ഖത്തര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; ഉടന്‍ ബന്ധപ്പെടണം, സമയം കഴിഞ്ഞാല്‍ പണം കിട്ടില്ല
ദോഹ: ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം 12 ദിവസത്തോളമാണ് നീണ്ടത്. ഇസ്രായേല്‍ തുടക്കമിട്ട യുദ്ധത്തില്‍ ഇറാന്‍ തിരിച്ചടിച്ചതോടെ ഇരുഭാഗത്തും വലിയ നഷ്ടമുണ്ടായി. ഇറാനില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഇസ്രായേലില്‍ വലിയ നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഖത്തറും അമേരിക്കയും നടത്തിയ മധ്യസ്ഥ ശ്രമം ഒടുവില്‍ ഫലം കാണുകയായിരുന്നു.
അമേരിക്ക കൂടി ഇറാനെതിരെ ആക്രമണം നടത്തിയത് യുദ്ധം വ്യാപിക്കുമോ എന്ന് ഒരുവേള ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിനുള്ള മറുപടി നല്‍കിയാണ് ഇറാന്‍ യുദ്ധം നിര്‍ത്താന്‍ സമ്മതിച്ചത്. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തിയായിരുന്നു ഇറാന്റെ അവസാന തിരിച്ചടി. ഇതില്‍ നഷ്ടം നേരിട്ടവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍....

ഖത്തര്‍ പൗരന്മാര്‍, താമസക്കാര്‍ തുടങ്ങി നഷ്ടം നേരിട്ട എല്ലാവര്‍ക്കും ആശ്വാസധനം അനുവദിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദോഹയോട് ചേര്‍ന്നുള്ള അല്‍ ഉദൈദ് വ്യോമതാവളത്തിലാണ് അമേരിക്കന്‍ സൈനികര്‍ തമ്പടിക്കുന്നത്. ഇറാന്റെ ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് യുഎസ് സൈനികര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയിരുന്നു. വിമാനങ്ങള്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
അതുകൊണ്ടുതന്നെ അമേരിക്കന്‍ സൈനികര്‍ക്കോ സൈനിക ഉപകരണങ്ങള്‍ക്കോ നഷ്ടം നേരിട്ടിട്ടില്ല. ഇറാന്റെ മിസൈല്‍ വ്യോമതാവളത്തില്‍ കനത്ത നഷ്ടമുണ്ടാക്കിയതുമില്ല. ഇതിന് കാരണം ഇറാന്റെ മിസൈലുകള്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് തന്നെ ആകാശത്ത് വച്ച് വെടിവച്ചിടുകയായിരുന്നു. ഇങ്ങനെ വെടിവച്ചിട്ട മിസൈലുകളുടെ ചീളുകള്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് പതിച്ചത്.
നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ചു
ഇങ്ങനെ നഷ്ടം നേരിട്ടവര്‍ക്കാണ് ഖത്തര്‍ ഭരണകൂടം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചത് കാരണം ചില താമസ കേന്ദ്രങ്ങളില്‍ നഷ്ടമുണ്ടായി എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മിസൈല്‍ ഭാഗങ്ങള്‍ വീണുകിടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. നഷ്ടം നേരിട്ടവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്നാണ് പുതിയ നിര്‍ദേശം.
ആക്രമണം നടന്ന തൊട്ടടുത്ത ദിവസം ഖത്തര്‍ ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങളുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു. ഈ വേളയില്‍ രേഖയുടെ ഭാഗമായവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖയില്‍ പെടാത്ത നഷ്ടം നേരിട്ടവര്‍ക്കും ആശ്വാസ ധനം ലഭിക്കും. അതിന് അവര്‍ അപേക്ഷ സമര്‍പ്പിക്കണം. മിത്രാഷ് ആപ്പ് വഴിയാണ് രണ്ട് ദിവസത്തിനകം അപേക്ഷ നല്‍കേണ്ടത്.
സഹായധനം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകം അപേക്ഷ സമര്‍പ്പിച്ചവരെ മാത്രമാണ് നഷ്ടപരിഹാരം നല്‍കാന്‍ തിരഞ്ഞെടുക്കുക. വാഹനങ്ങള്‍, വീടുകള്‍, താമസ കേന്ദ്രങ്ങള്‍ തുടങ്ങി എന്തെല്ലാം നഷ്ടം വന്നു എന്ന് വ്യക്തമായ രേഖ കാണിക്കണം. സമയപരിധി കഴിഞ്ഞിട്ടും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് നഷ്ടപരിഹാരം കിട്ടില്ല എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications