ഖത്തര്‍ ഗ്യാസ്, സൗദി-യുഎഇ എണ്ണ, ഇസ്രായേല്‍; വന്‍ ലക്ഷ്യത്തോടെ ഇറാന്‍, തൊട്ടാല്‍ തകര്‍ക്കും
തെഹ്‌റാന്‍: അമേരിക്ക ഇറാനെതിരെ വന്‍ ആക്രമണത്തിന് ഒരുങ്ങുന്നു എന്ന വിവരം വന്ന പിന്നാലെ തിരിച്ചടിക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക പുറത്ത്. പശ്ചിമേഷ്യയിലെ പൗരന്മാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്. യുദ്ധം ശക്തമാകുമെന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നു. വിമാനങ്ങള്‍ തടസപ്പെട്ടേക്കാമെന്നും സൂചനയുണ്ട്.
ഇറാന് ശക്തമായ പ്രഹരമേല്‍പ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുന്നതാണെങ്കിലും പുതിയ വന്‍ നീക്കം നടക്കാന്‍ പോകുന്നതിന്റെ സൂചനയാണ് പൗരന്മാര്‍ക്ക് നല്‍കിയത് എന്നാണ് വിലയിരുത്തല്‍. ഈ വേളയിലാണ് ഇറാനിലെ തസ്‌നിം ന്യൂസ് തിരിച്ചടിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്രങ്ങള്‍ പരസ്യമാക്കിയത്.

അമേരിക്ക ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇറാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നീങ്ങുമെന്ന് അഭ്യൂഹമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന എണ്ണ, വാതക കേന്ദ്രങ്ങളാണ് ഇറാന്‍ ലക്ഷ്യമിടുക.
സൗദി അറേബ്യയിലെ ഗവാര്‍ എണ്ണപ്പാടം ഇറാന്റെ ലിസ്റ്റിലുണ്ട്. ലോകത്ത് അഞ്ച് ശതമാനം എണ്ണ എത്തിക്കുന്നത് ഇവിടെ നിന്നാണ്. കൂടാതെ അബ്‌ഖൈഖ്, ഖുറൈസ് കേന്ദ്രങ്ങള്‍. ഈ രണ്ട് ഇടങ്ങളില്‍ നിന്നായി ഓരോ ദിവസവും 70 ലക്ഷം ബാരല്‍ എണ്ണയാണ് സൗദി ഉല്‍പ്പാദിപ്പിക്കുന്നത്. യുഎഇയിലെ സകും എണ്ണപ്പാടം, റുവൈസ് റിഫൈനറി എന്നിവയാണ് ഇറാന്‍ ലക്ഷ്യമിടുക.
ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഇസ്രായേല്‍
ഖത്തറിലെ നോര്‍ത്ത് ഫീല്‍ഡ്, റാസ് ലഫാന്‍ എന്നീ വാതക കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ലോകത്തെ മൊത്തം എല്‍എന്‍ജി വ്യാപാരത്തില്‍ 20 ശതമാനം ഖത്തറിലെ ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നാണ്. കുവൈത്തിലെ ബര്‍ഗാന്‍ എണ്ണ കേന്ദ്രം, ബഹ്‌റൈനിലെ സിത്ര റിഫൈനറി, അല്‍ മഹ്‌റാജ്, ഇസ്രായേലിലെ ലെവിയാത്തന്‍, തമര്‍ വാതക പാടങ്ങളും ഇറാന്‍ ആക്രമിക്കും.
അമേരിക്ക ആക്രമിച്ചാല്‍ വ്യാപകമായ തിരിച്ചടിയാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന് ഇറാന്റെ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ തുടങ്ങിയ ആദ്യ 40 ദിവസം നടത്തിയ തിരിച്ചടിയും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ഡൊണാള്‍ഡ് ട്രംപ് ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
എങ്കിലും അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ടത് ഒരു സൂചനയായി കാണുന്നു. പശ്ചിമേഷ്യ വിട്ടുപോരാനോ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാനോ ആണ് നിര്‍ദേശം. വിമാന സര്‍വീസുകള്‍ തടസപ്പെട്ടേക്കാമെന്ന സൂചനയും ഇതിലുണ്ട്. അമേരിക്കയും സൗദി അറേബ്യയും സംയുക്തമായി ഇറാഖില്‍ ആക്രമണം നടത്തിയതും യുദ്ധത്തിന്റെ വ്യാപനമാണ് സൂചിപ്പിക്കുന്നത്.




Click it and Unblock the Notifications