ലോകം തകരുമെന്ന് മുന്നറിയിപ്പ് നല്‍കി ഖത്തര്‍; രണ്ട് നിര്‍ദേശം വച്ചു, എണ്ണവില കുതിച്ചുയരുന്നു
പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിച്ചില്ലെങ്കില്‍ ലോകത്തെ വ്യവസായ മേഖല പൂര്‍ണമായും തകരുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍. യുദ്ധത്തിന്റെ കെടുതി എല്ലാ രാജ്യങ്ങളും അനുഭവിക്കുന്ന പശ്ചാത്തലം സൂചിപ്പിച്ചാണ് ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരിയുടെ പ്രതികരണം. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ഒറ്റയടിക്ക് അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ഘട്ടങ്ങളായുള്ള നടപടിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹോര്‍മുസ് കടല്‍പാത പൂര്‍ണമായും തുറക്കുന്നതിനാണ് ഖത്തര്‍ ആദ്യ പരിഗണന നല്‍കുന്നത്. പാത സജീവമായാല്‍ ചരക്കുഗതാഗതം എളുപ്പമാകും. ഇതോടെ ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണര്‍വുണ്ടാകും. പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കുമെന്നും ഖത്തര്‍ സൂചിപ്പിക്കുന്നു. രണ്ടാമത് ആക്രമണം ഇനിയും ഉണ്ടാകില്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും മാജിദ് അല്‍ അന്‍സാരി പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന പ്രധാന രാജ്യമാണ് ഖത്തര്‍. യുദ്ധം കാരണം വലിയ സാമ്പത്തിക ഞെരുക്കം ഖത്തര്‍ നേരിടുന്നുണ്ട്. ഹോര്‍മുസ് പാത തുറക്കുകയും ചരക്കുഗതാഗതം ശക്തിപ്പെടുകയും ചെയ്താല്‍ മാത്രമേ ഖത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടൂ. ഖത്തര്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസവും ഇറാനിലെത്തി ചര്‍ച്ചകള്‍ നടത്തി. ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ ഇറാന്‍ അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, ഇറാനില്‍ ആക്രമണം ശക്തമാക്കുമെന്ന് അമേരിക്കയും ഉപരോധം കടുപ്പിച്ചാല്‍ അമേരിക്കയുടെ എണ്ണ-ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ക്രൂഡ് ഓയില്‍ വില കുതിക്കുന്നതും ഈ സാഹചര്യത്തിലാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 97 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. യുദ്ധത്തില്‍ ഇറാനെ അമേരിക്ക പരാജയപ്പെടുത്തിയാല്‍ എണ്ണവില കുറയുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറയുന്നു.
ഉപരോധം ശക്തമാക്കിയാല്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ ആക്രമിക്കുമെന്നാണ് ഇറാന്‍ ബ്രിഗേഡിയര്‍ ജനറല്‍ മാജിദ് ഇബ്‌നു റസ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയുടെ എല്ലാ കപ്പലുകളും ആക്രമിക്കാന്‍ സാധിക്കുന്ന ദൂരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഖത്തര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുമെന്ന സൂചനയാണ് പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത്.
ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയില്‍ അമേരിക്കയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന നിലപാടാണ് ഖത്തറിന്. വിശാലമായ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്നും എല്ലാ രാജ്യങ്ങളും ശക്തരാകണം എന്നും ഖത്തര്‍ പറയുന്നു. സൗദി അറേബ്യയും പാകിസ്താനും തുര്‍ക്കിയും പ്രതിരോധ സഖ്യമുണ്ടാക്കിയ സാഹചര്യത്തിലാണ് ഖത്തറിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഹോര്‍മുസ് തുറക്കുക, ഇനിയും യുദ്ധം ശക്തമാകുന്നത് ഒഴിവാക്കുക എന്നീ രണ്ട് ദൗത്യത്തില്‍ ഊന്നിയാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍.




Click it and Unblock the Notifications
