഹരിക്കാന്‍ സാധിക്കാത്ത വിഷയങ്ങളാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ രമ്യതയിലെത്തുന്നത്. ഈ രാജ്യത്ത് പൗരന്മാരേക്കാള്‍ ഇരട്ടി വിദേശികളാണ് എന്ന പ്രത്യേകതയുമുണ്ട്.
ഖത്തറിന്റെ സാമ്പത്തിക വരുമാനം പ്രധാനമായും ക്രൂഡ് ഓയിലില്‍ നിന്നല്ല. പ്രകൃതി വാതകത്തില്‍ നിന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. അയല്‍രാജ്യമായ ഇറാനും സമാനമായ വാതകം കൈവശമുണ്ടെങ്കിലും ഉപരോധം കാരണം ഒതുങ്ങിപ്പോയി. ഇവിടെയാണ് ഖത്തര്‍ പ്രധാന രാജ്യങ്ങളുമായി ദീര്‍ഘകാലത്തെ കരാര്‍ ഒപ്പിട്ടതിന് പിന്നാലെ പുതിയ പ്രൊജക്ടുമായി എത്തുന്നത്...

2022ല്‍ റഷ്യ യുക്രൈന്‍ അധിനിവേശം തുടങ്ങിയത് നേട്ടമായി മാറിയ രാജ്യം കൂടിയാണ് ഖത്തര്‍. അതുവരെ വാതകത്തിന് വേണ്ടി റഷ്യയെ ആശ്രയിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ കൂട്ടത്തോടെ ഖത്തറിലേക്ക് വന്നു. യൂറോപ്പിലെ പ്രധാന രാജ്യമായ ജര്‍മനി ഖത്തറുമായി ദീര്‍ഘകാല കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഊര്‍ജ വിഷയത്തില്‍ യൂറോപ്പിനെ സഹായിക്കണം എന്ന് ഖത്തറിനോട് ആവശ്യപ്പെട്ടത് അമേരിക്കയും ബ്രിട്ടനുമാണ്.
ചൈന, റഷ്യ, അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍, ഇന്ത്യ തുടങ്ങി ലോകത്തെ പ്രധാന രാജ്യങ്ങളുമായെല്ലാം ഖത്തറിന് വാതക കരാറുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ വാതകം ആവശ്യപ്പെട്ട് എത്താന്‍ തുടങ്ങിയതോടെയാണ് ഖത്തര്‍ തങ്ങളുടെ വാതക ഖനനം വിപുലീകരിക്കാന്‍ തീരുമാനിച്ചത്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ഖത്തറിന്റെ വാതക പാടങ്ങള്‍. അടുത്ത വര്‍ഷം മുതല്‍ വിപുലീകരിച്ച ഖനനം തുടങ്ങുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു.
144 മെട്രിക് ടണ്ണിലേക്ക്, എന്താണ് എല്‍എന്‍ജി
നിലവില്‍ ഖത്തര്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്‍എന്‍ജി 77 മെട്രിക് ടണ്‍ ആണ്. ഒരു വര്‍ഷം കയറ്റുമതി ചെയ്യുന്ന കണക്കാണിത്. എന്നാല്‍ അടുത്ത വര്‍ഷം 110 മെട്രിക് ടണ്‍ കയറ്റി അയക്കാനാണ് പദ്ധതി. 2030 ആകുമ്പോള്‍ 142 മെട്രിക് ടണ്‍ എല്‍എന്‍ജി കയറ്റുമതി ചെയ്യും. ആ വേളയില്‍ ആഗോളതലത്തില്‍ പുതിയ എല്‍എന്‍ജി വിതരണത്തിന്റെ 40 ശതമാനം ഖത്തറിന് സ്വന്തമാകുമെന്നതാണ് നേട്ടം.
ചൈനയുടെ സിനോപാക് കമ്പനിയുമായി 2031 വരെയുള്ള വാതക കരാര്‍ ഖത്തറിനുണ്ട്. ഓരോ വര്‍ഷവും 20 ലക്ഷം മെട്രിക് ടണ്‍ വാതകം കൈമാറുമെന്നാണ് കരാര്‍. ചൈനയുടെ ഗുവാങ്‌ദോങ് എനര്‍ജി ഗ്രൂപ്പുമായി 2034 വരെയാണ് കരാര്‍. ഓരോ വര്‍ഷവും 10 ലക്ഷം മെട്രിക് ടണ്‍ വാതകം കൈമാറാം എന്നതാണ് ധാരണ. അതിന് പുറമെയാണ് ഇന്ത്യയുമായും ജര്‍മനിയുമായും കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. സൗദി അറേബ്യയ്ക്കും ഇറാനുമിടയിലുള്ള തന്ത്രപ്രധാന രാജ്യമാണ് ഖത്തര്‍ എന്നതും ഈ കൊച്ചുരാജ്യത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
എല്‍എന്‍ജി എന്നത് മീഥൈന്‍ വാതകമാണ്. വ്യവസായം, വൈദ്യുതി ഉല്‍പ്പാദനം, വാഹനങ്ങളിലെ ഉപയോഗം എന്നിവയ്ക്കാണ് ഇത് ആവശ്യം. പ്രകൃതി വാതകം തണുപ്പിച്ച് ദ്രാവക രൂപത്തിലാക്കി പൈപ്പ് ലൈന്‍ വഴിയും കപ്പല്‍ വഴിയുമാണ് ഇവ കയറ്റുമതി ചെയ്യുന്നത്. വായുവിനേക്കാള്‍ ഭാരം കുറവായതിനാല്‍ ചോര്‍ച്ച മൂലമുള്ള അപകട സാധ്യത കുറവാണ്. മറ്റു വാതകത്തേക്കാള്‍ താരതമ്യേമ ചെലവ് കുറവുമാണ്.












Click it and Unblock the Notifications