റഷ്യയ്ക്ക് ഖത്തറിന്റെ പിന്തുണ; അമീര്‍ ശൈഖ് തമീം പ്രസിഡന്റ് പുടിനുമായി സംസാരിച്ചു
ദോഹ: വാഗ്നര്‍ കൂലിപ്പട്ടാളം നടത്തിയ കലാപ നീക്കത്തിന് പിന്നാലെ റഷ്യയ്ക്ക് പിന്തുണയുമായി ഖത്തര്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ടെലിഫോണില്‍ സംസാരിച്ചു. ഇരുരാജ്യങ്ങളും നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത നേതാക്കള്‍ സഹകരണം ശക്തമാക്കി മുന്നോട്ട് പോകാന്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ട്.
റഷ്യയെ ഒറ്റപ്പെടുത്താന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ മറിച്ചുള്ള സമീപനം. സൗദി അറേബ്യയും യുഎഇയും റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. തൊട്ടുപിന്നാലെയാണ് ഖത്തര്‍ അമീര്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയത്.

ഗള്‍ഫ് രാജ്യങ്ങളുടെ വിദേശ നയം അമേരിക്കയെ ചൊടിപ്പിക്കുന്നതാണ്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു എങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ മുഖം തിരിച്ചുനില്‍ക്കുകയാണ്. മാത്രമല്ല, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുമുണ്ട്. സാമ്പത്തിക ഭദ്രത ശക്തമാക്കാന്‍ പല തന്ത്രങ്ങളും റഷ്യ പയറ്റുന്നതിനിടെയായിരുന്നു വാഗ്നര്‍ ഗ്രൂപ്പിന്റെ കലാപ ശ്രമം.
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്ക് പട നയിച്ച കലാപകാരികള്‍ പിന്നീട് പിന്തിരിയുകയായിരുന്നു. പുടിന്‍ ചരിത്രത്തിലെ വലിയ വെല്ലുവിളിയാണ് നേരിട്ടത് എന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. കലാപകാരികള്‍ പിന്തിരിഞ്ഞതോടെ ആശങ്ക ഒഴിഞ്ഞിട്ടുണ്ട്. തൊട്ടുപിന്നാലെയായിരുന്നു ഖത്തര്‍ അമീര്‍ പുടിനുമായി സംസാരിച്ചത്.
എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. യുക്രൈന്റെ പരമാധികാരം അംഗീകരിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടുവെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 16 മാസമായി റഷ്യയും യുക്രൈനും യുദ്ധത്തിലാണ്. റഷ്യയ്‌ക്കെതിരെ ഇതുവരെ അറബ് രാജ്യങ്ങള്‍ പരസ്യമായി രംഗത്തുവന്നിട്ടില്ല എന്ന് മാത്രമല്ല, പല നേതാക്കളും റഷ്യയുമായി സഹകരണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയോട് കൂറുപുലര്‍ത്തുന്ന നിലപാടാണ് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഇതില്‍ മാറ്റംവന്നിട്ടുണ്ട്. അമേരിക്കയോടും റഷ്യയോടും സമദൂരം പാലിക്കുകയാണ് ഗള്‍ഫ്. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം സൗദിയും യുഎഇയും ഖത്തറും റഷ്യയുമായി സഹകരണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മാത്രമല്ല, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി സഹകരിക്കുന്നതാണ് ഗള്‍ഫിലെ പുതിയ വിദേശനയം.












Click it and Unblock the Notifications