ഖത്തര്‍ രാജകുടുംബം ബ്രിട്ടനെ 'തൂക്കും'; ലണ്ടനില്‍ ആസ്തി വാങ്ങിക്കൂട്ടി അല്‍ത്താനിമാര്‍, ചാള്‍സ് പിന്നില്‍
ദോഹ/ലണ്ടന്‍: ലോകത്തെ പ്രധാന റിയല്‍ എസ്റ്റേറ്റ് വ്യവസായികളാണ് ഖത്തര്‍ രാജകുടുംബാംഗങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തും ഇവര്‍ക്ക് സ്വത്തുക്കളുണ്ട്. ഖത്തര്‍ ഭരണകൂടം നടത്തുന്ന വിദേശ നിക്ഷേപങ്ങള്‍ക്ക് പുറമെ, രാജകുടുംബത്തിലുള്ളവര്‍ സ്വന്തമായും വിദേശത്ത് ആസ്തികള്‍ വാങ്ങുന്നുണ്ട്. ലണ്ടന്‍ നഗരത്തിന്റെ വലിയൊരു ഭാഗം ഇപ്പോള്‍ ഖത്തര്‍ രാജകുടുംബമായ അല്‍ത്താനിമാരുടെ കൈവശമാണ്.
ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്വകാര്യ സ്വത്തിനേക്കാള്‍ ആസ്തി ലണ്ടനില്‍ അല്‍ത്താനിമാര്‍ക്ക് ഉണ്ടത്രെ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ലണ്ടനില്‍ സ്വത്തുക്കളുണ്ട് എന്ന് ജിബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനിലെ മെയ്ഫയര്‍ ഇപ്പോള്‍ കൊച്ചു ദോഹ എന്നാണ് അറിയപ്പെടുന്നത്.

ഹാരോദ്‌സിന്റെ പൂര്‍ണ ഉടമസ്ഥത ഖത്തര്‍ രാജകുടുംബത്തില്‍പ്പെട്ടവര്‍ക്കാണ്. ആഡംബര ഹോട്ടലുകളായ ബെര്‍ക്കെലെ, ക്ലാരിഡ്ജ്, കൊണാട്ട് എന്നിവയുടെ എല്ലാം ഉടമസ്ഥര്‍ ഖത്തറില്‍ നിന്നുള്ളവരാണ്. മെയ്ബൗണ്‍ ഹോട്ടല്‍ നടത്തുന്നത് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍ത്താനിയാണ്. യൂറോപ്പിലെ ഏറ്റവും വലിയ കെട്ടിടമായ ദി ഷാര്‍ദിന്റെ 95 ശതമാനം ഉടമസ്ഥാവകാശം അല്‍ത്താനിമാര്‍ക്കാണ്.
ലണ്ടനിലെ പ്രധാന ബിസിനസ് കേന്ദ്രമായ കനാരി വാര്‍ഫിന്റെ ഉടമസ്ഥരിലും അല്‍ത്താനിമാരുണ്ട്. പ്രശസ്തമായ ഹീബ്രു വിമാനത്താവളത്തിന്റെ 20 ശതമാനം ഓഹരി ഖത്തറിനാണ്. പ്രതിവര്‍ഷം എട്ട് കോടിയോളം യാത്രക്കാര്‍ എത്തുന്ന വിമാനത്താവളമാണിത്. ബ്രിട്ടനിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സയ്ന്‍സ്ബറിയുടെ 14.3 ശതമാനം ഓഹരിയും ഖത്തറിന്റേതാണ്.
ഖത്തര്‍ അമീറിന് മാത്രം 1.6 ബില്യണ്‍ പൗണ്ട് ആസ്തി
ലണ്ടനിലെ ഭൂസ്വത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തേക്കാള്‍ അധികം ഖത്തര്‍ രാജകുടുംബത്തിനുണ്ട്. 2.4 ബില്യണ്‍ പൗണ്ടിന്റെ ആസ്തിയാണ് ലണ്ടനില്‍ ഖത്തര്‍ രാജകുടുംബത്തിനുള്ളത്. അമീര്‍ ശൈഖ് തമീമിന് മാത്രമായി 1.6 ബില്യണ്‍ പൗണ്ടിന്റെ സ്വത്തുണ്ടത്രെ. ഇവര്‍ മാത്രമല്ല, ലോകത്തെ പല വ്യവസായികള്‍ക്കും ലണ്ടനില്‍ സ്വന്തമായി വസ്തുകവകകളുണ്ട്. മലയാളി വ്യവസായി എംഎ യൂസഫലിയും ഇതില്‍പ്പെടും.
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജകുടുംബങ്ങളിലൊന്നാണ് ഖത്തറിലെ അല്‍ത്താനി കുടുംബം. ഇവരുടെ ആസ്തി കൃത്യമായി കണക്കാക്കുന്ന രേഖകള്‍ ലഭ്യമല്ല. വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. മൊത്തം 335 ബില്യണ്‍ ഡോളറിനടുത്ത് ആസ്തിയുണ്ട് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ രാജകുടുംബം ആഢംബര വിമാനം സമ്മാനിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
ക്രൂഡ് ഓയിലിനേക്കാള്‍ പ്രകൃതി വാതകമാണ് ഖത്തറിനെ സമ്പന്നമാക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളുമായും മികച്ച നയതന്ത്ര ബന്ധം പുലര്‍ത്തുന്നു എന്നതും ഇവരുടെ പ്രത്യേകതയാണ്. പല തര്‍ക്ക വിഷയങ്ങളിലും മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ ശ്രമങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സൗദി സഖ്യ രാജ്യങ്ങള്‍ 2017ല്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ വളരെ വേഗത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ഖത്തറിന് സാധിച്ചത് അവരുടെ മികച്ച നയതന്ത്ര ബന്ധത്തിലൂടെ ആയിരുന്നു.












Click it and Unblock the Notifications