ഖത്തര്‍ അമീറുമായി നിര്‍ണായക ചര്‍ച്ച; ഇറാന്‍ മന്ത്രി ദോഹയില്‍, വിദഗ്ധ സംഘത്തെ അയക്കാന്‍ ധാരണ
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ അയവ് വരാത്ത സാഹചര്യത്തില്‍ ഇറാന്‍ ആഭ്യന്തര മന്ത്രി എസ്‌കന്തര്‍ മുമേനിയും സംഘവും ഖത്തറില്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും വ്യാപാരവും ശക്തിപ്പെടുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങളും ചര്‍ച്ചയായി. ഇറാന്‍ മന്ത്രി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായും ചര്‍ച്ച നടത്തി.
യുദ്ധം തുടങ്ങിയ വേളയില്‍ ഖത്തറിലെ അമേരിക്കന്‍ താവളത്തില്‍ ആക്രമണം നടത്താന്‍ എത്തിയ ഇറാന്റെ പൈലറ്റുമാരെ കാണാതായിരുന്നു. ഇവര്‍ ഖത്തറിന്റെ കസ്റ്റഡിയില്‍ ഉണ്ട് എന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ഖത്തര്‍ നിഷേധിക്കുന്നു. കടലില്‍ വീണിട്ടുണ്ടാകാമെന്നും കരുതപ്പെടുന്നു. ഇക്കാര്യത്തില്‍ വിശദ പരിശോധനയ്ക്ക് ഇറാന്റെ വിദഗ്ധ സംഘത്തെ ഖത്തറിലേക്ക് അയക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി.

സംഘടിത കുറ്റകൃത്യങ്ങള്‍ തടയല്‍, തീരസേനകള്‍ തമ്മിലുള്ള സഹകരണം, സുരക്ഷ, മയക്കുമരുന്ന് കടത്ത് തടയല്‍, വ്യാപാരം വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ചയായി എന്ന് ഇറാന്‍ മന്ത്രി പറഞ്ഞു. ഖത്തറിന്റെയും ഇറാന്റെയും വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി വൈകാതെ യോഗം ചേരും. കാണാതായ പൈലറ്റുമാര്‍ക്കായുള്ള തിരച്ചില്‍ ഇവര്‍ ചര്‍ച്ച ചെയ്യും. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകള്‍ നടപ്പാക്കുന്നതും ഇവരുടെ മേല്‍നോട്ടത്തിലാകും.
ഖത്തറും ഇറാനും തമ്മിലുള്ള വിസാ നടപടികളുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ നടത്താനും ധാരണയായി. ഇറാനില്‍ നിന്നുള്ള നിരവധി ഉള്‍പ്പന്നങ്ങള്‍ ഖത്തറിലെത്തുന്നുണ്ട്. ഇവയുടെ ഗുണമേന്മ ഖത്തര്‍ പ്രശംസിച്ചു എന്ന് ഇറാന്റെ ആഭ്യന്തര മന്ത്രി പറഞ്ഞു. ഖത്തറും പാകിസ്താനും മേഖലയില്‍ സമാധാനം പുലരാന്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഇറാന്‍ അഭിനന്ദിച്ചു. മേഖലയില്‍ സുസ്ഥിരത വേണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
അമീരി ദിവാനിലെ ഓഫീസിലായിരുന്നു ഇറാന്‍ മന്ത്രിയും ഖത്തര്‍ അമീറും തമ്മിലുള്ള ചര്‍ച്ച. മേഖലയിലെ രാഷ്ട്രീയ മാറ്റങ്ങളും സുരക്ഷാ കാര്യങ്ങളുമാണ് പ്രധാനമായും ചര്‍ച്ചയായത്. പശ്ചിമേഷ്യയിലെ സുരക്ഷ വളരെ പ്രധാനമാണ് എന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ത്താനി, ചീഫ് ഓഫ് അമീരി ദിവാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫിയും ചര്‍ച്ചയില്‍ സംബന്ധിച്ചു.
പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. അമേരിക്ക ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന്‍ ആദ്യം തിരിച്ചടിച്ചത് ഖത്തറില്‍ ആയിരുന്നു. മാര്‍ച്ച് ആദ്യത്തില്‍ നടത്തിയ ആക്രമണത്തിനിടെയാണ് ഇറാന് പൈലറ്റുമാരെ നഷ്ടമായത്. ഖത്തര്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഇറാന്റെ യുദ്ധ വിമാനം അന്ന് തകര്‍ന്നു വീണു എന്നും വാര്‍ത്തകളുണ്ടായിരുന്നു.


Click it and Unblock the Notifications
