ഖത്തര്‍ രുചിമേളം ഒരുക്കുന്നു; ദോഹയില്‍ ഇന്ത്യന്‍ മാമ്പഴങ്ങള്‍ നിറയും, അപൂര്‍വ അവസരം
ദോഹ: ഇന്ത്യന്‍ മാമ്പഴത്തിന്റെ രുചി മേളം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍. പ്രൈവറ്റ് എഞ്ചിനിയറിങ് ഓഫീസ് സെലബ്രേഷന്‍ കമ്മിറ്റി ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നാണ് ഹംബ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രദര്‍ശനം വലിയ വിജയമായതിനാലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും രുചിയൂറം ഇന്ത്യന്‍ മാങ്ങകള്‍ അണിനിരത്തുന്നത്.
ജൂണ്‍ 12 മുതല്‍ 21 വരെ പത്ത് ദിവസം നീളുന്ന മാങ്ങ പ്രദര്‍ശനം സൂഖ് വാഖിഫിലാണ്. കഴിഞ്ഞ വര്‍ഷം ഖത്തറിലെയും ഇന്ത്യയിലേയും നിരവധി വ്യാപാര-കയറ്റുമതി കമ്പനികള്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വ്യത്യസ്തമായ മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിന് എത്തുക. ഖത്തര്‍ വിപണിയില്‍ അത്ര സുപരിചിതമല്ലാത്ത മാങ്ങകളും ഇത്തവണ പ്രദര്‍ശനത്തിന് എത്തും.

മാങ്ങകള്‍ മാത്രമല്ല, മാങ്ങ വിഭവങ്ങളും പ്രദര്‍ശനത്തിന് ഉണ്ടാകുമെന്നതാണ് എടുത്തു പറയേണ്ടത്. വിവിധ ജ്യൂസുകളും മധുര പലഹാരങ്ങളും ഇതില്‍പ്പെടും. പ്രദര്‍ശന സ്ഥലം പൂര്‍ണമായും ശീതീകരിക്കുമെന്ന് ജനറല്‍ സൂപ്പര്‍വൈസര്‍ ഖാലിദ് സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. മാങ്ങ കേടുവരില്ലെന്ന്് ഉറപ്പാക്കാനാണിത്. സാധാരണ ഇന്ത്യയില്‍ നിന്ന് വരുന്ന മാമ്പഴങ്ങള്‍ക്ക് പുറമെ അപൂര്‍വ തരം മാങ്ങകളും പ്രദര്‍ശനത്തിന് വേണ്ടി മാത്രമായി ഇറക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും വന്‍തോതില്‍ കാഴ്ചക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ സുവൈദി പറഞ്ഞു. മാമ്പഴ വ്യാപാരികള്‍, മാങ്ങ ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ എന്നിവരെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാകും. വിപണി കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എല്ലാ ദിവസവും വൈകീട്ട് നാല് മുതല്‍ ഒമ്പത് മണി വരെയാണ് പ്രദര്‍ശനം. അവധി ദിവസങ്ങളില്‍ രാത്രി പത്ത് മണി വരെ നീളും. കൂടുതല്‍ പേര്‍ എത്തുമെന്ന വിശ്വാസത്തിലാണ് അവധി ദിവസങ്ങളില്‍ സമയം നീട്ടിയിരിക്കുന്നത്. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. അതുകൊണ്ടുതന്നെ വലിയ തിരക്ക് പ്രദര്‍ശന സ്ഥലത്ത് പ്രതീക്ഷിക്കുന്നു.
ആദ്യം ദിനങ്ങളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തണമെന്ന് സംഘാടകര്‍ പറയുന്നു. അവസാന ദിനങ്ങളിലേക്ക് അടുക്കുമ്പോഴേക്കും വ്യത്യസ്തമായ മാങ്ങകള്‍ വിറ്റുപോകാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനം വലിയ വിജയമായതിനാലാണ് ഈ വര്‍ഷവും സംഘടിപ്പിക്കുന്നതെന്ന് അല്‍ സുവൈദി പറഞ്ഞു. ഈ വര്‍ഷം കൂടുതല്‍ ആകര്‍ഷമാകുംവിധമാണ് പരിപാടി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications